ലിപി

New Venture…Support And Promote.Need your blessings and advice..

“ലിപി” വെറും എഴുത്തുകുത്തുകളല്ല…മനസിൽ കുറിച്ചിടേണ്ടവയാണ്…ഇവിടെ ഓരോ അക്ഷരങ്ങൾക്കും ചോദിയ്ക്കാൻ അനവധി ചോദ്യങ്ങളുണ്ട്, ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമുണ്ട്..ലിപി നിങ്ങളെ ചിന്തിപ്പിച്ചേയ്ക്കാം..ചില ചിന്തകളൊക്കെ തിരുത്തിയെന്നും വരാം…വാക്കുകൾ സംസാരിയ്ക്കുന്നിടത്താണ് ചരിത്രം എഴുതപ്പെടുന്നത്..അവിടെയാണ് മാറ്റം സൃഷ്ടിയ്ക്കപ്പെടുന്നത്…ലിപി നിങ്ങൾക്കുള്ളതാണ്…,നിങ്ങൾക്ക് കൂട്ടിച്ചേർക്കാനുള്ളതാണ്….
Page Link Is Shown Below

https://www.facebook.com/write2react/

Advertisements

​ലജ്ജ _തസ്ലീമ നസ്രിൻ

വാക്കിന്റെ മൂർച്ചയും, എഴുത്തിന്റെ ശക്തിയും…തൂലിക കൊണ്ട് അങ്കം കുറിച്ച് ചരിത്രത്തിലിടം നേടിയ സുപ്രസിദ്ധ സാഹിത്യകാരി തസ്ലീമ നസ്റിന്റെ “ലജ്ജ” ലോകസാഹിത്യത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന കൃതിയാണ്.1992ൽ ഡിസംബർ 6ന് ഹിന്ദു തീവ്രവാദികൾ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തു.ബംഗ്ളാദേശിലെ മുസ്ലിം തീവ്രവാദികൾ പകരം അവരുടെ നാട്ടിലെ ക്ഷേത്രങ്ങൾ തച്ചുടക്കാനും അവിടത്തെ ഹിന്ദുക്കളെ കൊല്ലുവാനും തുടങ്ങി.ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ച കൊണ്ട് എഴുതിതീർത്ത നോവൽ ആണിത്…
    ബംഗ്ളാദേശിലെ ലഹളയിൽ ജീവിതത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടുപോയ സുധാമൊയ്‌ എന്ന ഒരു സാധാരണക്കാരന്റെയും കുടുംബത്തിന്റെയും വേദനാജനകമായ യാതനകൾ വായനക്കാരന്റെ ഉള്ളിൽ ആഴത്തിൽ പതിയ്ക്കുന്നു.അനേകായിരങ്ങളെ പോലെ ഇന്ത്യയിലേക്ക് പലായനം ചെയ്ത് രക്ഷപ്പെടാൻ താൻ ഒരുക്കമല്ലെന്നു തീർത്തു പറയുന്ന സുധാമൊയിലൂടെ തസ്ലീമ വരച്ചുകാണിയ്ക്കുന്നത് ജന്മനാടിനോട് ഒരുവന് ഉണ്ടായിരിക്കേണ്ട വൈകാരികമായ ആത്മബന്ധത്തെയാണ്..ഒരു തെറ്റും ചെയ്യാത്ത താൻ എന്തിന് കുറ്റവാളിയെ പോലെ നാടുവിടണം എന്ന അദ്ദേഹത്തിന്റെ ചോദ്യം, മതതീവ്രവാദത്തിന്റെ ആഴത്തിൽ പടർന്ന വേരുകൾ മൂലം വിള്ളലുകൾ സൃഷ്ടിയ്ക്കപ്പെടുന്ന നിരപരാധികളായ സാധാരണക്കാരുടെ ജീവിതത്തിന്റെ അസന്തുലിതാവസ്ഥയെ വ്യക്തമായി ചൂണ്ടിക്കാണിയ്ക്കുന്നു..

                     13 ദിവസത്തെ അനുഭവങ്ങളിലൂടെ തസ്ലീമ എഴുതിക്കാട്ടുന്നത് മതതീവ്രവാദത്തിന്റെ ഭീകരത മാത്രമല്ല, മറിച്ച് ഒട്ടും സുരക്ഷിതമല്ലാത്ത സ്ത്രീ ജീവിതത്തിന്റെ നേർരേഖകൾ കൂടിയാണ്. ഒരു മതഭ്രാന്തനാൽ പിച്ചിച്ചീന്തപ്പെട്ട മായ എന്ന പെൺകുട്ടിയുടെ മരിയ്ക്കാത്ത ഓർമകൾ വായന അവസാനിപ്പിച്ചാലും വായനക്കാരനെ വിടാതെ പിൻതുടരുന്നു. അതിന്റെ പ്രതികാരത്താൽ സ്വയം മറന്ന് സമചിത്തത നഷ്ടമായി പലതും ചെയ്ത് കൂട്ടുന്ന സുരഞ്ജൻ എന്ന സഹോദരനെ ഇതിലും ഹൃദയസ്പർശിയായി എഴുതിക്കാണിയ്ക്കുക അസാധ്യം.

               നോവൽ ഉടനീളം ഒരു സാധാരണ എഴുത്തുകാരിയുടെ മികവ് അല്ല, മറിച്ച് സമൂഹത്തിൽ വിളയാടുന്ന തിന്മ സ്വയമറിഞ്ഞു വിങ്ങുന്ന, പ്രതികരിയ്ക്കാൻ ശക്തിയാർജിയ്ക്കുന്ന ഒരു അസാധാരണ വ്യക്തിത്വത്തിന്റെ കയ്യൊപ്പ്…സ്വന്തം ജീവൻ പണയം വച്ചെഴുതിയ ഈ രാഷ്ട്രീയ നോവലിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്നു.വധഭീഷണി നേരിടേണ്ടി വന്ന എഴുത്തുകാരി ജന്മനാട് വിടേണ്ടി വന്നു.എന്നാൽ ഇതൊന്നും തളർത്താത്ത ആത്മധൈര്യത്തിന്റെയും ചങ്കുറപ്പിന്റെയും ആൾരൂപമായി തസ്ലീമ വായനക്കാരെ അതിശയിപ്പിയ്ക്കുന്നു..ഹൃദയം കൊണ്ടെഴുതിയ കൃതിയാണിത്..,ഹൃദയത്തിൽ സൂക്ഷിക്കേണ്ടത്…

ഒരേമുഖം


​ഒരു പഴയകാല കലാലയജീവിതത്തിന്റെ തനിമ ചോരാത്ത അവതരണം…പ്രണയവും സൗഹൃദവുമെല്ലാം ഇടചേർന്നു കോറിയിട്ടൊരു മനോഹരമായ കഥ…രണ്ടു വൈരുദ്ധ്യഭാവങ്ങളിലെത്തി മനസ്സിൽ വലിയൊരിടം നേടിയ “സക്കറിയ പോത്തൻ” ആയി ധ്യാൻ ശ്രീനിവാസൻ..”ചിലരുടെ കണ്ണുകൾ…ചിലരുടെ ആ ചിരി…”ഒത്തിണങ്ങിയ നായികാവേഷത്തിൽ പ്രയാഗ മാർട്ടിൻ..തുടക്കം മുതലൊടുക്കം വരെ പ്രേക്ഷകരെ “ഇനിയെന്ത്” എന്നൂഹിക്കാൻ വിടാത്ത മുഴുനീളൻ ട്വിസ്റ്റുകൾ…ശക്തമായ ബന്ധങ്ങൾക്കു പിന്നിലൊളിഞ്ഞിരിക്കുന്ന ഹൃദയഭേദകമായ ചതിയുടെ കഥ…ആരും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സും…കാണേണ്ട സിനിമ…കണ്ടിരിക്കേണ്ട സിനിമ..A kind of film I love to watch over and over…😍😍😍

കേരളപ്പിറവി ദിനാശംസകൾ…

​തുഞ്ചനും കുഞ്ചനും വാഴ്ത്തിയ നാട്…നിളയും പെരിയാറും സിരയിലൂടൊഴുകുന്ന നാട്… പഴശ്ശിരാജയും തലയ്ക്കൽ ചന്തുവുമെല്ലാം പൊരുതി ധീരമൃത്യു വരിച്ച നാട്…14 സംസ്കാരങ്ങൾ,14 ഭാഷാശൈലികൾ,14 കാലാവസ്ഥകൾ,14 ഭക്ഷണരീതികൾ…ദൈവത്തിന്റെ സ്വന്തം നാട്,ഒരൊറ്റ കേരളം….എല്ലാ മലയാളികൾക്കും കേരളപ്പിറവി ദിനാശംസകൾ…. 🙂

കർണൻ

രണ്ട് മാസത്തെ അവധിയുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒന്ന് മനസിൽ ഉറപ്പിച്ചിരുന്നു.ജീവിതത്തിലെ ഏറ്റവും മികച്ച ഒരു പിടി പുസ്തകങ്ങളുടെ ഓർമകളുമായെ തിരികെ പോവുള്ളൂ എന്ന്.അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീ ശിവാജി സാവന്തിൻറെകർണൻ” ശ്രദ്ധയിൽപ്പെടുന്നത്.ഭാരതീയ ജ്ഞാനപീഠത്തിൻറെ 1995 ലെ മൂർത്തിദേവി പുരസ്കാരത്തിനർഹമായ “മൃത്യുഞ്ജയം” എന്ന ഈ കൃതിയെ ഡോ.പി.കെ ചന്ദ്രനും ഡോ.ടി.ആർ ജയശ്രീയും ചേർന്ന് വിവർത്തനം ചെയ്തിരിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം ഇതിൻറെ വായന ഒരു പുതിയ അനുഭവമായിരുന്നു.വായിച്ചതിൽ വച്ചു ഏറ്റവും നല്ല കൃതി എന്നൊന്നും പറയുന്നില്ല,എങ്കിലും ഇത്രയധികം എന്നെ സ്വാധീനിച്ചിട്ടുള്ള മറ്റൊന്നും ഈ അടുത്ത കാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല,സത്യം.

മഹാഭാരതം അന്നും ഇന്നും എന്നെ ഏറെ ആകർഷിച്ചിരുന്നു.അതിലെ കഥാപാത്രങ്ങൾ എന്നും മനസിലെ നായകന്മാരും ആയിരുന്നു.അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു അർജുനൻ.പലപ്പോഴും അമ്മയുമായി ഞാൻ വഴക്കിടാറു പോലും ഉണ്ടായിരുന്നു,അർജുനൻ കർണനേക്കാൾ മികച്ച ആളാണെന്നു പറഞ്ഞുകൊണ്ട്.അപ്പോഴൊക്കെ കർണൻ എൻറെ മനസിൽ ആരായിരുന്നു?പ്രപഞ്ചത്തിനു മുഴുവൻ പ്രകാശം പകരുന്ന സാക്ഷാൽ സൂര്യദേവൻറെ പുത്രനായിരുന്നിട്ടും,വിധി ഇരുട്ടിലാക്കിയ ധീരയോദ്ധാവ്.ജീവിതകാലം മുഴുവൻ തൻറെ ശക്തിയും,യുക്തിയും,കഴിവുകളും “സൂതപുത്രൻ” എന്ന അപമാനത്തിൽ അടിച്ചമർത്തപ്പെട്ട കർണൻ.എന്നാൽ കർണൻ ഇതിനുമപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു.അത്യന്തം വേദനാജനകവും,നാടകീയവുമായ കർണൻറെ ജീവിതകഥ ഇതിലും നന്നായി അവതരിപ്പിക്കുക അസാധ്യം.

മഹാഭാരതം കേവലം ഒരു പുരാണകഥയല്ല,ഭാരതീയ ചരിത്രാതീത കാലഘട്ടത്തിൻറെ ലഭ്യമായ ചരിത്രമാണ് എന്ന് സാവന്ത് പറയുന്നു.ദൈവികമായ കഴിവുകളും മാംസള കുണ്ഡലവും അസ്ത്രമേൽക്കാത്ത തൊലിയും കവചവും മറ്റും കർണ്ണനെ അമാനുഷികനാക്കി ദൂരെ മാറ്റിനിർത്തുന്നുണ്ടെങ്കിലും വൃഷാലി,സുപ്രിയ എന്നീ കുടുംബിനികളുടെ സ്നേഹധനനായ ഭർത്താവും ശോണൻറെ ഉത്തമസഹോദരൻ,രാധ-അതിരഥ ദമ്പതികളുടെ പ്രിയപുത്രൻ,ആദർശനിഷ്ഠനായ ഒരു രാജാവ് എന്നീ നിലകളിലെല്ലാം മാനവികതയുടെ ഉത്തുംഗസോപാനങ്ങളിൽ എത്തുന്ന ഒരു കഥാപാത്രത്തെയാണ് സാവന്ത് വരച്ചുകാട്ടുന്നത്.അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരിക സംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലിൽ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.

കൂടുതലൊന്നും കഥയെ കുറിച്ചു ഞാൻ വിവരിക്കുന്നില്ല.വായന ഇഷ്ടപ്പെടുന്ന പ്രിയ സുഹൃത്തുക്കളെ,ഞാൻ ഉറപ്പുനൽകുന്നു ഈ പുസ്തകം നിങ്ങൾക്ക് ഒരു വേറിട്ട അനുഭവം ആയിരിക്കും.ഭാവനയുടെ,വികാര പ്രക്ഷോഭങ്ങളുടെ മറ്റൊരു ലോകത്തിൽ ഇത് നിങ്ങളെ എത്തിക്കും.ധീര യോദ്ധാവ് കർണാ,,നിൻറെ ജീവിതം വർണനകൾക്ക് അതീതമാണ്.സ്വന്തം സഹോദരനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ക്രൂരനായ രാജാവായി നിന്നെ പലരും മുദ്രകുത്തിയെന്നു വരാം.സഹോദര പത്നിയെ നിഷ്കരുണം അപമാനിച്ച രാജസദസ്സിൽ എതിർക്കാതെ കൂട്ടുനിന്ന അധർമിയായി നിന്നെ കാലം ക്രൂശിച്ചു എന്നുവരാം.എന്നാൽ നിന്നെ അവിടെ എത്തിച്ച മാനസിക സംഘർഷങ്ങൾ ഒരുപാട് ഉണ്ടായിരുന്നല്ലോ.തീർച്ചയായും നീ സത്യത്തിൽ ചുവടുറപ്പിച്ച,സുഹൃദ് സ്‌നേഹത്തിൻറെ പര്യായമായ ധീരയോദ്ധാവ് തന്നെയാണ്.വിജയിക്കാത്ത പോരാളി അല്ല,പൊരുതി തോറ്റ യോദ്ധാവ് ആണ് നീ.കർണാ,,,നിന്നെ ഞാൻ ആത്മാർത്ഥമായി ആരാധിക്കുന്നു,അന്നും ഇന്നും എന്നും.

8171304869

കളിത്തോഴൻ

I became a little nostalgic when I recently saw my teddy bear,which was one of my favourites,with whom I spent a major portion of my childhood..I lived with him…love u lotz “POOH”(i called him so)….

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ
കഴിഞ്ഞത് നിനക്കൊപ്പമായിരുന്നു…
ജീവിതം കായ്ച്ചതും തളിർത്തതും പൂവിട്ടതും വിരിഞ്ഞതും
അവ മാദകഗന്ധം പടർത്തിയതും നിൻറെ കൂടെയാണ്.
നിന്നെ ഓർത്താണ്‌ അന്നേറെ ചിരിച്ചത്…
നിന്നെ മാറോടു ചേർത്താണ് അന്ന് വിങ്ങിയത്…
നീ ഓർക്കുന്നുവോ എന്നെനിക്കറിയില്ല,എങ്കിലും
നിന്നെയുറക്കാൻ ഞാൻ എത്രയോ രാവുകൾ ഉറക്കമിളച്ചിട്ടുണ്ട്.
നീ ഒറ്റപ്പെടാതിരിക്കാൻ ഞാൻ എത്രയോ യാത്രകൾ ത്യജിച്ചിട്ടുണ്ട്.
അച്ഛനോട് വാശിപിടിച്ചു വാങ്ങിച്ച പുത്തനുടുപ്പിനാൽ
നിനക്ക് മെത്ത ഒരുക്കിയത് ഓർമ്മയുണ്ടോ???
കുളിപ്പിച്ച് കുട്ടപ്പനാക്കാൻ നിന്നെ ചൂടുവെള്ളത്തിൽ നനച്ചതും,
നീയാകെ കുതിർന്നു മിണ്ടാതിരുന്നതും ഓർമ ഉണ്ടോ?
അന്നെല്ലാവരും ചുറ്റും കൂടി നിന്ന് ചിരിച്ചത് എന്തിനാണാവോ?
പിന്നീട് അച്ഛനാണ് നിന്നെ തുവർത്തി ഉണക്കി വീണ്ടും
എൻറെ കൈകളിൽ കൊണ്ടുവന്നു വച്ചത്,
നിനക്ക് പനി ആയിരുന്നത്രേ……
നിനക്കായി ഞാൻ ഒരുക്കിയ മുത്തുമാലകൾ ഇന്നും
എൻറെ കിടപ്പുമുറിയിലെ കബോർഡിനകത്ത് ഭദ്രമാണ്.
നിൻറെ കണ്ണുകളിൽ ഞാൻ സ്നേഹത്തോടെ എഴുതിയ
കണ്മഷിയുടെ കറുത്ത പാട് ഇന്നും കാണാനുണ്ട്..
നിന്നെ ഉറക്കാനായി ഞാൻ പാടിയ താരാട്ടുപാട്ടുകൾ
ഇന്നും ഇവിടെ അലയടിക്കുന്നുണ്ട്…
ഒരുകാലത്ത് നീ ആയിരുന്നു എൻറെ കളിത്തോഴൻ,
എൻറെ സ്നേഹിതൻ,എൻ സർവവും…
പിന്നെ,,,എപ്പോഴാണ് ഞാൻ വലുതായത്?
എൻറെ തിരക്കുകൾക്കിടയിൽ ഞാൻ നിന്നെ മറന്നുപോയത്?
നിന്നെ ലാളിക്കുവാൻ എനിക്ക് സമയമില്ലാതെ പോയത്?
ഇന്ന് പൊടിപിടിച്ച ഷെൽഫിനുള്ളിൽ,നിന്നെ വീണ്ടും കണ്ടപ്പോൾ
ഞാൻ ചികയുകയായിരുന്നു,നഷ്ടപ്പെട്ടുപോയ,,,
എൻറെ കുട്ടിക്കാലത്തിലേക്ക്,,ഒരിക്കൽ കൂടി…
ഓർമകളിൽ നീ നിറയുകയാണ്,,ഇന്നും…
നിനക്കിന്നും പരാതികൾ ഒന്നുമില്ല…
നിൻറെ കണ്ണുകളിൽ ഇന്നും എന്നോടുള്ള സ്നേഹം മാത്രം..
ആശിച്ചു പോവുകയാണ് സ്നേഹിതാ,,,ഒരിക്കൽ കൂടി നിന്നോടൊപ്പം
ആ ബാല്യം ജീവിച്ചു തീർക്കാൻ കഴിഞ്ഞെങ്കിൽ,,,,,,,,
ഞാൻ ധന്യയായേനെ……
image

കാലം പോയ പോക്ക്😜

“കൊല്ലെടാ കൊല്ല്
തുരുതുരെ വെടിവയ്ക്ക്
തല പൊട്ടിത്തെറിയ്ക്കട്ടെ,
ചോര ചിന്നിച്ചിതറട്ടെ,
മേലോട്ടുയർന്നു ചാടി
താഴേയ്ക്കു ബോംബെറിയ്
ഒന്നു പോലും ബാക്കി വേണ്ട”
ഞെട്ടിയുണർന്ന മുത്തച്ഛൻ
ജപിച്ചൂ രാമനാമം
തീവ്രവാദികളാണോ?
പടിയ്ക്കൽ ചെന്നെത്തി നോക്കി
കുട്ടികൾ കളിയ്ക്കയാണ്
മിനി മിലിഷ്യയാണത്രേ
പകച്ചുപോയി എന്റെ വാർദ്ധക്യം
image

ജീവിതം ഒരു നേർക്കാഴ്ച

    We all have some difficult times.This is a simple note explaining my own emotions during such a hard time.I believe, you all have thought like this once in your life.But what we should do in such a situation??This note was an answer for me 🙂                     

          മുന്നോട്ട് നടക്കുക…കഴിയുവോളം….ആരോടും പറയാതെ,ആരും അറിയാതെ,എവിടേക്കെങ്കിലും പോയി രക്ഷപ്പെടുക… മറ്റൊന്നും അറിയില്ല..തീക്ഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയുടെ ചൂട് ഇന്ന് അസഹ്യമായിരിക്കുന്നു…അനുദിനം എനിക്ക് ചുറ്റിലും നടക്കുന്നവ എന്നിൽ സൃഷ്ടിക്കുന്ന വികാര പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാൻ എൻറെ കയ്യിലെ കടിഞ്ഞാണിന് ശക്തി ഇല്ലാതായിരിക്കുന്നു..മേലെ ആകാശം മേഘാവൃതമായിരിക്കുന്നു.സൂര്യൻറെ പ്രഭാകിരണങ്ങൾ എല്ലാം മറച്ചു കൊണ്ട് മേഘങ്ങൾ അരങ്ങേറിയിരിക്കുന്നു.എൻറെ ജീവിതവും ഇതേ അവസ്ഥയിലല്ലേ??മറ്റാർക്കും പറഞ്ഞു മനസിലാക്കാൻ ആവാത്ത വിധം വേദനകൾ മനസ്സിൽ വിങ്ങുന്നു.കാർമേഘങ്ങൾ എന്നോണം അവ ജീവിതത്തിൻറെ വെളിച്ചം കെടുത്തുന്നു. 
                                    ആഗ്രഹിക്കുന്നതൊന്നും അല്ല ജീവിതത്തിൽ സംഭവിക്കുന്നത്..താൻ ആശിച്ച വഴിയിലൂടെ ജീവിത പന്ഥാവ് തെളിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടുമില്ല..ഒരു പക്ഷെ ഇതിനെയാവും പലരും “വിധി” എന്നാ ഓമനപ്പേരിട്ടു വിളിക്കുന്നത്…ജീവിക്കാൻ ഒരു കാലത്ത് ഊർജവും ആത്മധൈര്യവും ഒക്കെ ആയിരുന്ന പലതും ഇന്ന് മനസിനെ നിരന്തരം വേട്ടയാടുന്ന ആഴമേറിയ മുറിവുകളാണ്..പലപ്പോഴും, ജീവിതാന്ത്യം വരെ കൂടെ ഉണ്ടാവുമെന്ന് കരുതി തോളോട് ചേർത്ത സ്നേഹിതർ പ്രതിസന്ധിഘട്ടത്തിൽ അപരിചിതരെ പോലെ അകന്നുമാറുന്നത് വേദനയോടെ നോക്കി നിന്നിട്ടുണ്ട്.അന്നൊക്കെ “ഇതാണ് ജീവിതം” എന്ന് സ്വയം ആശ്വസിച്ചിരുന്നു.ജീവിതത്തിൻറെ കനത്ത പരീക്ഷകളിൽ തോൽവി ഏറ്റുവാങ്ങുമ്പോൾ പല തോൽവികളും വിജയത്തേക്കാൾ മധുരം ഏറിയവ ആണെന്ന് സ്വയം ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നു.എന്നാൽ അത്തരം ആദർശങ്ങൾക്കും പ്രസ്താവനകൾക്കും ഒന്നും പലപ്പോഴും യഥാർത്ഥ ജീവിതത്തിൽ സ്ഥാനം ഇല്ലെന്നതാണ് പരമാർത്ഥം.അനുഭവങ്ങളും അവ പകരുന്ന വികാരങ്ങളും അവയെ പരാജയപ്പെടുത്തുക ആണ് പതിവ്.ചുറ്റിലും നടക്കുന്ന പലതിനോടും പ്രതികരിക്കണമെന്ന് അതിയായി ആഗ്രഹിക്കാറുണ്ട്.എന്നാൽ പല ശ്രമങ്ങളും പിന്നിൽ നിന്നേതോ അജ്ഞാത ശക്തി വന്നു തടസ്സപ്പെടുത്തുന്ന പോലെ.വിഫലമാകുന്ന പല ശ്രമങ്ങളും പിന്നീട് ഹൃദയം നുറുക്കുന്ന പശ്ചാത്താപവും കുറ്റബോധവുമായി രൂപാന്തരപ്പെടുന്നു.  ഒരുപക്ഷെ ഇതെൻറെ അവസാന യാത്രയാവും..,ഇനി തിരിച്ചു വരാൻ സാധിക്കാത്ത മറ്റൊരു ലോകത്തിൻറെ വാതായനങ്ങൾ എനിക്കായി തുറക്കപ്പെട്ടിരിക്കുന്നു.അവിടേക്ക് പോവാനായി എൻറെ ഹൃദയം സദാ വെമ്പൽ കൊള്ളുന്നു.അതെ,,,ഇതാണെൻറെ തീരുമാനം…മുകളിലേക്ക് ഒരിക്കൽ കൂടി നോക്കി.എന്നാൽ കണ്ടത് പ്രതീക്ഷകൾക്ക്‌ വിരുദ്ധമായ ഒന്നായിരുന്നു.മേഘങ്ങൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.സൂര്യൻ കത്തി ജ്വലിച്ചു നില്ക്കുന്നു.പതിവിലും ഉന്മേഷവാനായി..നിമിഷങ്ങൾക്ക് മുൻപ് താൻ കണ്ട ആകാശം അല്ലിത്.ജീവിതവും ഇങ്ങനെ തന്നെ അല്ലെ..സഹിക്കാനാവാത്ത വേദനകൾ എന്ന് പറഞ്ഞു ഞാൻ വിങ്ങിയ പലതും ക്ഷണികമായിരുന്നില്ലേ? പിന്നെന്തിനാണ് താൻ ഒരു ഭീരുവിനെ പോലെ പിന്തിരിഞ്ഞോടിയത്?അവയെ ശക്തമായി നേരിടുന്നതിനു പകരം താൻ എന്താണ് ചെയ്തത്?ആ നിമിഷം എനിക്ക് സ്വയം ലജ്ജ തോന്നി.ഞാൻ ശക്തനായിരുന്നില്ലേ,,അവയെ ഒക്കെ നിസാരമായി തകർത്ത് മുന്നേറാനുള്ള പ്രാപ്തി എനിക്കുണ്ടായിരുന്നില്ലേ?
                                              കണ്ണുകൾ മുറുകെ അടച്ചു.ഈ പ്രപഞ്ചത്തിൽ അന്തർലീനമായിരിക്കുന്ന മഹാശക്തിയെ ഞാൻ മനസ്സിൽ കണ്ടു.ഇനി സംശയങ്ങൾ ഒന്നും ബാക്കിയില്ല.തിരിഞ്ഞു നടന്നു,വന്ന വഴിയെ തന്നെ.എന്നാൽ ഇത്തവണ കൂടുതൽ ആഴത്തിൽ ആണ് കാലടികൾ പതിഞ്ഞത്.കൈകൾ വിറക്കുന്നുണ്ടായിരുന്നില്ല.ശബ്ദം ഇടറുന്നുണ്ടായിരുന്നില്ല.കണ്ണുകളിൽ അശ്രുവിൻറെ നനവായിരുന്നില്ല,പകരം ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു.ഇനി ഒരു തിരിഞ്ഞു നോക്കൽ പോലുമില്ല.എൻറെ പാത ഏതെന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.ഞാൻ നടന്നു…ഭയം എതും കൂടാതെ….എൻറെ യാത്ര തുടരുന്നു …..
Continue reading “ജീവിതം ഒരു നേർക്കാഴ്ച”

Blog at WordPress.com.

Up ↑