മുറിവേറ്റവൾ

തണുപ്പ് ഇഴഞ്ഞു കേറുന്നുണ്ട്.ഇരുട്ട് അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്.കാലു വലിച്ചിഴച്ച് മുന്നോട്ടുള്ള നടത്തത്തിന്റെ വേഗം കൂട്ടി.ദൂരം ഏറെയുണ്ട് താണ്ടാൻ.അല്ലെങ്കിലും പഴങ്കഥകളും കടങ്കഥകളുമെല്ലാം പൊള്ളാണ്.ജീവിതത്തിനും മരണത്തിനുമിടയിൽ നിമിഷ ദൈർഘ്യമെന്നു പറഞ്ഞു പഠിപ്പിച്ച ബാല്യത്തോട് പുച്ഛം തോന്നി, അനുകമ്പയും…

“മീരാ……”

പലപ്പോഴും എന്നെ പിൻതിരിപ്പിച്ചിട്ടുള്ള വിളിയാണിത്.സ്വയം രക്ഷപ്പെടാൻ ഞാൻ തന്നെ കേട്ടുവെന്ന് വിശ്വസിക്കുന്ന വിളി.ആരുമില്ല തിരിച്ചുവിളിക്കാൻ ഇനി എന്നറിയാമായിരുന്നിട്ടും നേർത്തൊരു പ്രതീക്ഷയുടെ തിരി കെട്ടുപോവാതെ കത്തുന്നത് കൊണ്ടാവണം നടത്തം നിർത്തി തിരിഞ്ഞുനോക്കി.

“ആരാത്..,? ആരാണെങ്കിലും എന്നെ തിരിച്ചു കൊണ്ടോവാൻ നോക്കണ്ട ട്ടോ, ഞാൻ വരാൻ പോണില്ല.”

ഇരുട്ടിൽ മുന്നിൽ നിൽക്കുന്നത് ആരാണെന്നു വ്യക്തമല്ല.കോതിയൊതുക്കാതെ മുടി മുന്നിലേക്കിട്ടു മുഖം മറച്ചിട്ടുണ്ട്.മുട്ടിന് താഴെ എത്തിനിൽക്കുന്ന കറുത്ത പാവാടയിൽ അവിടിവിടെയായി ചുവന്ന ചോരപ്പാടുകൾ കാണാം…

അവളും മുറിവേറ്റവളാണ്.ദയാദാക്ഷിണ്യമില്ലാത്ത മർദനങ്ങൾ ഏറ്റുവാങ്ങിയവളാണ്.തീയിൽ ചുട്ടെടുത്ത ഇരുമ്പുദണ്ഡ് കൊണ്ട് മേലാസകാലം പൊള്ളിയവളാണ്.ഒഴിഞ്ഞ മദ്യക്കുപ്പികൾ തുളഞ്ഞുകേറി അവളുടെ യോനിയിലും വ്രണങ്ങൾ തീർത്തിട്ടുണ്ടാവും.അതിനേക്കാൾ ആഴമേറിയ ഉണക്കാനാവാത്ത മുറിവുകൾ അവളുടെ ഹൃദയത്തിൽ വിങ്ങുന്നുണ്ടാവണം.അതേ,എന്നെപ്പോലെ അവളും വെറുക്കപ്പെട്ടവളാണ്, ശപിക്കപ്പെട്ടവളാണ്…

“ഞാനാരാണെന്ന് താനിപ്പോ അറിയണ്ട, ഞാൻ വന്നത് തന്നെ തിരിച്ചുകൊണ്ടുപോവാൻ വേണ്ടി ആണ്.തനിക്ക് ഒരു കാര്യം ബോധ്യപ്പെടുത്താനാണ്.”

“എന്താദ്‌…,എന്ത് കാര്യാണ്?”

” അത് ഞാൻ പറയാൻ പോണില്ല.തനിക്ക് സ്വയം മനസിലാവും.ഞാനും നിന്നെപ്പോലെ ശപിക്കപ്പെട്ടവളാണെന്ന് നിലവിളിച്ച് ജീവിതത്തെ പഴിച്ച് കാലം മുഴുവൻ കഴിഞ്ഞുകൂടിയവളാ..അതൊക്കെ വെറ്തെയാ…നമ്മുടെയൊക്കെ കഥകളിൽ നമ്മൾ നായികമാരാ..പക്ഷേ നമ്മൾ നമ്മളെത്തന്നെ വില്ലന്മാർ ആക്കി മാറ്റിയിരിക്ക്വാ…”

“എനിക്ക് താൻ പറയണത് ഒട്ടും മനസിലാവുന്നില്ല.വില്ലന്മാരാക്കി മാറ്റീന്നോ?ആരാപ്പോ അങ്ങനെ ചെയ്തേ…?”

മീരയുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.അടുത്ത് കണ്ട കലുങ്കിലിരുന്ന് അവളാ കറുത്ത രൂപത്തെ അടിമുടി വീക്ഷിച്ചു.
എന്റെ കഥയിലെ വില്ലൻ എന്നുമാ കൊമ്പൻ മീശക്കാരനാണ്.എന്നെ തന്നെ അറിഞ്ഞു തുടങ്ങും മുമ്പേ ഒറ്റക്കാവുന്ന രാത്രികളിൽ വർണക്കടലാസിൽ പൊതിഞ്ഞ നാരങ്ങാമിഠായികളുമായി വന്ന് എന്നെ മാറോട് ചേർത്തു കിടത്തുന്ന അയാൾക്ക് സിഗരറ്റിന്റെ മണമായിരുന്നു.ശബ്ദിക്കാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല.അതിനുമുമ്പേ നഗ്നമാക്കപ്പെട്ട ദേഹത്ത് ഒരു നനവ് വീണെന്നെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കും.മുറിവുകളുടെ, ചോരപ്പാടുകളുടെ വേദന മാത്രം ബാക്കിയാക്കി അയാൾ തിരിച്ചു പോവുമ്പോൾ വായിലൊരു നാരങ്ങാമിഠായി വച്ചുതരും.അത് സ്നേഹമാണെന്നാ ഞാൻ കരുതിയത്.മറ്റൊന്നും അറിയില്ലായിരുന്നു.ഇതെന്റെ വിധി ആണെന്ന് കരുതി, നല്ല നാളെകളെ കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാതെ, രാത്രികൾ ഉറക്കമിളച്ച്…എങ്ങനെയാണ് അയാളെ എനിക്ക് “അച്ഛാ” എന്ന് വിളിക്കാൻ കഴിഞ്ഞത്.അതും അറിയില്ല.

“അതങ്ങനെ തന്ന്യാ.നമുക്ക് എല്ലാരോടും സ്‌നേഹാണ്, കവിഞ്ഞൊഴുകണ സ്നേഹം. അതുള്ളതോണ്ട് തന്ന്യാ നമ്മൾ അബലകളാണെന്ന് എല്ലാരും പറേണത്.ഒരു കണക്കിന് ശര്യാ.സ്നേഹം ഒരു ദൗർബല്യം തന്ന്യാ…”

ചിന്തകൾ അതേപടി വായിച്ചവണ്ണം ആ രൂപം മീരയോട് പറഞ്ഞു.

ഇടക്ക് വച്ച് മുറിഞ്ഞ ചിന്ത വീണ്ടും തുന്നിക്കെട്ടിയെടുത്തു.ഞാനെന്തിനാ മരിക്കാൻ പോണത്?ഒന്ന് മുങ്ങിക്കുളിച്ചാൽ തീരുന്ന ആശുദ്ധിയേ എനിക്കുള്ളൂ.സ്നേഹം കൊണ്ട് അബലയാക്കപ്പെട്ടവൾ ഒന്ന് പെയ്യാൻ തുടങ്ങിയാൽ പിന്നെ പ്രളയമാണ്, സർവരും ആണ്ടുപോവുന്ന പ്രളയം.മരണത്തിലേക്ക് ദൂരമിനിയും ഒരുപാടുണ്ട്.ഒന്ന് തിരിഞ്ഞു നടന്നാൽ പക്ഷെ എന്നിലേക്കുള്ള ദൂരം ഒരുപാട് കൊറവാ.പിന്നെന്തിനാ ഞാൻ മരിക്കാൻ പോണേ?

“എനിക്ക് മരിക്കണ്ട.സകല അശുദ്ധിയും നെഞ്ചിൽ നിന്നൂറ്റിയെടുത്ത് അയാളുടെ മുഖത്തൊന്ന് കാർക്കിച്ചു തുപ്പണം.,എനിക്ക്.വറ്റാതൊഴുകാൻ നെഞ്ചിൽ സ്നേഹം ബാക്കിയുള്ളപ്പൊ ഞാൻ എങ്ങനെയാ ഒറ്റയ്ക്കാവും?എനിക്ക് ജീവിക്കണം….”
മീര തിരിഞ്ഞു നടന്നു.
പെട്ടെന്ന് കോതിയൊതുക്കാതെ മുന്നിലേക്ക് മുടിയിട്ട ആ കറുത്ത രൂപം തെല്ലൊന്ന് മുഖമുയർത്തി.നിലാവെളിച്ചത്തിൽ ആ മുഖം കണ്ട് മീരയുടെ ഉള്ളൊന്ന് പുകഞ്ഞു.അത് അവൾ തന്നെയായിരുന്നു.പ്രത്യാശയുടെ, പ്രതീക്ഷയുടെ, പ്രണയത്തിന്റെ കറുപ്പ് അവളെ ആലിംഗനം ചെയ്തു.അതേ, എന്നിലേക്കുള്ള ദൂരം ചെറുതാണ്.ഒരുപാട് ചെറുതാണ്….

Advertisements

ഒരോർമ്മ

നിങ്ങളെ ഞാനിന്നും ഓർക്കുന്നു ഇത്താ…, ഇന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ആ ഫോൺ കാൾ കണ്ണ് നിറച്ചു.ജീവിതത്തിൽ ഒരിയ്ക്കലും വിട്ടുകളയാതെ നെഞ്ചോട് ചേർക്കുന്ന ചുരുക്കം ചില ബന്ധങ്ങളിൽ ഒന്നായാണ് നിങ്ങളെ കാണുന്നത്..
അന്ന്, ബിടെക് ഒന്നാം വർഷ വിദ്യാർത്ഥിനിയായി തിരുവനന്തപുരം പഠിയ്ക്കുകയാണ്. നിർഭാഗ്യവശാൽ ഒരുപാടധികം നഷ്ടങ്ങൾ നേടിത്തന്ന വർഷം.മുത്തശ്ശൻ വിട്ടുപോയിട്ട് ദിവസം അധികം ആയിട്ടില്ല.പരീക്ഷ ആയിരുന്നതിനാൽ കോളേജിലേക്ക് തിരിച്ചെത്തി അതിനു ശേഷം വീണ്ടും തിരിച്ചു നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഞാൻ പനിയും തലവേദനയുമൊക്കെയായി തീർത്തും അവശയായിരുന്നു. കടന്നുപോയ ദിനങ്ങളിൽ ഏറ്റവും വേദനാജനകമായ ഒന്നായാണ് അതിനെ കാണുന്നത്..എന്നാൽ അന്ന് trainൽ വച്ച് കണ്ടുമുട്ടിയ നിങ്ങളെ ജീവിതത്തിൽ ഏറ്റവും നല്ല മുതൽക്കൂട്ടായി കരുതുന്നു. ഏറ്റവും വിവശയായിരിയ്ക്കുമ്പോൾ, കൂടെ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു ഒറ്റപ്പെടുന്ന നേരത്ത് ഒട്ടും പരിചയമില്ലാത്ത നിങ്ങൾ കടന്നുവന്നത് തീർത്തും അതിശയമാണ്..
ജീവിതം അങ്ങനെ തന്നെയാണ്.നന്മയുടെ നാമ്പുകൾ എങ്ങും എന്നുമുണ്ടെന്ന വിശ്വാസം തെറ്റല്ലെന്ന് തെളിയിച്ചു തന്നു നിങ്ങൾ.ഒരുപക്ഷേ തളർന്നുവീണുപോവുമായിരുന്ന എന്നെ താങ്ങിനിർത്തിയ നിങ്ങളുടെ മനസ്സ് ജീവിതത്തിൽ ഞാൻ അറിഞ്ഞതിൽ വച്ചേറ്റവും ആഴമേറിയ സ്നേഹമായിരുന്നു. ഒട്ടുമറിയാത്ത, ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത, അഥവാ ഇനിയൊരിയ്ക്കൽ കാണാൻ പോലും ഇടയില്ലാത്ത എനിയ്ക്ക് വേണ്ടി നിങ്ങൾ അന്ന് നൽകിയ സ്നേഹവും വാത്സല്യവും മരിയ്ക്കുവോളം ഞാൻ മറക്കുകില്ല.
എന്നെ മടിയിലേക്ക് ചേർത്തു കിടത്തി അവരുടെ മൃദുലമായ കൈകൾ കൊണ്ട് എന്നെ തലോടി ഉറക്കി..ഒരമ്മയുടെ സ്നേഹത്തോടെ അവരെന്നെ ഊട്ടി..മരുന്ന് തന്നു.അവരും ഭർത്താവും കല്യാണം കഴിഞ്ഞു ഒരാഴ്ച ആയതേ ഉണ്ടായിരുന്നുള്ളു.അതിനേക്കാൾ അതിശയം എന്തെന്ന് വച്ചാൽ രണ്ടു പേരും ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയവർ ആണ്..രണ്ടു പേർക്കും ആദ്യ വിവാഹത്തിൽ രണ്ട് മക്കളുമുണ്ട്..ഇനി 4 പേരുണ്ടല്ലോ എന്ന് പറഞ്ഞ് അവർ ഹൃദ്യമായി പുഞ്ചിരിച്ചു…ഇങ്ങെത്തുവോളം അവരെന്നോട് സംസാരിച്ചു, അവരുടെ പ്രതീക്ഷകളെക്കുറിച്ച്, സ്വപ്നങ്ങളെ കുറിച്ച്.. ജീവിതത്തെ കുറിച്ച്.. എന്നെ വീട്ടിലേക്ക് ക്ഷണിച്ചു..വരാനിരിക്കുന്ന പെരുന്നാൾ അവരുടെ വീട്ടിൽ ആഘോഷിക്കണം എന്ന് അവർ ഓർമിപ്പിച്ചു.. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്തി അച്ഛന്റെ കൈകളിൽ സുരക്ഷിതമായി എന്നെ ഏല്പിക്കുവോളം നേരം അവരെനിക്ക് ഒപ്പമുണ്ടായിരുന്നു..എന്റെ ഫോൺ നമ്പർ വേണമെന്നു പറഞ്ഞു, അച്ഛന്റെ മുന്നിൽ നിന്നും ഞാനത് അവരുടെ ഫോണിൽ സേവ് ചെയ്തു കൊടുത്തു..

ഇന്നീ നിമിഷം വരെ അവരെ ഒരിക്കൽ കൂടി കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടും എനിക്കതിന് ഇതുവരെ സാധിച്ചിട്ടില്ല…എങ്കിലും ദിവസത്തിലൊരിക്കലെങ്കിലും സ്നേഹത്തോടെ അങ്ങേയറ്റം ആദരവോടെ നിങ്ങളുടെ മുഖം ഞാൻ ഓർക്കാറുണ്ട്..നെറ്റിയിലെ നിസ്കാരത്തഴമ്പൊ ചന്ദനക്കുറിയോ കഴുത്തിലെ കുരിശുമാലയോ വേർതിരിക്കാത്ത ഏറ്റവും പരിപൂർണ്ണമായ മനുഷ്യ സ്നേഹത്തിന്റെ അടയാളം ആണ് നിങ്ങൾ..നിങ്ങളെ പോലുള്ളവരാണ് ജീവിതത്തിന്റെ മൂല്യങ്ങൾ, സ്നേഹം ഇവയൊക്കെ ഇന്നും നിലനിൽക്കുന്നുവെന്ന് പഠിപ്പിയ്ക്കുന്നത്. എന്നും സ്നേഹവും പ്രാർത്ഥനയുമായി ഓർക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരോർമയായി സുഹൃത്തേ, നിങ്ങളുണ്ടാവും…ജീവിതാവസാനം വരെ ഞാൻ നിങ്ങളെ മറക്കുകില്ല…😍😍

ആർത്തവം

പ്യൂപ്പയുടെ പുറംതോട് തകർത്ത്
ആകാശം സ്വപ്നം കണ്ടു തുടങ്ങിയ പൂമ്പാറ്റകൾ….
ചെറിയ വള്ളിച്ചെരുപ്പിട്ടു തോട്ടിലും മേട്ടിലും വയൽ വരമ്പത്തും തുള്ളിച്ചാടുന്ന പേടമാനുകൾ….
പെട്ടെന്നൊരിയ്ക്കൽ അവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി ചുവന്ന ചോര പൊടിഞ്ഞു…
പ്രതീക്ഷകൾ വിരിച്ച നിറമേറിയ ചിറകുകൾ അരിഞ്ഞു വീഴ്ത്തി,
മോഹങ്ങൾക്ക് മീതെ കരിമ്പടം പുതപ്പിച്ച്
ചോര ഒഴുകാൻ തുടങ്ങി….
“ഇനി മുതൽ നീ പൂമ്പാറ്റയല്ല,
പെണ്ണാണെന്നമ്മ” ചൊല്ലിപ്പഠിപ്പിച്ചു..
മുട്ടിനു മേലെത്തിനിൽക്കുന്ന നിക്കറുകൾ
നിലത്തിഴയുന്ന പാവാടകൾക്ക് വഴിമാറി…
നിറം മങ്ങിയ പാവാടയിൽ ചുവന്ന പാടുകൾ കണ്ട്
നാലാൾ ചിരിയ്ക്കുമെന്നു ഭയന്ന്
ഉമ്മറത്ത് വരാൻ മടിച്ചു…
ഇടയ്ക്കിടെ വന്നെത്തുന്ന അസഹ്യമായ വേദനയിൽ കുതിർന്ന കണ്ണുനീരിൽ
തലയണയമർത്തി രാത്രികൾ ഉറക്കമിളച്ചു…
ഏറെയുയരത്തിൽ പട്ടം പറത്തിനടന്ന ഉത്സവങ്ങളിൽ,
ഒത്തുചേരൽ ആഘോഷമാക്കിയ വിശേഷനാളുകളിൽ,
തൊട്ടുകൂടാത്തവളെന്നുചൊല്ലിയൊരിടത്ത് മാറ്റിയിരുത്തി…
ചോരക്കറ വീണ തുണികളിൽ വിപ്ലവത്തിന്റെ മാറ്റൊലികൾക്ക് കാതോർത്തു രാവുകൾ വെളുപ്പിച്ചു….
നാളെയുടെ പൂമ്പാറ്റകൾക്ക് ജന്മം കൊടുക്കാൻ നീറിയ ത്യാഗത്തിന്റെ കറയാണിതെന്ന് സ്വയമാശ്വസിച്ചു…
അക്രമം കൊണ്ട് ചോര വീഴ്ത്തുന്നവരുടെ അതേ നാട്ടിൽ…,
പ്രത്യാശയുടെ,പ്രതീക്ഷയുടെ പ്രണയത്തിന്റെ ചോരത്തുള്ളികൾ പൊഴിയ്ക്കാൻ കഴിയുന്നത് അനുഗ്രഹമാണ്…
ഉറക്കെ വിളിച്ചുപറയാൻ ഒരുക്കവുമാണ്,
അശുദ്ധയല്ലെന്ന്….

പുക

ആഞ്ഞാഞ്ഞു വലിക്കണം..
ഓരോ വലിയിലും മേലാകെ ഒരു തരിപ്പാണ്..
ചുണ്ടിങ്ങനെ കറുത്തു കറുത്തു കരിവാളിക്കണം..
അല്ലെങ്കിലും കറുപ്പ് പണ്ടേ പ്രിയമായിരുന്നല്ലോ…
പിന്നെ ഉടലൊന്നാകെ പുക ഉരുണ്ടുകേറണം…
പുക ഇങ്ങനെ മേലാസകലം പുതപ്പുപോലെ മൂടുമ്പോൾ ചെവിയിലൊരു കാറ്റിരമ്പുന്ന പോലാണ്…
പുക മെല്ലെ തൊണ്ടവഴി ഇറങ്ങി സ്പോഞ്ച് പോലുള്ള ശ്വാസകോശത്തിലെത്തി
അവിടെ കറ പുരട്ടണം…
പിന്നെ മെല്ലെ പുക ഊതിയൂതി പുറത്തോട്ട് വിടണം…
കൂടെ ജീവനിങ്ങനെ കാറ്റിൽ അപ്പൂപ്പൻതാടി പോലെ ഭാരമില്ലാതെ പറന്ന് പോവണം…
കാത്തു കൈവെള്ളയിൽ സൂക്ഷിച്ചു വച്ച ജീവിതം പുകച്ചുരുളിൽ അലിഞ്ഞില്ലാതാവുന്നത് നോക്കി പൊട്ടിച്ചിരിക്കണം…
ഓരോ ചുരുളിലും സ്നേഹിച്ച ഓരോ മുഖങ്ങൾ മറ നീക്കി വരുന്നത് കാണുമ്പൊ നെഞ്ചിലൊരു വിങ്ങൽ കേൾക്കണം…
തിരിഞ്ഞു നോക്കുമ്പോൾ കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു,
തിരിച്ചുപോക്കിനി ഇല്ലെന്നറിഞ്ഞ് ഇടറണം…
ഒടുവിൽ വടിയായി തെക്കേപ്പറമ്പിൽ കത്തിക്കാനെടുക്കുമ്പോ കണ്ണീരൊഴുക്കുന്ന പ്രിയപ്പെട്ടവരുടെ ഒക്കെ പ്രാകൽ കേട്ട് ഉള്ള് നീറണം…
ഇനിയൊരു ജന്മമുണ്ടേൽ വലിക്കൂലാ എന്ന് പറഞ്ഞാശ്വസിക്കണം…

പുകയില വിരുദ്ധ ദിനം-May 31

“പുകയില ഉപയോഗിക്കരുത്..ഉപയോഗിക്കാൻ അനുവദിക്കരുത്..വലിയ വില കൊടുക്കേണ്ടി വരും”
😐😐😐

വേളി

വാക്കുവറ്റി ഇടറി എന്റെ രോമകൂപങ്ങൾ എഴുന്നുനിൽക്കും..
ഉള്ളിലൊരായിരം മുള്ളുകളിറങ്ങുന്ന വേദനയിൽ നെഞ്ചു കേഴും…
ഇരുട്ടിൽ ഓരോ ഞരക്കങ്ങളും എനിക്കും അയാൾക്കുമിടയിൽ മാത്രം ഒതുങ്ങിപ്പോവും…
രാത്രികളെനിക്കു ദൈവം കല്പിച്ചുതന്ന ശാപമായിരിക്കണം…
എത്ര രാവുകൾ ഇതുപോൽ ഉറക്കമൊഴിച്ച് അയാൾക്കുവേണ്ടി ഞാൻ സ്വയം വിറ്റു തീർന്നിരിക്കുന്നു…
അടക്കിപ്പിടിച്ച കരച്ചിലുകൾ അയാൾ കേട്ടിരുന്നില്ല…
ഒരുപക്ഷേ കേട്ടിട്ടും കേൾക്കാത്ത പോലെ നടിച്ചതാവാം..
ഒരു കണക്കിന് നല്ലതാണ്, അയാളുടെ ആശ്വാസവചനങ്ങൾ പോലുമെന്നെ മുറിവേൽപ്പിക്കുമെന്ന് ഞാൻ ഭയക്കുന്നു…
വെളിച്ചം ഇരുട്ടിനെ പാടേ വിഴുങ്ങുമ്പോൾ എനിക്ക് ശാപമോക്ഷം ലഭിക്കും..
മുടി വാരിക്കെട്ടി, മൂർദ്ധാവിലൊരു കുങ്കുമപ്പൊട്ട് തൊടും..
അതൊരു തരം പ്രതികാരമാണ്..,അയാൾക്കെന്നെ വിറ്റ വേളിയുടെ ശേഷിപ്പായി അവശേഷിക്കുന്ന മാറിലെ താലിച്ചരട് കൊണ്ട് സ്വയം കുരുക്കി ഞാൻ ചോര തുപ്പും..
അതിലോരോ ചോരത്തുള്ളിയുമെന്റെ മൂർദ്ധാവിലണിയാൻ..
ശനിയും ശുക്രനും ചേർന്നെന്റെ വിധിയെഴുതിയപ്പോൾ, കണിയാൻ നിരത്തിയ കവടിയിലെന്റെ ജീവിതം വരച്ചിട്ടപ്പോൾ,
എല്ലാം ശരികളായിരുന്നു..
തെറ്റ് ചൂണ്ടിക്കാണിക്കാൻ എനിക്ക് ശബ്ദമുണ്ടായിരുന്നില്ല…
ഇതൊരശുദ്ധിയാണ്, എത്ര പുണ്യാഹം തളിച്ചാലും കഴുകിക്കളയാൻ കഴിയാത്തത്..

വേഷം

ഓരോ രാവുമുറങ്ങാൻ
ഒരുങ്ങുന്നത് ഒരു നല്ല നാടകം പകർന്നാടിയ ലഹരിയിലാണ്…
നിന്നോടുള്ള എന്റെ പ്രണയവും, നെയ്തുതീരാത്ത കനവുകളും, നന്മയുടെ നാമ്പുകളും തേച്ചുതന്ന പച്ചവേഷം..
മുറിവേല്പിച്ചവരോടുള്ള
രോഷം ജ്വലിച്ചു,
കണ്ണിൽ കനലൊളിപ്പിച്ച പ്രതികാരമായി കത്തിവേഷം…
എല്ലാ വികാരങ്ങളും വിട്ടൊഴിഞ്ഞു സ്വയം സമർപ്പിക്കാൻ പ്രാപ്തനാക്കിയ മിനുക്കുവേഷം…
പകലന്തിയോളം വിവിധ വേഷങ്ങളിലാടി തളർന്ന് ഇരുട്ട് കേറുമ്പോൾ ചമയങ്ങളെല്ലാമഴിച്ചു വക്കും..
നഗ്നനായി, വെറും പച്ച മനുഷ്യനായി രാത്രിയിൽ കിടപ്പറയിലേക്ക് മടങ്ങും…
അപ്പോൾ മാത്രമാണ് എനിക്ക് ജീവിക്കാൻ കഴിയുന്നത്…
ഉറക്കെ കരഞ്ഞു ഞാനെന്റെ വേവലാതികൾ അലിയിച്ചു കളയും…
പൊട്ടിച്ചിരിച്ചെന്റെ കുറുമ്പുകൾ ആഘോഷമാക്കും…
ഭിത്തികളിൽ എന്റെ ഭ്രാന്തൻ ചിന്തകളെ കെട്ടഴിച്ചുവിടും…
അവയെ കാലം പേരു ചൊല്ലി വിളിക്കും..
“കവിത” എന്ന്…

മരിച്ചവരുടെ ലോകം

പാതിമയക്കത്തിൽ ഞെട്ടിയുണർന്നു കണ്ണുതിരുമ്മി ചുറ്റും നോക്കുമ്പോൾ ഭൂമിയൊന്നാകെ മാറിയിരിക്കുന്നു…
പതിവുപോലെ തലയണമേൽ പൊത്തിപ്പിടിച്ചുറക്കിയ പാവയും, കണ്ണുതുറന്നാലുടനെ വെളിച്ചമരിച്ചിറങ്ങുന്ന ജാലകവുമില്ല…,
അല്ല ഇതെന്റെ ലോകമല്ല….

തൊട്ടടുത്ത് സാമാന്യം പൊക്കമുള്ള സുന്ദരിയായൊരു യുവതി നീണ്ടൊരു പരുക്കൻ കയറുമായിരിക്കുന്നു…
ഒരറ്റം കയ്യിൽ ചുരുട്ടി മറ്റേ അറ്റത്തൊരു ഊരാക്കുരുക്കിട്ടു മുറുക്കിയിരിക്കുന്നു… വരിഞ്ഞുമുറുക്കി ഒരൊറ്റവലിയിൽ ആരെയോ കൊല്ലാനുള്ള അമർഷം അവളുടെ മുഖത്ത് കാണാം…

അതിനടുത്ത് ശോഷിച്ചുണങ്ങി എല്ലും തോലുമായൊരു ചെറുപ്പക്കാരൻ…
ഇരുകൈകളും ആരോ ചേർത്തുകെട്ടിയിട്ടിരിക്കുന്നു…
ചുറ്റിലും നിറയെ വിവിധ ഭക്ഷണസാമഗ്രികൾ നിരത്തിയിട്ടുണ്ട്..
ഓടിപ്പോയി ഞാനാ കെട്ടഴിച്ചു കൊടുത്തു..
സംശയിച്ചയാളെന്റെ കയ്യിലെ സെൽഫോണിൽ ഭയത്തോടെ തുറിച്ചു നോക്കി..
ഞാനത്‌ ഉയർത്തി വലിച്ചെറിഞ്ഞപ്പോൾ അയാൾ ഒരുപാടുനാൾക്ക് ശേഷമെന്നപോലെ വിശപ്പകറ്റാൻ വാരി വലിച്ചെന്തൊക്കെയോ കഴിച്ചു…

അതിനപ്പുറത്ത് കണ്ടാലൊരു എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചുപെൺകുട്ടി…
തലയിൽ തട്ടമിട്ടു മറച്ചിട്ടുണ്ട്…
ഞാനവളുടെ അടുത്ത് ചെന്നിരുന്ന് കവിളത്ത് തലോടി..
പൂജിച്ചു കെട്ടിയ രാഗിച്ചരട് കണ്ടവൾ എന്റെ കൈ തട്ടി മാറ്റി പേടിച്ചുനിന്നു..
ഞാനത് വലിച്ചെറിഞ്ഞപ്പോൾ അവളെനിക്കൊരു മുത്തം തന്നു…

പതിയെ നടന്നപ്പോൾ വലിയൊരു ബോർഡ് കണ്ടു..
“മരിച്ചവരുടെ ലോകം”
പുറത്തേക്കുള്ള വലിയ വാതിലിൽ ഉറക്കെ മുട്ടുകേട്ടു.., അടുത്ത ആൾ വരാനുള്ള സമായമാണത്രേ…
തിരിഞ്ഞുനോക്കി ഒരുപാട് മരിച്ച കണ്ണുകൾ കണ്ടെന്റെ ഹൃദയം തകർന്നു..
ഇനി വരാൻ പോകുന്നവനെ ഓർത്തു പരിതപിച്ചു..
വാതിൽ തള്ളിത്തുറന്നപ്പോൾ മിനുസമേറിയ ഒരു വലിയ കണ്ണാടി…
ഒരൊറ്റ തവണയേ നോക്കിയുള്ളൂ,
ഒരിക്കൽ കൂടി നോക്കാനുള്ള ശക്തിയില്ലാതെ ഞാനവിടെ തളർന്ന് വീണു…

പ്രണയം

“വരിക…,എനിക്കൊപ്പം…”
വാക്കുകൾ കൊണ്ടാണ് നീ അന്നും എന്നെ പ്രലോഭിപ്പിച്ചിട്ടുള്ളത്….
ഇനിയും വിശ്വസിക്കാൻ വയ്യ…

മറന്നു പോയ വാക്കുകൾ തിരികെ എടുക്കാൻ നീയിനിയും വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒരുപാടധികം തവണ നിന്റെ മടിയിൽ തല ചായ്ച്ചു കിടന്ന ഇതേ ഉമ്മറപ്പടിയിൽ ഞാൻ കണ്ണും നട്ടിരുന്നിട്ടുണ്ട്…

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നറിഞ്ഞിട്ടും…,
അഥവാ നീ വന്നു വിളിച്ചാലും ഇനിയും ഇറങ്ങിവരില്ല എന്നുറപ്പിച്ചിട്ടും…
നിന്റെ വാക്കുകൾ പളുങ്കുമണികളാണ്,
ഒന്നു നിലത്തു വീണാൽ ആയിരം തുണ്ടുകളായി ചിന്നിച്ചിതറുന്നവ…

ഓരോ വരികളിലും സ്നേഹമൊളിപ്പിച്ച നിന്റെ കവിതകൾക്ക് ഞാനിട്ട തലക്കെട്ടുകൾ പോലെ,
മരവിച്ചു ചലനമറ്റു കിടക്കുന്ന നിന്റെയും എന്റെയും പ്രണയത്തിന്റെ ശേഷിപ്പുകൾ അനാഥമായി
നാമിരുന്നു വസന്തം പടർത്തിയ മരച്ചോട്ടിലൊക്കെയും വീണുകിടപ്പുണ്ട്…

ഇല്ല ഇനിയുമവ ചെന്നെടുക്കുവാനും ഹൃദയത്തിൽ സൂക്ഷിക്കുവാനും കഴിയാത്ത വിധം ഞാൻ നിന്നെ മറന്നുപോയിരിക്കുന്നു…
നിന്നെ, നീ നൽകിയ ചുംബനങ്ങളെ, നീ പകർന്നുതന്ന മധുരമേറിയ പ്രണയവീഞ്ഞിനെ, നീ എഴുതി മുഴുമിക്കാതെ വച്ച കവിതകളെ, നീ സ്നേഹിച്ചിരുന്നെന്ന് നീ തന്നെ പറഞ്ഞ എന്നെത്തന്നെയും ഞാൻ മറന്നുപോയിരിക്കുന്നു…

ഇന്ന് വീണ്ടും നാം നടന്ന വഴികളുടെ ഓർമ പുതുക്കാൻ
നീയെനിക്ക് നൽകിയ പ്രണയത്തിന്റെ മുറിവിൽ മരുന്ന് വച്ചുകെട്ടാൻ ഒരിക്കൽ കൂടി വന്ന്‌ വിളിക്കുമ്പോൾ..,
ഇറങ്ങിവരികയാണ്‌ നിനക്കൊപ്പം…..

എത്ര മേൽ മുറിവേൽപ്പിച്ചാലും ഒരൊറ്റ വിളിയിൽ ഉരുകിപ്പോവുന്ന പരിഭവങ്ങളാണെന്നെ നിസാരയാക്കുന്നത്…
എത്ര മേൽ വാശി പിടിച്ചാലും തോറ്റ് കൊടുക്കുന്ന നിന്നോടുള്ള എന്റെ പ്രണയമാണ് എന്നും എന്നെ അബലയാക്കിയിട്ടുള്ളത്….🙂

നീ

കണ്ണീർ കുതിർന്ന മെത്തയിൽ
അരണ്ട വെളിച്ചത്തിലെന്റെ ഞരക്കം
മാത്രം കേട്ടു തഴമ്പിച്ച കിടപ്പുമുറിയിൽ..,
അവിടെ പ്രതീക്ഷകൾ ചിറകുവിരിയ്ക്കാൻ കൊക്കുരുമ്മി
അകലേക്ക് തുറന്നിട്ട ജനാലക്കമ്പികൾക്കിടയിൽ,
ഇരുട്ടിലെന്നെ പിന്തുടരാനെത്തുന്ന കാലൊച്ചകൾ കേട്ട് തിരിഞ്ഞുനോക്കുമ്പോൾ
കണ്ടെന്ന് വെറുതെ സ്വയം വിശ്വസിപ്പിയ്ക്കുന്ന നിഴലുകൾ…
പൊട്ടിക്കരയുന്നേരം പെട്ടെന്നെന്നെ നെഞ്ചോട് ചേർത്ത്
പതിയെ കണ്ണീരൊപ്പി കവിളത്ത് പൂത്തിരി തെളിയിക്കുന്ന മുത്തം….
എവിടെയും നിന്നെ മാത്രം കാണാം…
നീ വെറുമൊരു തോന്നലാണെങ്കിലോ
എന്നിടയ്ക്ക് ഞാൻ ഭയന്നിട്ടുണ്ട്…
എന്നാലന്നൊക്കെ..,
ഉമ്മറത്തെന്റെ എണ്ണ തീരാറായ തൂക്കുവിളക്കിൽ
കണ്ണു ചിമ്മാതെ ആളിക്കത്തുന്ന തിരിയായും,
കൈവിട്ടു വീഴും മുമ്പേ ഗാഢനിദ്രയിൽ നിന്നെന്നെ
ഞെട്ടിയുണർത്തുന്ന ചെപ്പടിവിദ്യയായും,
വന്നതിശയിപ്പിയ്ക്കുന്ന നീയെന്ന മാന്ത്രികൻ…
ഇടയ്ക്കെപ്പഴോ ഒന്നിടറിപ്പോയ
എന്റെ നീറുന്ന നിശ്വാസത്തിനു പോലും
നിന്റെ നനവും ഗന്ധവുമുണ്ടായിരുന്നു…
പതറുമ്പോഴൊക്കെ ആടിയുലയുന്ന ജീവിതനൗകയെ പിടിച്ചുനിർത്താൻ പങ്കായവുമായി എത്തുന്ന സഹയാത്രികൻ…
നീയൊരു പ്രത്യാശയാണ്,
നല്ല നാളെകളിലേയ്ക്കുള്ള കൈവള്ളി…
അറിയാൻ ശ്രമിയ്ക്കും തോറും കുതറി മാറുന്ന ഒരു ചെറിയ കൊള്ളിയാൻ വെട്ടം…

Create a free website or blog at WordPress.com.

Up ↑