ഒരമ്മയുടെ കാത്തിരിപ്പ് (അനിവാര്യമായ മാറ്റങ്ങൾ)

എന്റെ സിരകളിലും ധമനികളിലും
ഒഴുകുന്ന ചോരയിൽ നിന്ന്
നിനക്ക് ഞാൻ ജന്മം നൽകി.
പക്ഷേ, അന്ന് ഞാൻ അറിഞ്ഞിരുന്നില്ല
അതിൽ ശുദ്ധവും അശുദ്ധവുമെന്ന്
വേർതിരിവുണ്ടായിരുന്നെന്ന്.
അന്നറിഞ്ഞിരുന്നുവെങ്കിൽ
മലിനമായൊരാ രക്തമെൻ
ഞരമ്പു ചീന്തി ഒഴുക്കിവിട്ടേനെ,
അശുദ്ധി നിന്നിൽ പടരാതിരിക്കാൻ…
എന്നിലൂടെ നീ പ്രപഞ്ചം
കണ്ടു,
എന്റെ ഹൃത്തു നിനക്കായ് മിടിച്ചു.
നിന്റെ നാവിൽ മധുരം കിനിയാൻ
ജീവാമൃതമീ മാറു ചുരന്നു..
എന്റെ മടിത്തടം നിന്നെ ഉറക്കാൻ
എത്രയോ രാവുകൾ മെത്തയായ് മാറി.
എന്റെ കൈകൾ ‘അബല’മെങ്കിൽ പോലും
എന്നും അവ നിനക്ക് കവചങ്ങളായി.
നിന്റെ കണ്ണുകൾ നിറയുമ്പോൾ
നിനക്ക് വേണ്ടി ഞാനായിരുന്നു വിങ്ങിയത്.
ഒടുവിലൊരിക്കൽ കവിളിൽ ഒരുമ്മ തന്ന് നീ പോവാനൊരുങ്ങി.
വീണ്ടും കാണാമെന്നു ചൊല്ലി നീ അന്നകന്നപ്പോൾ
നിനക്കും എനിക്കുമിടയിൽ പലരും മതിലുകൾ കെട്ടിപ്പടുക്കുമെന്ന് അറിഞ്ഞിരുന്നില്ല.
പലരും ചേർന്ന് മുദ്രകുത്തി
ഞാൻ അശുദ്ധയെന്ന്..
നിന്നെ കാണാൻ ഞാൻ യോഗ്യയല്ലെന്ന്.
എല്ലാം സഹിച്ചീ അകത്തളത്തിൽ,,നീ
എനിക്കായ് ശബ്ദമുയർത്തുന്നതും കാത്തു ഞാനിരുന്നു…
നീ തീർച്ചയായും ഈ അമ്മയെ
അരികിലേക്ക് വിളിക്കും..
ഞാൻ അശുദ്ധയല്ലെന്ന് ഇവർക്ക് മറുപടി നൽകും..
#ReadyToChange #WhytoWait

12 thoughts on “ഒരമ്മയുടെ കാത്തിരിപ്പ് (അനിവാര്യമായ മാറ്റങ്ങൾ)

  1. താങ്കളുടെ കവിത മനോഹരമായിറ്റുണ്ട്. ഇത്തരത്തിൽ ശക്തമായ കാവ്യ സങ്കൽപ്പങ്ങളാണ് മലയാളികളുടെ രചനകളുടെ കാതൽ. വീണ്ടും വീണ്ടും എഴുതൂ സുഹൃത്തേ…

    Liked by 1 person

    1. ഒരുപാട് സന്തോഷമുണ്ട്..ഇത്തരം പ്രോത്സാഹനങ്ങളും പിൻതാങ്ങലുകളുമാണ് വീണ്ടും എഴുതാൻ പ്രചോദനമാവുന്നത്…വളരെ നന്ദി സുഹൃത്തേ… ☺

      Like

Leave a comment