ആകാശം

അറിയാത്തവയൊക്കെയും
നീലയാണെന്നൊരിയ്ക്കൽ അച്ഛൻ പറഞ്ഞു…

ശരിയായിരിയ്ക്കണം…

അവനെന്നും നീലയാണ്..

നോക്കിനോക്കി കണ്ണ് കഴച്ചാലും

മനം മടുപ്പിയ്ക്കാത്ത നീല…

ഇന്നോളമവന്റെ ശബ്ദമാരും കേട്ടിട്ടില്ല…

അവനൂമ ആയിരുന്നത്രെ…

എങ്കിലും തിമർത്തുപെയ്തവൻ വിങ്ങുന്നതും

തെളിഞ്ഞുപുഞ്ചിരി തൂകുന്നതും

ഞാനെത്ര കണ്ടിരിയ്ക്കുന്നു…

ഇടയ്ക്കൊക്കെ നിറം മാറി

അവനെന്നെ പ്രലോഭിപ്പിയ്ക്കും..

ഞാനവനോട് പരിഭവിയ്ക്കും,

പരാതി പറയും…

എഴുനിറമുള്ള ചേലചുറ്റി,

കളിയെന്നു ചൊല്ലിയെന്റെ കവിളത്ത് 

നുണക്കുഴി വിടർത്തും….

ഇടയ്ക്കവനെന്നോട് പിണങ്ങും…

വാശിതീർക്കാൻ ഒരുപാടുറക്കെ

അട്ടഹസിയ്ക്കും….

അവന്റെ മുഖമപ്പോൾ ചുവന്നുതുടുക്കും..

കോപം കൊണ്ടവനാളിക്കത്തും…

പേടിച്ചരണ്ടു ഞാൻ ഇറയത്ത്

കണ്ണുചിമ്മിയിരിയ്ക്കും…

അവന്റെ മനസലിയും…

ആർത്തുപെയ്തവന്റെ കണ്ണീരിൽ 

എന്നെ ആകെ നനയ്ക്കും…

അവനോടെന്നും പ്രണയമായിരുന്നു..

ഇന്നോളമത്രമേലാരെയും

അറിഞ്ഞിട്ടില്ല.

എങ്കിലുമവനും ഏറ്റുചൊല്ലും.

“അറിയാത്തവയൊക്കെയും നീലയാണ്,

അവനും നീലയാണത്രേ…”

Advertisements

ഒരുവൾ

ഒരുവളുണ്ട്….

ഒരിയ്ക്കലുമറിയില്ലെങ്കിലും

നിഴൽ പോലെ കൂടെ നിൽക്കുന്നവൾ….

അവളുടെ മാറുചുരത്തും മധുരവും,

താരാട്ടിന്റെ താളവും,

മടിത്തട്ടിന്റെ ചൂടും,

പകരം വയ്ക്കാനില്ലാത്തവ…

പത്തു മാസം ഉദരത്തിലും

പിന്നൊരു ജന്മമാകെ ഹൃദയത്തിലും

കൊണ്ടു നടക്കുവോൾ…

എന്നേക്കാൾ എന്നെ നന്നായറിയുന്നോൾ….

ഒരേസമയം എന്നെയുറക്കാൻ മൃദുലവും,

തളരുന്നെനിക്ക് താങ്ങാവാൻ ബലിഷ്ഠവും,

കൈകളെ മാറ്റാൻ കഴിവുള്ളോൾ…

ഉള്ളിൽ കരഞ്ഞുകൊണ്ട് എന്നെ ചിരിപ്പിയ്ക്കാൻ കഴിയുവോൾ….

നെഞ്ചിൽ പുകഞ്ഞുകൊണ്ടെന്നെ

സാന്ത്വനിപ്പിയ്ക്കാൻ കഴിയുവോൾ…

അവളില്ലാതെങ്ങനെ പൂർണമാവും,

കവിതയും കഥയുമെൻ ജീവിതവും…??
HaPpY MoTHeR’s DaY……😍😍😍😍

​ഓർമയിൽ ഒരു വിഷുക്കാലം…

ഒരുപാട് കൊതിച്ചു കിട്ടുന്നൊരു വേനൽക്കാലമുണ്ടായിരുന്നു…
വിരസമായ ക്ലാസ്സുകൾക്കും ദൈർഘ്യമേറിയ

പരീക്ഷകൾക്കുമൊടുവിൽ 

തെല്ലൊരാശ്വാസമായി കടന്നുവരുന്ന അവധിക്കാലം…

ഒരു വർഷത്തെ മുഴുവൻ വിശേഷങ്ങളും പങ്കുവക്കാൻ,

എല്ലാ വേദനകളും മറന്നാനന്ദിയ്ക്കാൻ,

ഒത്തുചേരലിന്റെ ആഘോഷമായി ഒരു വിഷുക്കാലം..

കൊളുത്തിയ നിലവിളക്കിൻ തിരിവെട്ടത്തിൽ

നീലക്കുറുമ്പന്റെ കണ്ണുകൾ തിളങ്ങുന്നത് കണികണ്ടുണരും…

കണിക്കൊന്ന പൂവിട്ട വഴിത്താരകളിൽ

പുലർച്ചെ തന്നെ ബാല്യത്തിന്റെ കാഹളമുണരും…

കണിവെള്ളരി തൂക്കുന്ന കോലായിൽ 

പുതുപുടവയുടെ മണമൊഴുകും…

കുറുമ്പേറിയ കുസൃതിക്കുരുന്നുകൾ

കുഞ്ഞിക്കൈകൾ നീട്ടി കാത്തിരിയ്ക്കും…

കൈനീട്ടത്തിന്റെ തുട്ടുകൾ ആ 

ചുണ്ടുകളിൽ പൗർണമി വിടർത്തും…

ഇടത്തോട്ടിലയിട്ട അടുക്കളയിൽ രുചി 

ഒരുത്സവം തീർക്കും…

അന്നൊരുവനും വിശന്നിരിയ്ക്കില്ല…

വരുന്നോരെ എല്ലാം വിളിച്ചൂട്ടുന്ന വിഷുവാണ്…

ഇരുൾ വീണാൽ പിന്നെ പൂരമാണ്…

നിറം പെയ്യുന്ന അമിട്ടുകൾ ആകാശത്തു നൃത്തം ചവിട്ടും…

അന്നെല്ലാർക്കും ആഘോഷമാണ്…

ഹൃദയം നിറഞ്ഞൊഴുകുന്ന പുഞ്ചിരിയാണ്…

ഇത് സമൃദ്ധിയുടെ ഉത്സവമാണ്…

സ്നേഹത്തിന്റെ കൈകോർക്കലാണ്…

HaPpY Vishu….😍😍😍

ചില തോന്നലുകൾ

ജീവിതത്തിൽ ഇടയ്‌ക്കെങ്കിലും
മൗനത്തിനു കാതോർത്തിട്ടുണ്ടോ?

രാത്രിയുടെ മൂകമായ യാമങ്ങളിൽ

ഒരിയ്ക്കലെങ്കിലും പിന്നിലൊരു കാലൊച്ച കേട്ട് തിരിഞ്ഞുനോക്കിയിട്ടുണ്ടോ?

ആരും പിൻതുടരുന്നില്ലെന്നാശ്വസിച്ച് ബോധപൂർവം വിസ്മരിച്ചിട്ടുണ്ടോ?

മരണം മണക്കുന്ന ശ്മശാനഭൂവിൽ ഒറ്റയ്ക്ക്

ശൂന്യത തേടി നടന്നിട്ടുണ്ടോ?

എങ്കിൽ അവിടെ മാത്രം കേൾക്കാം,

നിശബ്ദതയുടെ ശബ്ദം….

ഭീതിയോടെ മാത്രം കണ്ടിരുന്ന ആരുടെയൊക്കെയോ 

മൂർച്ചയേറിയ നോട്ടം നമ്മെ തുളച്ചുകേറുന്നതായി തോന്നാം….

അവർക്ക് എന്തോക്കെയോ പറയാനുണ്ടാവും..,

ചെയ്തു തീർക്കാനുണ്ടാവും….

ഗാഢമായ ഉറക്കത്തിനിടയിൽ കാരണമില്ലാതെ

ഞെട്ടിയുണർന്നിട്ടുണ്ടോ?

വീണ്ടും കണ്ണുകൾ മുറുകെ അടച്ച് ശാന്തിയുടെ പുതപ്പ് മൂടിക്കിടന്നിട്ടുണ്ടാവും…

ഒരിരുണ്ട രാവിൽ വാതിൽക്കൽ ആരോ വന്ന്

മുട്ടിവിളിയ്ക്കുന്നതായി തോന്നി

ജാലകം വഴി എത്തിനോക്കിയിട്ടുണ്ടോ?

തോന്നലാണെന്നുള്ളിൽ പറഞ്ഞാശ്വസിച്ച്

മറ്റെന്തോ തിരക്കുകളിലൊളിച്ചു കാണും…

ഈ വരികൾ വായിച്ച് തീർത്തൊടുവിലൊരു

നേർത്ത നെടുവീർപ്പുമായിരിയ്ക്കുമ്പോൾ

ഇതിലൊന്നെങ്കിലും തെല്ലലോസരപ്പെടുത്തിയോ?

ഇല്ല…,ഇല്ലാത്തവയുണ്ടെന്ന് തോന്നി

ശൂന്യതയിൽ ഒരു ലോകം സൃഷ്ടിയ്ക്കാൻ നമുക്കെന്തവകാശം?

​തോറ്റു ജയിച്ചവർ

“കോട്ടും സൂട്ടുമിട്ട വെള്ളക്കാരുടെ
കുരുക്കിട്ട കയറിന്മേലൊരറ്റത്ത്

കണ്ണടയ്ക്കേണ്ടി വന്ന ഒരുവനുണ്ട്…

എന്നാലൊടുവിലത്തെ ശ്വാസം വരെ

തുറന്ന കണ്ണുകളുടെ മൂർച്ചയാൽ

എതിർത്തവന്റെ ഹൃദയം കീറിയോൻ…”

“സൂര്യകിരണം പോലുദയം ചെയ്ത്

സൂതസുതനെന്നപമാനിതനായോനുണ്ട്

വിജയമെന്തെന്നറിയാത്തൊരുവൻ..

എങ്കിലുമാ ധീരയോദ്ധാവിനൊരു

സുദൃഢമാം മരണശയ്യയൊരുക്കുവാൻ

ചതി മാത്രം വഴിയെന്നു തീർത്തവൻ…”

“പോറ്റിവളർത്തിയ നാടിൻ തെറ്റുകൾ

ജീവൻ പണയം വച്ചെഴുതിയോളുണ്ട്..

ജീവിയ്ക്കാൻ പിന്നൊരിടമില്ലാതായോൾ..

എങ്കിലുമവളുടെ തൂലികത്തുമ്പിൽ 

കത്തിയെരിഞ്ഞ പ്രതിഷേധത്തീച്ചൂള 

ഇന്നും കെടാതനവധി ഹൃത്തിലാളുന്നുണ്ട്…”

നിങ്ങളാണ് യഥാർത്ഥ നായകർ…

ഞങ്ങളെ പൊരുതാൻ പഠിപ്പിച്ചവർ..

തോൽക്കുവാൻ ധൈര്യം തന്നോർ..

ജയിക്കാൻ ഊർജം തന്നോർ…

തോൽവി തോൽവിയാകുവതെങ്ങനെ??

അതേറ്റുവാങ്ങാതിരുന്നാൽ??

ചില നാട്ടിൻപുറങ്ങൾ..

പരിഷ്‌കാരം ഒരു തരത്തിലും വന്നു പതിയ്ക്കാത്ത ചില നാട്ടിൻപുറങ്ങളുണ്ട്…
അവിടെ കാതടപ്പിയ്ക്കുന്ന രൗദ്രതാളങ്ങൾ അവരുടെ ഉറക്കം കെടുത്താറില്ല….

എന്നാലാ വയലേലകളിൽ നാടൻപാട്ടിന്റെ ശീലുകൾ എന്നും മുഴങ്ങാറുണ്ട്….

ഒത്തുചേരലിന്റെ വസന്തമായി അവിടെ ക്ലബ്ബുകളും പാർട്ടികളും ഉണ്ടാവാറില്ല…

എങ്കിലുമവിടെ ഒരുമിച്ചിരുന്ന് സൊള്ളാൻ ചായപ്പീടികകളും ആൽമരത്തറകളും സുലഭമാണ്….

ലാറ്റിൻ നൃത്തച്ചുവടുകൾ അവരുടെ കൈകാലുകൾക്ക് വഴങ്ങാറില്ല…

എങ്കിലും തെയ്യവും തിറയും കെട്ടിയാടാൻ മാത്രം അവർ തളർന്നിട്ടില്ല….

സാൻവിച്ചും ബർഗറും ഇതുവരെ അവരുടെ പ്രാതലിൽ ഇടം നേടിയിട്ടില്ല…

എന്നാൽ പ്ലാവിലയിൽ കോരിയെടുക്കുന്ന കുത്തരിക്കഞ്ഞിയുടെ രുചി അവർക്ക് സ്വന്തമാണ്…

ആഡംബര കാറുകളുടെ ആക്സിലേറ്ററിന്റെ ആവേശം അവർക്കിന്നുമറിയില്ല…

എങ്കിലും ഒരു വടി ചുഴറ്റി ടയർ ഓടിയ്ക്കുന്ന ബാല്യങ്ങൾ അവിടെ ധാരാളമാണ്…

അവരുടെ തീൻമേശയ്ക്കു മീതെ വിലയേറിയ വൈൻകുപ്പികളിൽ വീഞ്ഞിന്റെ ലഹരിയില്ല….

എന്നാൽ അവർക്ക് ജീവിതം തന്നെ ലഹരിയാണ്….

ഒരിയ്ക്കലും മടുക്കാത്ത ലഹരി…

ചില നാട്ടിൻപുറങ്ങൾ

മരം പെയ്ത വസന്തം 

​ഒരു കൊടുങ്കാറ്റിലുമിളകാത്ത

ഒരു കൂറ്റൻ വൃക്ഷമുണ്ടായിരുന്നു…

അതിന്റെ പടർന്നുപന്തലിച്ച ശാഖകളിൽ 

എന്നും കിളിയൊച്ചകൾ പെയ്തിരുന്നു…

അതിന്റെ തണലിനുകീഴിൽ

അനേകം ചെടികളും വള്ളിപ്പടർപ്പുകളും

സസുഖം വാണിരുന്നു…

അതിന്റെ വലിയ വേരുകളാഴ്ന്ന മണ്ണിൽ

വെയിലിന്റെ കാഠിന്യമറിയാതെ

പലരും സൊറ പറഞ്ഞിരിയ്ക്കാറുണ്ടായിരുന്നു…

ഓരോ വസന്തവും ശിശിരവും ഹേമന്ദവും

അവിടെ പൂവിട്ടത്

അതിന്റെ ചുവട്ടിലായിരുന്നു..

പലവേളയും അവരുടെ ശബ്ദമായി മാറിയത് അതിന്റെ പച്ചിലകളായിരുന്നു…

ഒടുവിലൊരിയ്ക്കൽ മഴുവുമേന്തി ചിലരെത്തി…

“ഈ മരം മുറിയ്ക്കണമത്രേ..

വിലയേറിയ തടിയാണത്രെ…”

കേട്ടവർ കേട്ടതങ്ങേറ്റുപാടി..

“ഈ തടിയ്ക്ക് ഉള്ളില്ലത്രേ…”

ചിലരത് മാറ്റിയങ്ങൊത്തുപാടി..

“ഈ മരം തടിയ്ക്ക് കേടാണത്രെ..”

ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു..

അത് കേട്ടവസാനം കിളികളും ചെടികളും

ഒന്നുമറിയാത്ത കുഞ്ഞുകീടങ്ങളും

ഒരുമിച്ചുനിന്നങ്ങാർത്തലച്ചു…

“ഈ മരം ചതിയനാണ്..

മഴയും വെയിലുമറിയാതെ ഇവൻ നമ്മെ തളച്ചിടുകയായിരുന്നു…

അറുത്തുമാറ്റണമിവനെ..”

അന്നുമാ മരമൊട്ടും കുലുങ്ങിയില്ല…

മെല്ലെയൊന്നു നെടുവീർപ്പിട്ടു..

“അതെ ചതിയൻ…,ഇത്രനാളും ഞാൻ അതാണല്ലേ ചെയ്തത്??”

അന്നാ അവസാന രാത്രിയിൽ

ഒരു പേമാരി പെയ്തു…

പ്രളയമായിരുന്നു അത്…

മാറ്റത്തിന്റെ പ്രളയം…

വിജയത്തിന്റെ പ്രളയം…

സർവരുമതിലാണ്ടുപോയി…

നെഞ്ചുവിരിച്ചു നിന്നാ മരം മാത്രം..,

നേരെ ഉയർന്നുനിന്നു…

നാളെ അവർ മഴുവുമായെത്തട്ടെ..

ഇനിയീ മരം മുറിച്ചുകൊള്ളട്ടെ…

എങ്കിലുമിക്കാലമത്രയും ഈമരം നെയ്ത വസന്തമൊന്നും 

ഒരു മഴുവിനും പിഴുതുകളയാനാവില്ലല്ലോ….

സുഖമുള്ളൊരു വേദന


​നെഞ്ചിലിടയ്ക്കൊരു മൂർച്ചയേറിയ സൂചി കുത്തുന്ന വേദന…

സൂചിമുനയിൽ നിന്ന് വാർന്നൊഴുകുന്നത് രക്തമല്ല….

ഓർമകളാണ്….ഒരായിരം ഓർമ്മകൾ…

കനവുകളും നിനവുകളുമെല്ലാം ചേർന്ന് മനോഹരമാക്കിയവ…. അവയിലെവിടെയോ എന്തോ ഒന്ന് നഷ്ടപ്പെട്ടപോലെ……

തിരിച്ചെടുക്കാൻ കഴിയാത്ത വിധം മനസെവിടെയോ ഉടക്കിയിരിക്കുന്നു…

അതങ്ങനെ തന്നെ തുടരട്ടെ…

സൂചിമുന വീണ്ടും ആഴ്ന്നു തറയ്ക്കട്ടെ…

ആ വേദനയ്ക്കും ഒരു സുഖമുണ്ടല്ലോ…

😍

കറുപ്പിനോടുള്ള പ്രണയം..

പലരും പറഞ്ഞുകേട്ടു…

കറുപ്പിനോട് അവർക്കു വെറുപ്പാണത്രെ..

കറുപ്പ് അജ്ഞത ആണത്രേ,

അന്ധകാരത്തിന്റെ പ്രതീകമാണത്രെ…

ഇരുളിന്റെ നിറമാണത്രെ….

ഏകാന്തതയുടെ വേദനയാണത്രെ…

ഭയത്തിന്റെ ഭീകരതയാണത്രേ…

കാലന്റെ മുഖപടത്തിനു പിന്നിലൊളിഞ്ഞിരിക്കുന്ന മൂർച്ചയേറിയ കണ്ണുകളിലെ തീക്ഷ്ണമായ നോട്ടമാണത്രെ..

മരണമാണത്രേ കറുപ്പ്…മരണം…

എന്നാൽ എനിക്ക്  കറുപ്പ് നിദ്രയാണ്….

സ്വസ്ഥമായ നിശ്ശബ്ദതയാണ്…

ശാന്തിയുടെ പുതപ്പാണ്…

മുടിച്ചുരുളിൽ ഒഴുകുന്ന അഴകാണ്…

രാത്രിയുടെ ഏഴാം യാമങ്ങളിൽ പതിയെ പടരുന്ന കനവാണ്…

ആർത്തുപെയ്തു മനം നിറഞ്ഞൊഴുകുന്ന മേഘമാണ്…

സമുദ്രത്തിന്റെ ആഴങ്ങളിലെ അതിശയങ്ങളുടെ ഗർത്തങ്ങളാണ്…

അനന്തമായ ആകാശത്തിന്റെ  വിശാലതയിലെങ്ങോ പതഞ്ഞു പൊങ്ങുന്ന സുഖകരമായ ഒരു ശൂന്യതയാണ്….

പ്രണയമാണ് കറുപ്പ്…പ്രണയം

കറുപ്പിനോടുള്ള പ്രണയം
പലരും പറഞ്ഞുകേട്ടു…

കറുപ്പിനോട് അവർക്കു വെറുപ്പാണത്രെ..

കറുപ്പ് അജ്ഞത ആണത്രേ,

അന്ധകാരത്തിന്റെ പ്രതീകമാണത്രെ…

ഇരുളിന്റെ നിറമാണത്രെ….

ഏകാന്തതയുടെ വേദനയാണത്രെ…

ഭയത്തിന്റെ ഭീകരതയാണത്രേ…

കാലന്റെ മുഖപടത്തിനു പിന്നിലൊളിഞ്ഞിരിക്കുന്ന മൂർച്ചയേറിയ കണ്ണുകളിലെ തീക്ഷ്ണമായ നോട്ടമാണത്രെ..

മരണമാണത്രേ കറുപ്പ്…മരണം…

എന്നാൽ എനിക്ക്  കറുപ്പ് നിദ്രയാണ്….

സ്വസ്ഥമായ നിശ്ശബ്ദതയാണ്…

ശാന്തിയുടെ പുതപ്പാണ്…

മുടിച്ചുരുളിൽ ഒഴുകുന്ന അഴകാണ്…

രാത്രിയുടെ ഏഴാം യാമങ്ങളിൽ പതിയെ പടരുന്ന കനവാണ്…

ആർത്തുപെയ്തു മനം നിറഞ്ഞൊഴുകുന്ന മേഘമാണ്…

സമുദ്രത്തിന്റെ ആഴങ്ങളിലെ അതിശയങ്ങളുടെ ഗർത്തങ്ങളാണ്…

അനന്തമായ ആകാശത്തിന്റെ   വിഹായസ്സുകളിലെങ്ങോ പതഞ്ഞു പൊങ്ങുന്ന സുഖകരമായ ഒരു ശൂന്യതയാണ്….

പ്രണയമാണ് കറുപ്പ്…പ്രണയം..

Create a free website or blog at WordPress.com.

Up ↑