ബലിയുരുള

ദർഭപ്പുല്ല് വിരിച്ച പീഠത്തിൽ കണ്ണുകളടച്ചു മൂകനായിരിക്കുന്നത് നന്ദുവല്ലേ..,അതെ.. അവനിത്രമേൽ പക്വത എവിടെ നിന്നാണ് ആർജ്ജിച്ചെടുത്തത്? ഒരൊറ്റ നിമിഷം പോലും അടങ്ങി ഇരിക്കാൻ തയ്യാറാവാത്തവൻ അത്യധികം ഏകാഗ്രതയോടെ ധ്യാനത്തിൽ മുഴുകിയിരിക്കുന്നു.അവനത്ര മേൽ അച്ഛനെ സ്നേഹിച്ചിരുന്നിരിക്കണം..അല്ലെങ്കിലും അച്ഛന് മോക്ഷം കിട്ടാൻ മകനല്ലാതെ ആരാണ് തർപ്പണം ചെയ്യുക? ഇടത്തോട്ട് വിരിച്ചിട്ട വാഴയിലയിൽ എള്ളും പൂവും ചേർത്തുരുട്ടിയെടുത്ത മൂന്നു നാലു പച്ചരിച്ചോറുരുളകൾ.ദർഭ അണിഞ്ഞ വിരലുകൾ ചേർത്തു പിടിച്ച കൈക്കുമ്പിളിൽ പുണ്യാഹതീർത്ഥം.അവന്റെ ചുണ്ടുകൾ പതിയെ ചലിക്കുന്നുണ്ടോ?അവനെന്തൊക്കെയോ സംസാരിക്കുന്നുണ്ടോ?ഏയ്, അല്ല അവൻ ഉരുവിടുന്നത് മന്ത്രങ്ങൾ ആയിരിക്കാം.പിതൃപരമ്പരക്ക് മോക്ഷം കൈവരിക്കാനും അവരുടെ ഇഹലോകവാസം സമാധാനപൂർണമാവാനും വേണ്ടിയാണ് നന്ദുവിത്ര മേൽ ഭയഭക്തിയോടെ ആചാര്യന് മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നത്.

നിറഞ്ഞ കണ്ണുകളോടെ, വാടിത്തളർന്നു തന്റെ സ്നേഹിതന്റെ വേർപാടിൽ മനം നൊന്ത് നന്ദുവിന്റെ അമ്മ.ഇത്രമേൽ തളരണമെങ്കിൽ അവൾ അവളുടെ ഭർത്താവിനെ എത്ര മാത്രം സ്നേഹിച്ചിട്ടുണ്ടാവും? അവളുടെ ഈറനായ മുടിത്തുമ്പിൽ നിന്നിപ്പോഴും ഇറ്റിറ്റു വീഴുന്നുണ്ട്, സ്നേഹത്തിന്റെ മണമുള്ള വിയർപ്പുതുള്ളികൾ. നേരിയ മുണ്ടിന്റെ കോന്തലിൽ അവളുടെ കണ്ണീരുപ്പ് ചായം പുരട്ടിയിട്ടുണ്ട്.നെറുകയിൽ ഇപ്പോഴും മായാതെ, മങ്ങലേൽക്കാതെ കുങ്കുമപ്പാട് കാണാം.അവൾക്ക് തന്റെ ജീവിതം ഇനി എത്ര മേൽ ദുസ്സഹമായിരിക്കും?തന്റെ പാതി തന്നെ വിട്ടുപോയതിന്റെ വേദനയിൽ നിന്നും അവളെങ്ങനെ കരകേറാനാണ്?

സ്നേഹിച്ച പെണ്ണിനെ അയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നപ്പോൾ ഒരിക്കലെങ്കിലും അവൾ ഒറ്റക്കാവുമെന്ന് കരുതിക്കാണുമോ? ക്ഷേത്രമുറ്റത്ത് അഗ്നിസാക്ഷിയായി വേട്ടു പുടവ കൊടുത്തവൾക്കൊപ്പം പതി എന്നും കൂടെയുണ്ടാവുമല്ലോ.പിന്നെന്തിന് പേടിക്കണം.എന്നിട്ടും ഒരൊറ്റ നിമിഷം കൊടുത്തുതീർക്കാൻ കഴിയാതെ പോയ ബാധ്യതകളെ കുറിച്ച് മാത്രമേ അയാൾ ചിന്തിച്ചുകാണൂ.അല്ലെങ്കിൽ അയാൾ ഇങ്ങനെ ചെയ്യുമായിരുന്നോ?

മറ്റെല്ലാ കണ്ണുകളും കവിഞ്ഞൊഴുകുമ്പോൾ നിളയുടെ വിശാലമായ മണൽപ്പരപ്പിൽ ഇരുന്ന് കൊച്ചരിപ്പല്ലുകൾ കാട്ടി പുഞ്ചിരിക്കുന്നതാരാണ്? നന്ദുവിന്റെ കുഞ്ഞനിയത്തിയല്ലേ?അവൾക്ക് ഒന്നും അറിയാനുള്ള പ്രായമായില്ലല്ലോ.അച്ഛൻ എങ്ങുപോയെന്ന് അവൾ ചോദിച്ചു കാണുമോ.അഥവാ ചോദിച്ചാൽ തന്നെ അച്ഛൻ സ്വർഗ്ഗത്തിലേക്ക് ടാറ്റ പോയെന്ന് പറഞ്ഞുകൊണ്ട് അവളെ അമ്മ സമാധാനിപ്പിച്ചുകാണും. തിരിച്ചുവരുമ്പോൾ അച്ഛൻ കൊണ്ടുവരുന്ന വർണക്കടലാസിൽ പൊതിഞ്ഞ മധുരമേറിയ മിഠായികൾക്കായി കാത്തിരിക്കുകയാവും. മണലിൽ കൊച്ചുകൈകൾ പതിയെ അമർത്തി കെട്ടിപ്പടുത്ത ഒരു കുഞ്ഞുകൊട്ടാരം.ഒരൊറ്റ തട്ടിന് അവൾ തന്നെ അത് തകർത്തു വീഴ്ത്തി കളഞ്ഞു.വീണ്ടും പഴയപോലെ മണൽപ്പരപ്പിൽ കൊട്ടാരം നിർമിക്കാൻ കൊച്ചുകൈകൾ ഒരുങ്ങിക്കഴിഞ്ഞു.എത്ര ലാഘവത്തോടെയാണ് ആ കൊട്ടാരം തകർന്നടിച്ചു വീണത്.അവളുടെ അച്ഛന്റെ ജീവിതവും ഇങ്ങനെ തന്നെ ആയിരുന്നില്ലേ.ഒരൊറ്റ നിമിഷത്തിൽ തോന്നിയ കയ്യബദ്ധം വേദനിപ്പിച്ചിരിക്കുന്നത് എത്ര പേരെയാണ്.സ്നേഹത്തിന്റെ തറക്കല്ലുപാകി വർഷങ്ങളായി പടുത്തുയർത്തിയ മനോഹരമായ മണിമാളിക കേവലം ഒരു മുഴം കയറിന്റെ ബലത്തിലാണ് തകർന്നു തരിപ്പണമായത്. എന്നാൽ കൊച്ചുമോൾ വീണ്ടും പടുത്തുയർത്തും പോലെ ആ മണിമാളിക വീണ്ടും സൃഷ്ടിക്കാൻ ഇനിയൊരിക്കലും അവളുടെ അച്ഛന് കഴിയില്ലല്ലോ.അല്ലെങ്കിൽ തന്നെ വീഴ്ചകളിലും തളർച്ചകളിലുമൊക്കെ പതറാതെ ഇടറാതെ വീണ്ടും ഉദിച്ചുയർന്നു പരിശ്രമിക്കാൻ കഴിവുള്ളവർ ഭീരുവിനെ പോലെ ഒരു മുഴം കയറിൽ തന്റെ ജീവൻ ഒടുക്കുകില്ലല്ലോ.

എവിടെ വച്ചാവും അയാളുടെ കാലുകൾ പതറിപ്പോയത്? ജീവിതത്തോട് പൊരുതി തോൽക്കാൻ പോലുമുള്ള ധൈര്യമില്ലാതെ ശക്തി ചോർന്നുപോയത്? കേവലമൊരു മണൽത്തിട്ടയുടെ കെട്ടുറപ്പ് പോലുമില്ലാതെ പൊള്ളയായി പോയത്? എവിടെയൊക്കെയോ അയാൾ തോറ്റു പോയിരിക്കുന്നു.മുറിവേറ്റവനായിരുന്നു അവൻ.എങ്കിലും സ്നേഹം കൊണ്ടാ മുറിവൊപ്പി അതിൽ ആത്മവീര്യത്തിന്റെ മരുന്ന് പുരട്ടാൻ അവന് കഴിയുമായിരുന്നില്ലേ?

ഇതു പോലൊരിക്കൽ നിസ്സഹായനായ വെറുമൊരു കാഴ്ചക്കാരനെ പോലെ എന്റെ തർപ്പണം നോക്കിക്കാണാൻ എനിക്ക് കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.ചെയ്തതൊക്കെ തെറ്റായിരുന്നെന് ഇപ്പോൾ തോന്നുന്നു.നന്നേ വൈകിയിരിക്കുന്നു.നന്ദു ഉരുട്ടിവച്ച ബലിയുരുളച്ചോറ് വാഴയിലയിൽ വെറുതെ ഇരുന്ന് വെയിലേറ്റുണങ്ങി.ഒരുപാട് തവണ അവൻ കൈകൊട്ടി വിളിച്ചിട്ടും ഒരൊറ്റ കാക്ക പോലും വന്നെത്തി നോക്കിയില്ല.അല്ലെങ്കിലും തോറ്റു പോയവന്റെ ബലിച്ചോറിന് എച്ചിലിന്റെ വില പോലുമില്ലല്ലോ.കണ്ണുകൾ പാടെ നിറഞ്ഞു കവിഞ്ഞു.നെഞ്ചിനുള്ളിൽ വല്ലാത്ത കനം.പ്രിയപ്പെട്ടവരെ ഒരിക്കൽ കൂടി നോക്കി മനസ്‌ നിറച്ചു.ഇനി ഒരിക്കലും ഒരു തിരിച്ചുപോക്കില്ല.ജീവിതം ഇവിടെ വച്ച് അവസാനിച്ചിരിക്കുന്നു.എങ്കിലും ഉള്ളിലെ നന്മ മൊത്തം ഇവിടെ ഇവർക്കൊപ്പം ബാക്കി വച്ചിട്ടാണ് പോവുന്നത്…അവസാനത്തെ യാത്രക്കൊരുങ്ങുമ്പോൾ ഒരുപിടി ചോറ് പോലും എനിക്ക് വേണ്ടി വെറുതെയാവരുത്..വാഴയിലയിൽ വരണ്ടുണങ്ങിത്തുടങ്ങിയ ചോറുരുള പൊടുന്നനെ അപ്രത്യക്ഷമായി…ജീവിതം തോൽപ്പിച്ചവന് ജയിക്കാൻ മരണം ഒരവസരം തന്നെങ്കിലോ എന്ന് പ്രതീക്ഷിച്ച് ഞാനെന്റെ അവസാനത്തെ ചോറുരുള ഉണ്ടു വിശപ്പടക്കി..ഇത്ര മേൽ സ്വാദിഷ്ടമായ ഒന്നും ജീവിതത്തിൽ ഇന്നേവരെ കഴിച്ചിട്ടേ ഇല്ല….

Advertisements

5 thoughts on “ബലിയുരുള

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s