നീ

കണ്ണീർ കുതിർന്ന മെത്തയിൽ
അരണ്ട വെളിച്ചത്തിലെന്റെ ഞരക്കം
മാത്രം കേട്ടു തഴമ്പിച്ച കിടപ്പുമുറിയിൽ..,
അവിടെ പ്രതീക്ഷകൾ ചിറകുവിരിയ്ക്കാൻ കൊക്കുരുമ്മി
അകലേക്ക് തുറന്നിട്ട ജനാലക്കമ്പികൾക്കിടയിൽ,
ഇരുട്ടിലെന്നെ പിന്തുടരാനെത്തുന്ന കാലൊച്ചകൾ കേട്ട് തിരിഞ്ഞുനോക്കുമ്പോൾ
കണ്ടെന്ന് വെറുതെ സ്വയം വിശ്വസിപ്പിയ്ക്കുന്ന നിഴലുകൾ…
പൊട്ടിക്കരയുന്നേരം പെട്ടെന്നെന്നെ നെഞ്ചോട് ചേർത്ത്
പതിയെ കണ്ണീരൊപ്പി കവിളത്ത് പൂത്തിരി തെളിയിക്കുന്ന മുത്തം….
എവിടെയും നിന്നെ മാത്രം കാണാം…
നീ വെറുമൊരു തോന്നലാണെങ്കിലോ
എന്നിടയ്ക്ക് ഞാൻ ഭയന്നിട്ടുണ്ട്…
എന്നാലന്നൊക്കെ..,
ഉമ്മറത്തെന്റെ എണ്ണ തീരാറായ തൂക്കുവിളക്കിൽ
കണ്ണു ചിമ്മാതെ ആളിക്കത്തുന്ന തിരിയായും,
കൈവിട്ടു വീഴും മുമ്പേ ഗാഢനിദ്രയിൽ നിന്നെന്നെ
ഞെട്ടിയുണർത്തുന്ന ചെപ്പടിവിദ്യയായും,
വന്നതിശയിപ്പിയ്ക്കുന്ന നീയെന്ന മാന്ത്രികൻ…
ഇടയ്ക്കെപ്പഴോ ഒന്നിടറിപ്പോയ
എന്റെ നീറുന്ന നിശ്വാസത്തിനു പോലും
നിന്റെ നനവും ഗന്ധവുമുണ്ടായിരുന്നു…
പതറുമ്പോഴൊക്കെ ആടിയുലയുന്ന ജീവിതനൗകയെ പിടിച്ചുനിർത്താൻ പങ്കായവുമായി എത്തുന്ന സഹയാത്രികൻ…
നീയൊരു പ്രത്യാശയാണ്,
നല്ല നാളെകളിലേയ്ക്കുള്ള കൈവള്ളി…
അറിയാൻ ശ്രമിയ്ക്കും തോറും കുതറി മാറുന്ന ഒരു ചെറിയ കൊള്ളിയാൻ വെട്ടം…

Advertisements

ലിപി

New Venture…Support And Promote.Need your blessings and advice..

“ലിപി” വെറും എഴുത്തുകുത്തുകളല്ല…മനസിൽ കുറിച്ചിടേണ്ടവയാണ്…ഇവിടെ ഓരോ അക്ഷരങ്ങൾക്കും ചോദിയ്ക്കാൻ അനവധി ചോദ്യങ്ങളുണ്ട്, ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമുണ്ട്..ലിപി നിങ്ങളെ ചിന്തിപ്പിച്ചേയ്ക്കാം..ചില ചിന്തകളൊക്കെ തിരുത്തിയെന്നും വരാം…വാക്കുകൾ സംസാരിയ്ക്കുന്നിടത്താണ് ചരിത്രം എഴുതപ്പെടുന്നത്..അവിടെയാണ് മാറ്റം സൃഷ്ടിയ്ക്കപ്പെടുന്നത്…ലിപി നിങ്ങൾക്കുള്ളതാണ്…,നിങ്ങൾക്ക് കൂട്ടിച്ചേർക്കാനുള്ളതാണ്….
Page Link Is Shown Below

https://www.facebook.com/write2react/

ചിലർ

​ചിലരങ്ങനെയാണ്…

പിന്നിൽ നിന്ന് പരിഹസിയ്ക്കാനും

മാറിനിന്ന് ദോഷം പറയാനും

ഇല്ലാക്കഥകൾ മെനയാനും

മാത്രമേ അവർക്കറിയൂ…

മുന്നിൽ വരാൻ അവർക്കറിയില്ല…

നേരേ മുഖമുയർത്തിനോക്കാൻ അറിയില്ല…

പറയാനുള്ളത് പറയാനറിയില്ല…

സത്യമറിയാൻ അവർക്കാശയുമില്ല…

കുറ്റപ്പെടുത്തിയിട്ടു ഫലമില്ല…

അതുകൊണ്ടാണല്ലോ…

അവർ “അവരും” 

ഞങ്ങൾ ഞങ്ങളും ആയിരിയ്ക്കുന്നത്…

ഞങ്ങളും നിങ്ങളും 

ഇരുധ്രുവങ്ങളിലാണല്ലോ….

​ആശ്വസിച്ചോളാം ഞാൻ…

നിറമേറിയ കനവുകളുമായി,
നാളെകളിൽ വിടരുന്ന

നാമ്പുകളാവാൻ കൊതിച്ച

നാളുകൾ ഞങ്ങൾക്കുമുണ്ടായിരുന്നു…

എന്നാൽ ഞങ്ങളുടെ കനവുകൾക്ക് 

അവർ മുൻകൂട്ടി വില നിശ്ചയിച്ചിരുന്നു…

അവരൊരുക്കിയ മനോഹരമായ

മതിൽക്കെട്ടുകൾക്കു പിന്നിൽ ഒരു തടവറയാണെന്നറിയാൻ ഞങ്ങൾ ഒരിത്തിരി വൈകി…

ഒടുവിൽ ഞങ്ങളുടെ പ്രതികരണശേഷിയ്ക്ക് 

അവർ കൂച്ചുവിലങ്ങിട്ടു…

ശബ്ദമുയർത്താനും ശക്തിയാർജിയ്ക്കാനും 

ഞങ്ങൾക്കനുവാദമില്ലായിരുന്നു…

ഓരോ രാവിലുമുറങ്ങാൻ തുടങ്ങുമ്പോൾ

ഞങ്ങൾ ഭയപ്പെട്ടിരുന്നു…

നാളെ ഇനി ആരുണരാതിരിയ്ക്കുമെന്നോർത്ത്…

നാളെകളിനിയുണ്ടോ എന്നൊരുറപ്പുമില്ല…

അതവരുടെ പക്കൽ പണയത്തിലാണ്…

അനുവദിച്ച കാലവധിയ്ക്കൊടുവിൽ ഈ തടവറയിൽ നിന്ന് ഞാനും രക്ഷ നേടി…

എന്റെ കനവുകളുടെ ചേതനയറ്റ മാംസപിണ്ഡം ഈ 

തടവറയിൽ ഉപേക്ഷിച്ച്…

എന്നാൽ ഇന്ന്…,

അങ്ങൊരു കൈത്തിരി ഉയരുന്നുണ്ട്..

പ്രതീക്ഷയുടെ തീനാളം…

ഇടറാത്ത മുദ്രാവാക്യങ്ങൾ..,

തടവറയിൽപ്പെട്ടുപോയ അനേകം പേർക്ക് അവ ആശ്വാസമേകുന്നുണ്ട്….

ചടുലമായ ചോദ്യങ്ങളുമായി ഒരു കൂട്ടം പേർ മുൻനിരയിൽ…

അവരുടെ ചോദ്യത്തിനുത്തരം നൽകാതെ ഒരുവനും പിന്മാറുകയില്ല….

ആളിക്കത്തട്ടെ,,അവരുടെ പ്രതിഷേധത്തിന്റെ തീജ്വാല…

അതിൽ വെന്തുവെണ്ണീറാവട്ടെ

തടവറ ഭരിയ്ക്കുന്ന മേധാവികൾ…

എന്റെ മരണത്തിലൂടെ ഒരായിരം തടവറകൾ തകർന്നുവെങ്കിൽ..,

ഞാനിവിടെ ഇരുന്ന് ആനന്ദിച്ചോളാം…

അശ്വസിച്ചോളാം….

#JusticeforJishnu

ജീവിതം ഒന്നുമാത്രം

 

ഇന്നുകൾ നാളെ ഇന്നലെകളാവും…
ഇന്നവസാനമെന്നറിയും ദിനം വരും…

അന്നിരുന്നോർക്കുമ്പോൾ നെഞ്ചൊന്നുരുകുമ്പോൾ

ഏറെയാശിച്ചിട്ടും പോവാതിരുന്നൊരിടം ഭൂപടത്തിൽ ബാക്കിയുണ്ടാവരുത്…

കൊയ്തെടുക്കാൻ കഴിയാതെ കടലാസുതുണ്ടിലൊതുക്കിയ കനവുകൾ ഒന്നും അന്നത്തെ കാറ്റിൽ പടരുന്നുണ്ടാവരുത്…

പൊരുതി ജയിക്കാൻ വിട്ടുപോയ കളികൾ ഒന്നും കരുതിവയ്ക്കരുത്…

പാടാത്ത രാഗങ്ങൾ അന്നൊരീണത്തിനായി വിങ്ങുന്നുണ്ടാവരുത്…

നാവറിയാത്തൊരു രുചിഭേദങ്ങളും നാട്ടിലുണ്ടാവരുത്..

കരയാതൊഴുകാതെ കണ്ണിലൊതുക്കിയ കണ്ണുനീരന്നവശേഷിക്കരുത്…

പൊട്ടിച്ചിരിയ്ക്കാതെ വിട്ടുപോയ സന്തോഷങ്ങളും,

പറയാൻ മറന്ന പരിഭവങ്ങളും,

അന്നൊരു പശ്ചാത്താപമാവരുത്..

ഓർക്കുക,,,അവിടെ സ്വർഗത്തിൽ നിങ്ങളുടെ കണക്കുപുസ്തകത്തിൽ ചെയ്തതും ചെയ്യാത്തതും അടയാളപ്പെടുത്തുവാൻ ഒരുവനുമുണ്ടാവില്ല…

ചെയ്യേണ്ടതൊക്കെയും ചെയ്തുതീർക്കാൻ ഈ ഒരൊറ്റ ജീവിതം മാത്രം…

ഈ ചെറിയ ജീവിതം മാത്രം…

images

ഒരിയ്ക്കലും മരിയ്ക്കാത്ത ഓർമ..

​എണ്ണിത്തീർത്ത ദിവസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ,

കയ്യിലൊരു ബസ് ടിക്കറ്റുമായി ടൗണിലേക്കൊരു പോക്കുണ്ട്…

ചുമലിലൊരു പടുകൂറ്റൻ ബാഗും,മനസ്സിൽ ഭാരമേറിയ ഒരുപിടി അനുഭവങ്ങളും…

വീട്ടിലെത്തട്ടെ,,,,,എല്ലാം ഒന്നിറക്കിവെക്കണം…

തിരികെ കൊണ്ടുപോവാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ് പൂർത്തിയാക്കണം,,വരും ദിനങ്ങളിൽ പോവാനുള്ള യാത്രകൾ,,ചെയ്തുകൂട്ടാനുള്ള കുസൃതികൾ…ഒരുക്കങ്ങൾ ഏറെ ആയതിനാൽ തലേന്ന് രാത്രി ഉറങ്ങിക്കാണില്ല…

ഇനി ഏതാനും മണിക്കൂറുകൾ….

കുറ്റ്യാടി ചുരം കേറി വരുന്ന തണുത്ത വയനാടൻ കാറ്റും,,,

പിന്നെ കുറുമ്പേറിയ കബനിയുടെ കൈവഴിയും,,,

എല്ലാം വീണ്ടും കണ്മുന്നിൽ…

കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ എല്ലാം തീരും….വീണ്ടും വണ്ടികയറി തിരിച്ചുവരും….

എങ്കിലും….ഓരോ അവധിക്കാലവും ഓരോ ഓർമയാണ്…ഒരിക്കലും മരി യ്ക്കാത്ത ഓർമ….. 

വരും ജന്മത്തിൽ..

പ്രിയ സുഹൃത്തേ…
മോഹമേറെയുണ്ടായിരുന്നൂ..
മഴചൊരിയുന്ന രാത്രിയിൽ ഏകനായ്,
തണുപ്പിന്റെ  മേലാപ്പും പുതച്ചു ഞാൻ,
കടത്തിണ്ണയിൽ വീണു കേഴുമ്പോഴും,
പുത്തനാം കുട തെല്ലൊന്നു പൊക്കിയും,
പുസ്തകസഞ്ചിയീ ചുമലേറ്റിയും,
അമ്മ തേച്ചുമിനുക്കുമുടുപ്പിട്ടു,
തോഴർ തൻ കൈകൾ കോർത്തുനടക്കുവാൻ.
നീ ചിരിക്കുന്നപോലെ ചിരിക്കുവാൻ,,,
വരും ജന്മത്തിൽ നീയായ്‌ ജനിക്കുവാൻ….
കൊച്ചുനാണയത്തുട്ടുകൾ നിൻ കയ്യിൽ
മാറിമാറിയമ്മാനമാടുമ്പൊഴും,
ഇത്തിരി മധുരം നുണയാനൊരു
മിഠായിപ്പൊതി നീളെ തിരഞ്ഞു ഞാൻ.
ഓണനാളിൽ പുതുപുടവയ്ക്കു നീ
കൈകൾ നീട്ടവേ, മാറാനുടുതുണി
പോലുമില്ലാതിടവഴി തോറുമേ
നഗ്നപാദനായ് വിങ്ങിനടന്നവൻ…
മോഹമേറെയുണ്ടായിരുന്നൂ..
നീ ചിരിക്കുന്നപോലെ ചിരിക്കുവാൻ,,,
വരും ജന്മത്തിൽ നീയായ്‌ ജനിക്കുവാൻ….
ഊണിനിന്നു വിഭവങ്ങൾ പോരെന്നു
നീ പരിഭവിച്ചീടുന്ന നേരമീ
കാലിയാം വയറിന്നൊരുനേരത്തെ
കാളലൊട്ടടക്കാനിരുവറ്റുകൾ-
ക്കായി നീറിയോൻ യാചിച്ചവൻ സദാ..
ഈ മഴ പ്രണയം പോലനുഭൂതി
നീ കവിത കുറിച്ചിടും നേരത്തു
മച്ചിലെത്തുള തന്നിൽ നിന്നിറ്റിടും
മാരിയിൽ നനഞ്ഞാകെ കുതിർന്നു ഞാൻ..
നല്ല സ്വപ്‌നങ്ങളിന്നു കാണേണ-
മെന്നുള്ളിലാശിച്ചു നീ ഉറങ്ങീടവേ..,
ഇന്നു രാവെങ്കിലും നിദ്ര വന്നിവൻ തന്നെ മെല്ലെ തഴുകാൻ കൊതിച്ചവൻ…
മോഹമേറെയുണ്ടായിരുന്നൂ…
നീ ചിരിക്കുന്നപോലെ ചിരിക്കുവാൻ,,,
വരും ജന്മത്തിൽ നീയായ്‌ ജനിക്കുവാൻ….
എങ്കിലും ഞാനേറെ അറിഞ്ഞൂ..
നിന്റെ താളിലൊതുങ്ങാത്തറിവുകൾ…
വിങ്ങിടുന്നോന്റെ വെമ്പലറിഞ്ഞൂ…
ഏകനായോന്റെ കണ്ണീർ രുചിച്ചൂ…
മൃത്യു തൻ ഭീതി നേരിൽ ഞാൻ കണ്ടൂ..
ജീവിതത്തിന്റെ മൂല്യം അറിഞ്ഞൂ..
എന്നിരിക്കിലും വീണ്ടും കൊതിച്ചൂ…,,
നീ ചിരിക്കുന്നപോലെ ചിരിക്കുവാൻ,,,
വരും ജന്മത്തിൽ നീയായ്‌ ജനിക്കുവാൻ….

image