കാലം മായ്ക്കാത്ത മുറിവുകൾ

കാലം അന്നൊരുപാട് പിന്നിട്ടിരിക്കും.
ഓർമകളാൽ തഴമ്പിച്ച കഴിഞ്ഞ കാലത്തിലേക്ക് മടങ്ങുവാൻ നീ ഒരുപാട് മോഹിയ്ക്കും.
നാലു വർഷം ജീവിതം കായ്ച്ചും പൂത്തും തളിർത്തും മനോഹരമാക്കിയ കലാലയത്തിലേക്ക് നീ  തിരികെ ചെല്ലും.
അന്ന്,,, ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞുകേട്ട കല്പടവുകളിലൊന്നും നിന്നെ ആരും കാത്തിരിക്കുന്നുണ്ടാവില്ല.
നിന്നെ സ്വാഗതം ചെയ്യാൻ അന്ന് തണുത്ത കാറ്റിന്റെ തലോടലുണ്ടാവില്ല.
മുറ്റത്തെ കൊന്നമരം പതിവുപോലെ നിന്നെ സ്വീകരിക്കാൻ പൂക്കൾ പൊഴിക്കില്ല.
നിനക്കായി ശബ്ദിക്കാൻ ചുവപ്പും നീലയും പച്ചയും കൊടികളുമേന്തി ഒരുകൂട്ടം പേർ അന്ന് വരാന്തയിലുണ്ടാവില്ല.
ചെങ്കോട്ടമതിലുകൾ അരിവാളും ചുറ്റികയും നക്ഷത്രങ്ങളുമായി നിന്നെ രോമാഞ്ചമണിയിക്കില്ല.
മൂകയായി നീ ആ ലൈബ്രറി പിന്നിട്ട് അരണ്ട വെളിച്ചത്തിൽ ജനലഴികളിലൂടെ ക്ലാസ്സ്മുറിയിലേക്ക് ഒന്നെത്തിനോക്കും.
ഇല്ല,,, ചുടുചോരയുടെ ആവേശം ആർത്തിരമ്പുന്ന ഘനഗംഭീരമായ വാക്കുകളിലൂടെ, ചുരുട്ടിയ മുഷ്ടിയും ഇടറാത്ത ശബ്ദവും മനക്കരുത്തുമായി ഒരു ധീരസഖാവും തന്റെ ആദർശങ്ങളെക്കുറിച്ചു വാചാലനാവുന്നുണ്ടാവില്ല.
എങ്കിലും നിന്റെ കണ്ണുകൾ വീണ്ടും പലതും തിരയും, പ്രതീക്ഷയോടെ….
പടവുകൾ കേറിച്ചെന്ന് രണ്ടാം നിലയിലെ വിശാലമായ ബാൽക്കണിയിൽ നിന്റെ കണ്ണുകളുടക്കും.
ഒരുപാട് കോറിയ അതേ ചുവരിൽ നിന്റെ കൈകൾ എന്തിനോ വേണ്ടി വിരലോടിക്കും.
കാലം പഴമയാൽ തുന്നിച്ചേർത്ത പൊടിപിടിച്ച അതേ ചുവരുകളിൽ നീ പണ്ടെന്നോ കുറിച്ചിട്ട പ്രണയവും സൗഹൃദവും ഉയിർത്തെഴുന്നേൽക്കും.
ആ എഴുത്തുകൾ അതേ തെളിമയോടെ കണ്ട് നിന്റെ ഹൃദയം വെമ്പാൻ തുടങ്ങും.
അവയിൽ നിന്ന് ചുടുനിണമൊഴുകുന്നതായി നിനക്ക് തോന്നും.
മനസ്സിൽ വേദനയോടെ നീ ചിതകൊളുത്തിയ സ്വപ്നങ്ങളെല്ലാം തീജ്വാലകളായി വീണ്ടും പടരാൻ തുടങ്ങും.
ഹൃത്തിലാഴമേറിയ വ്രണങ്ങൾ വീണ്ടും ഉരുകാൻ തുടങ്ങും.
നിന്റെ കണ്ണുകൾ വീണ്ടും നിറയും.
അന്ന് ജീവിതത്തിലാദ്യമായി നീ അറിയും..
നീ ഏകയാണെന്ന്,,
പലതും നിനക്ക് നഷ്ടമായെന്ന്..

image

18 thoughts on “കാലം മായ്ക്കാത്ത മുറിവുകൾ

Leave a comment