അവനും അവളും

എഴുതുന്ന വരികളിലും..,പറയുന്ന വാക്കുകളിലും, ചിരിയിലും നോട്ടത്തിലും പോലും നീ എന്തിനാണ് ഫെമിനിസം കലർത്തുന്നതെന്ന് ഒരുപാടുപേർ നിരന്തരം ചോദിക്കാറുണ്ട്. ശരിയാണ്., ഓർമ വച്ച നാൾ മുതൽ എന്റെ മനസ്സിൽ പ്രതികരിക്കാനുള്ള ഊർജ്ജവും, പ്രതീക്ഷയും ഒക്കെയായി നിറഞ്ഞുതുളുമ്പുന്നത് ഫെമിനിസം തന്നെയാണ്…എന്റെ സോഷ്യൽ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ share ചെയ്യപ്പെട്ടതും പോസ്റ്റ് ചെയ്യപ്പെട്ടതും ഒക്കെ ഇതേ വിഷയമാണ്..ജീവിതത്തിൽ ഏറ്റവും അധികം ചർച്ച ചെയ്തിട്ടുള്ളതും ഇത് തന്നെയാണ്…എന്തു കൊണ്ടാണെന്ന് ചോദിച്ചാൽ ഒരൊറ്റ മറുപടിയേ ഉള്ളു…
“ഒരു പെണ്ണായത് കൊണ്ട്..”

ജീവിതത്തിൽ എല്ലാ സ്ത്രീകളും ഒളിച്ചുവച്ചാലും മറച്ചുവച്ചാലും ഒരിക്കലെങ്കിലും ഏതെങ്കിലും രീതിയിലുള്ള ഒരു വിവേചനം അനുഭവിച്ചിട്ടുണ്ടാകും..ഞാനൊരു ആണായി ജനിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടാവും.അതിന്റെ കാരണം ഞാനും നീയും അടങ്ങുന്ന സമൂഹം തന്നെയാണ്..നിങ്ങൾ ഇന്ന് പറയുന്ന ഫെമിനിച്ചിയും ഫെമിനിസ്റ്റ് കൊച്ചമ്മയുമൊക്കെ മാനത്ത് നിന്ന് പൊട്ടിമുളച്ചവരല്ല..,അവളുടെ ജീവിതത്തിന്റെ ഏതൊക്കെയോ മേഖലകളിൽ അനുഭവപ്പെടുന്ന ഭീകരമായ ഒരു തരം വേർതിരിവിന്റെ, മാറ്റി നിർത്തലിന്റെ തീച്ചൂളയിൽ പൊള്ളിപ്പഴുത്ത് സ്വയം രൂപം കൈവരിച്ചവരാണ്..ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ നാളെ മുതൽ ഫെമിനിസ്റ്റാണ് എന്ന് പറഞ്ഞവരല്ല, മറിച്ച് സ്വന്തം ജീവിതം കൊണ്ട് അങ്ങനെ ആയിത്തീർന്നവരാണ്…

എവിടെ നിന്നാണ് ഇതൊക്കെ ആരംഭിച്ചത്..ഈ വേർതിരിവിന്റെ നാമ്പ് തളിർത്തത്.. കാലങ്ങളായി നാം തുടർന്ന് കൊണ്ടുപോരുന്ന പൈതൃകവും, കേരള സംസ്കാരവും, പുരാണങ്ങളും..അവിടെ തുടങ്ങി ഇത്…സ്ത്രീയെ ദേവിയായി കണ്ട് പൂജിച്ചതിനും ആരാധിച്ചതിനും പകരം അവളെ ഒരു സാധാരണ മനുഷ്യനായി കണ്ട് അംഗീകരിച്ചിരുന്നെങ്കിൽ…, ശരീരത്തിലെ ഹൃദയമിടിപ്പ് പോലെ ശ്വാസോച്ഛ്വാസം പോലെ ദഹനപ്രക്രിയ പോലെ തികച്ചും സ്വാഭാവികമായ ഒന്നായി ആർത്തവത്തെ കണ്ടിരുന്നെങ്കിൽ..ഇതൊന്നും ഉണ്ടാവില്ലായിരുന്നു എന്ന് തോന്നുന്നു…സ്ത്രീ ആരാണ് എന്ന് ചോദിക്കുമ്പോൾ സ്ത്രീ അമ്മയാണ് എന്ന് നീ പറയുന്ന ഉത്തരം മാറ്റി സ്ത്രീ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞു ശീലിച്ചു നോക്കൂ..കാരണം സ്ത്രീ അമ്മ മാത്രമല്ല..അവൾ സഹോദരിയും കാമുകിയും ഭാര്യയും സുഹൃത്തും മകളുമൊക്കെയാണ്…
അമ്മ നാമോരോരുത്തരും കണ്ടതിൽ വച്ചേറ്റവും സ്നേഹം തുളുമ്പുന്ന നിധി ആണ്…ഭൂമിയേക്കാളും ക്ഷമ ഉള്ളവളാണ്..എന്നാൽ സ്ത്രീക്ക് ക്ഷമ മാത്രമല്ല, ക്രോധവും പ്രതികാരവും സ്വപ്നവും ഭീതിയും ആനന്ദവും ഒക്കെയുണ്ട്.. അവൾക്കും അവളുടേതായ തീരുമാനങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്..സ്വന്തമായൊരു വ്യക്തിത്വമുണ്ട്..ഉയർത്തിക്കൊണ്ട്, ആരാധിച്ചു ശ്രീകോവിലിൽ തളച്ചിട്ടു കൊണ്ട് അവളെ ഇനിയെങ്കിലും വീർപ്പുമുട്ടിക്കാതിരുന്നാലും…

വളരെയധികം മുന്നോട്ട് ചിന്തിക്കുന്ന ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്..അത് കൊണ്ട് തന്നെ എന്നെയോ സഹോദരനെയോ ഏതെങ്കിലും രീതിയിൽ രണ്ടായി കാണാനോ ഞങ്ങളെ രണ്ട് വഴിയിൽ നടത്താനോ അച്ഛനും അമ്മയും ശ്രമിച്ചിട്ടില്ല.ഓർമയിലൊരിക്കൽ പോലും നീ ഒരു പെണ്ണാണ് എന്ന് പറഞ്ഞ് അവരെന്നെ വിലക്കിയിട്ടില്ല..എന്നിട്ടും എനിക്ക് പോലും ജീവിതത്തിൽ ഒരു പെണ്ണായതിന്റെ പേരിൽ മാത്രം ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ അത്തരമൊരു ഗൃഹാന്തരീക്ഷം പോലും ഇല്ലാത്ത പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും..അതിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ട കാര്യം ആർത്തവമാണ്…

ഈ അടുത്തിടെ ഒരു പോസ്റ്റിട്ടപ്പോൾ എന്റെ സുഹൃത്ത് (പെൺകുട്ടി തന്നെ) ചോദിക്കുകയുണ്ടായി..ആർത്തവം വളരെ നോർമൽ ആയ ഒന്നാണ്.പക്ഷെ അതിനെ ഇങ്ങനെ മഹത്വവൽക്കരിക്കേണ്ടതുണ്ടോ എന്ന്.., ഇത്ര മാത്രം കൊട്ടിഘോഷിക്കേണ്ടതുണ്ടോ എന്ന്. സുഹൃത്തേ, അതിനുള്ള മറുപടി ഇതാണ്..നിനക്കോ എനിക്കോ അതിന്റെ ഒരാവശ്യവുമില്ല…എന്നാലിന്നും ഏഴ് ദിവസം തൊടാതെ കാണുക പോലും ചെയ്യാതെ ഒരു വളർത്തു മൃഗം എന്ന പോലെ മുറിയിൽ അടച്ചിരിക്കേണ്ടി വരുന്ന ഒരുപാട് പേരെ എനിക്ക് നേരിട്ടറിയാം..അങ്ങനെ ഉള്ളവർക്ക്, അത് ചെയ്യാൻ കൂട്ടു നിൽക്കുന്നവർക്ക് മനസിൽ ഒരിക്കലെങ്കിലും താൻ ചെയ്യുന്ന തെറ്റ് എന്താണെന്ന് തിരിച്ചറിവുണ്ടാവുമെന്ന പ്രതീക്ഷയാണ് ഇത്തരം പോസ്റ്റുകൾ…സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ ഒന്നെങ്കിലുമായി മാത്രമാണ് ഇതിനെ കാണുന്നത്…

ഈ ഏഴ് ദിവസവും പിന്നീടൊരിക്കൽ സങ്കല്പിച്ചുനോക്കാൻ പോലുമാവാത്ത അത്രയും ഭീകരമായ വേദന കടിച്ചമർത്തി, സ്വാതന്ത്ര്യത്തോടെ ഒന്നിരിക്കാനോ കിടക്കാനോ നടക്കാനോ കഴിയാതെ സ്വയം പാവാട തിരിച്ചു നോക്കിയും, ഇരുന്നിടത്തെവിടെ എങ്കിലും ചുവന്ന കറ വീണുപോയോ എന്ന് നിരന്തരം തിരിഞ്ഞുനോക്കിയുമാണ് ഓരോ സ്ത്രീയും ജീവിച്ചു തീർക്കുന്നത്..അത്തരമൊരവസ്ഥയിൽ അവളെ ചേർത്തു നിർത്തേണ്ടതിന് പകരം, മാറ്റിനിർത്തുന്നത് എത്രത്തോളം ഹീനമായ ഒന്നാണ്…? ജീവാംശം നിലനിർത്തുന്ന നാളെയുടെ തലമുറയെ സൃഷ്ടിക്കുന്ന ആ ചോരയെ മലിനമെന്ന് തോന്നുന്നത് എത്ര വലിയ മണ്ടത്തരമാണ്?

വയനാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എന്റെ കോളേജിലേക്കുള്ള രാത്രിയോ പകലോ ഉള്ള യാത്രകളിലൊക്കെയും അച്ഛനോ അമ്മയോ എന്നെ ഒരു നൂറു വട്ടം വിളിക്കാറുണ്ട്…എന്നാൽ കൊല്ലത്ത് ഏട്ടൻ അതേ പ്രായത്തിൽ പഠിച്ചിരുന്നപ്പോൾ ഇത്രയധികം വേവലാതികൾ ഇല്ലാതെ ‘ഞാൻ എത്തി’ എന്ന ഏട്ടന്റെ ഒരൊറ്റ മെസ്സേജിൽ അവർ സമാധാനിക്കുമായിരുന്നു..പെൺകുട്ടികൾ ഉള്ള എല്ലാ അച്ചനമ്മമാരും അനുഭവിക്കുന്ന ഭീതിയുടെ ഭീകരത അത്രത്തോളമാണ്..സ്വയം അത് മനസ്സിലാക്കി, ഞാൻ സുരക്ഷിതയല്ല എന്ന ബോധത്തോടെ, വേദനയോടെ പലതും വേണ്ട എന്ന് വച്ചിട്ടുണ്ടാവും ഓരോ സ്ത്രീയും, ഒരുപാടധികം തവണ..ഏത് നട്ടപ്പാതിരക്ക് പോലും അനുവാദത്തിനു പോലും കാത്തുനിൽക്കാതെ ബൈക്കുമെടുത്ത് ഏട്ടൻ ഇറങ്ങിപ്പോവുമ്പോൾ എത്രയോ തവണ ഉള്ളിലെ നിരാശ പുറത്ത് കാണിക്കാതെ മുഖത്തൊരു ചിരി വിടർത്തി ഞാൻ ടാറ്റ പറഞ്ഞിട്ടുണ്ട്…എല്ലാ രാത്രികളിലും തടവിലാണ് എന്ന തിരിച്ചറിവിൽ നീറിപ്പോയിട്ടുണ്ട് ഞാൻ അടക്കമുള്ള സ്ത്രീകളൊക്കെയും.അതിന്നും ചിലർക്കെങ്കിലും തുടരുന്നുമുണ്ട്. ഒരിക്കലെങ്കിലും സ്വതന്ത്രമായി, പേടിയില്ലാതെ, ആരും നമ്മളെ തടയില്ല എന്ന ആത്മവിശ്വാസത്തോടെ, രാത്രി പുറത്തിറങ്ങി നടക്കാനും ബീച്ചിൽ പോയിരിക്കാനുമൊക്കെ ആഗ്രഹിക്കാത്തവർ ഉണ്ടാവുമോ…പുറത്തു കാണിക്കാതെ ആർക്കൊക്കെയോ വേണ്ടി സ്വയം മനസിൽ കുഴിച്ചുമൂടുന്ന സ്വപ്നങ്ങളുടെ കൂട്ടത്തിൽ ഒന്ന് മാത്രമാണത് എന്നെ പോലെയുള്ള പലർക്കും…

ഇങ്ങനെ ഇരിക്കരുത്, അങ്ങനെ ഇരിക്കരുത്, ഇത്ര ഉറക്കെ സംസാരിക്കരുത്, പൊട്ടിച്ചിരിക്കരുത്, നീ അടങ്ങിയിരിക്കണം, കാരണം നീ പെണ്ണാണ് എന്നൊക്കെ കേൾക്കാത്ത സ്ത്രീകൾ ഏതെങ്കിലുമുണ്ടോ..ഉണ്ടാവാൻ വഴിയില്ല.അതിനെയൊക്കെ പ്രതിരോധിച്ചു തുടങ്ങുമ്പോൾ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ചു തുടങ്ങുമ്പോൾ ഫെമിനിച്ചി എന്ന പേര് വീണു കഴിഞ്ഞു.സ്വന്തമായി അഭിപ്രായം ഉള്ള, അത് പറയാൻ തന്റേടമുള്ള സ്ത്രീകളെ സമൂഹം എന്നും ഭയന്നിരുന്നു..,പ്രത്യേകിച്ചും തങ്ങൾ അനുഭവിച്ചു പോരുന്ന പ്രിവിലേജ് നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഇതുടലെടുക്കുന്നത്.പരസ്യമായി അവളെ കൂവി വിളിച്ചാൽ, ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെ പിന്നിൽ ഒളിച്ചിരുന്ന് പച്ചത്തെറി വിളിച്ചാൽ അവൾ നിങ്ങളാഗ്രഹിക്കും പോലെ ഒതുങ്ങിക്കോളും എന്ന് കരുതുന്നത് വെറും ബുദ്ധിശൂന്യത ആണ്. അങ്ങനെ ഒതുങ്ങാൻ അവൾക്കെന്നല്ല, അവളുടെ ആ മാനസിക നിലയിൽ എത്തിച്ചേർന്ന ഒരുവൾക്കും കഴിയില്ല…അവർ ഇതിനെ ഒന്നും ഭയക്കുന്നില്ല.കാരണം ഇതൊക്കെ ഒരുപാട് കണ്ടും കേട്ടും തഴമ്പിച്ചു എന്നതാണ് വാസ്തവം…

ഇതിനെ എതിർക്കുന്ന അല്ലെങ്കിൽ പരിഹസിക്കുന്ന പലർക്കും ഇതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഇല്ല എന്നതാണ് മറ്റൊരു സത്യം.ഫെമിനിസം എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ മേൽ ആധിപത്യം എന്നാണെന്ന് കരുതുന്നവരാണ് പലരും.ഇത്തരമൊരു തെറ്റായ സന്ദേശമാണ് കാലാകാലങ്ങളായി മലയാളം സിനിമകളും സീരിയലുകളും സമൂഹത്തിൽ എത്തിക്കുന്നത്..അതിനെ എതിർക്കാൻ ശ്രമിച്ച പലരെയും മൃഗീയമായി വെർബൽ റേപ്പ് ചെയ്ത്‌ അതിൽ സുഖം കണ്ടെതുന്നവരാണ് പലരും.ഏതോ സിനിമയിൽ പറഞ്ഞ പോലെ വിവരമില്ലായ്മ ഒരു കുറ്റമല്ല, പക്ഷേ അതൊരലങ്കാരമായി കൊണ്ടുനടക്കരുത്..

മാറിൽ തുളച്ചു കേറുന്ന നോട്ടങ്ങൾ, കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ, നീണ്ടു വരുന്ന കൂർത്ത നഖങ്ങളുള്ള കഴുകൻ കൈകൾ..ഇവയൊക്കെ എത്രയോ തവണ ഓരോ സ്ത്രീയെയും അലോസരപ്പെടുത്താറുണ്ട്.അതിനെ ഒക്കെ അവൾ നേരിടുന്നത് മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമാണ്.അവൾ അബല ആണെന്നാര് പറഞ്ഞു.ആയിരുന്നെങ്കിൽ വഴിയിലെവിടെയെങ്കിലും അവൾ തളർന്നു വീണേനെ.., നിശ്ചലമായി പോയേനെ…

എഴുത്തു തുടങ്ങിയാൽ ഇത് പോലെ നിർത്താനാവാതെ ഒഴുകി കൊണ്ടിരിക്കുന്ന ഒരു പുഴയാണ് ജീവിതം അവൾക്ക് മാത്രം വിധിച്ച വേർതിരിവിന്റെ കഥ…അത് കൊണ്ട് കാര്യമൊന്നുമുണ്ടാവുമെന്നു തോന്നുന്നില്ല..ഏറ്റവുമധികം ബഹുമാനം തോന്നുന്നത് നിങ്ങൾ ‘പാവാട’ എന്ന് വിളിച്ചു കളിയാക്കുന്ന ഫെമിനിസ്റ്റുകളായ പുരുഷന്മാരോടാണ്. നേരിട്ടുള്ള ഈ അനുഭവങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നിട്ടും, തങ്ങൾ അനുഭവിച്ചു പോരുന്ന ഈ പ്രിവിലേജുകളൊക്കെ തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ട് അവൾക്കൊപ്പം നിൽക്കുന്ന നിൽക്കുന്ന നിങ്ങളോരോരുത്തരും വലിയ പ്രതീക്ഷയാണ്..നല്ല നാളെകളിലേക്കുള്ള പ്രതീക്ഷ…നിങ്ങളെ കണ്ടുകൊണ്ട് അവരും മാറട്ടെ എന്ന പ്രത്യാശ…

അവൾ ഒരിക്കലും പാതി വഴിയിൽ നിൽക്കാൻ പോവുന്നില്ല, ഇടറാനും പോവുന്നില്ല…അവളും അവളോടൊപ്പം നിൽക്കുന്ന അവനും പോരാടുന്നത് സത്യത്തിന് വേണ്ടിയാണ്, നീതിക്ക് വേണ്ടിയാണ്..അതിനെ തടഞ്ഞു നിർത്താൻ മാത്രം ശക്തമായ ആയുധമൊന്നും നിങ്ങളുടെ പക്കലില്ല..അഥവാ ഉണ്ടെങ്കിൽ തന്നെ നിങ്ങളുയർത്തുന്ന ഓരോ ആയുധത്തിനുമനുസരിച്ച് സ്വയം രൂപാന്തരം പ്രാപിക്കാൻ ശീലിച്ചവരാണ് അവനും അവളും…

Advertisements

ബോഗൻവില്ലകൾ

വരണ്ട ചുവരുകളോളം എന്റെ മനം മടുപ്പിച്ച മറ്റൊന്നുമില്ല.ഒരുപാടധികം പ്രതീക്ഷകളുമായി ആദ്യമായി ഇവിടെ എത്തിയപ്പോൾ തന്നെ എന്നെ വരവേറ്റത് ചങ്ങലകൾ നിലത്തിരയുന്ന മൂർച്ചയേറിയ ശബ്ദവും, ഇരുമ്പഴികളിൽ കൈ കാലിട്ടടിച്ചു മുറിവേറ്റു ചോര പൊടിഞ്ഞവരുടെ നിലവിളികളുമാണ്.ഇവിടെ ആണിനി എന്റെ ജീവിതം മുഴുവനും എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ഞാനേറെ പാടുപെട്ടു.എന്തിനാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു.സത്യത്തിൽ എനിക്കും അതറിഞ്ഞുകൂടാ.ഒരു പക്ഷേ എന്റെ ഉള്ളിലുമുണ്ടാവും ചെറിയൊരു ഭ്രാന്ത്.ഭ്രാന്തന്മാരെ ചികിൽസിക്കുന്നവർക്ക് കുറച്ച് ഭ്രാന്ത് നല്ലതാ..

ദിവസം മുഴുവനും ഇവർക്കിടയിൽ കഴിയുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു.അവരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് തോന്നി.പക്ഷേ ഈ അന്തരീക്ഷം എന്റെയും സമനില തെറ്റിച്ചേക്കുമോ എന്നിടക്കെങ്കിലും ഞാൻ ഭയന്നു.ഓരോ മുറിയിലും ഓരോ കഥകളുറങ്ങി കിടക്കുന്ന മനസ്സുകൾ.. അവയെ ഒക്കെ ചങ്ങലയിട്ടു പൂട്ടിയിരിക്കയാണ്.അവരുടെ കഥകൾ കേട്ടാൽ നമുക്ക് മനസിലാവില്ല.അവരുടെ ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരങ്ങൾ കൊടുക്കാനാവില്ല.അവരുടെ ചിന്തകൾക്ക് കൂച്ചുവിലങ്ങിടുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാൻ കഴിയില്ല.അങ്ങനെ തളയ്ക്കപ്പെട്ട അനേകം പേരുടെ ജീവിതത്തിന്റെ കട്ടപിടിച്ച മണമുണ്ട് ഈ വരാന്തകൾക്ക്.അവരുടെ ചേതനയറ്റു മാംസപിണ്ഡമായ സ്വപ്നങ്ങളുടെ ശേഷിപ്പുകളുണ്ട് ഈ വാർഡുകളിൽ…

അവിടേക്കാണ് മനു കടന്നുവന്നത്.അവന് ഭ്രാന്താണെന്നു പറഞ്ഞവർക്കാണ് ഭ്രാന്ത് എന്ന് അന്ന് ഞാൻ ഇടക്കിടെ പുലമ്പുമായിരുന്നു.അവനൊരിക്കലും ഭ്രാന്തനായിരുന്നില്ല, വ്യത്യസ്തനായിരുന്നു.അവന്റെ ശബ്ദം വേറെയായിരുന്നു.എല്ലാവരും നോക്കിക്കാണുന്ന കണ്ണുകളിലൂടെ ആയിരുന്നില്ല അവന്റെ കാഴ്ച്ച.മറ്റുള്ളവർ കേട്ടു വിട്ടുകളയുന്നത് അവൻ മനസ്സിൽ കൊളുത്തിയിടും.ആരും പടർത്തിയ വേലിക്കെട്ടുകൾ അവനെ ബാധിച്ചിരുന്നില്ല.അവൻ അതിനൊക്കെ അതീതനായിരുന്നു.ഞാനുൾപ്പെടെ ആർക്കും അവനെ മനസിലാക്കാൻ കഴിയാത്തതിനാലാവാം ഇന്നും എന്റെ ചികിത്സാമുറിയിൽ ഞാനൊരുക്കുന്ന സ്റ്റെതസ്കോപ്പിന്റെയും ഇഞ്ചക്ഷൻ സിറിഞ്ചുകളുടെയും ഇടയിലെ ഇത്തിരിവിടവിൽ അവൻ അനുസരണയോടെ ഇരുന്നു തരുന്നത്.

മറ്റാരോടും ഇല്ലാത്ത സ്നേഹത്തോടെയും വാത്സല്യത്തോടെയും ഞാനവനെ ചികിൽസിച്ചു.തിരക്കേറിയ ജോലിക്കിടയിൽ ഒഴിഞ്ഞുകിട്ടുന്ന വളരെ ചുരുക്കം മണിക്കൂറുകൾ ഞാനവനൊപ്പം ചിലവഴിച്ചു.അവന്റെ അവ്യക്തമായ ചെറിയ ചില ഞരക്കങ്ങളുടെ പോലും അർത്ഥം ഗ്രഹിക്കാൻ എനിക്ക് കഴിയുമായിരുന്നു. അത്രമാത്രം എനിക്കവനെ നന്നായി അറിയാമായിരുന്നു.ഇടക്ക് ഞാൻ ഭയന്നിട്ടുണ്ട്, ഞാൻ പോലുമറിയാതെ അവനെ ഞാൻ പ്രണയിക്കുകയാണെന്ന്.. എന്തുകൊണ്ടൊക്കെയോ എത്ര ശ്രമിച്ചിട്ടും എനിക്കവനിൽ നിന്നകലാൻ കഴിഞ്ഞതേയില്ല.

പുറത്തിറങ്ങാനുള്ള അനുവാദം തേടി ഇരുമ്പഴികളിൽ നിത്യം ആഞ്ഞടിച്ച് മുറിവ് വീണിരിക്കുന്ന അവന്റെ കൈകൾ സ്നേഹത്തോടെ മടിയിൽ വച്ച് ഒരിക്കൽ ഞാൻ മരുന്ന് പുരട്ടുകയായിരുന്നു. ചോര പുരണ്ട കൈകൾ അവൻ അനുസരണയോടെ എന്റെ മടിയിൽ വച്ച് വേദന കടിച്ചമർത്തി ഇരുന്നപ്പോൾ എപ്പോഴുമെന്നപോലെ എന്റെ കണ്ണുകൾ നിറഞ്ഞു.

“നിങ്ങൾ എന്നെ പ്രണയിക്കുന്നുവോ?”

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം എന്നെ പെട്ടെന്ന് തളർത്തിക്കളഞ്ഞു.

“ഒരിക്കലുമില്ല..ഇത് പ്രണയമാണെന്ന് ആരുപറഞ്ഞു? ഒരു ഡോക്ടർക്ക് രോഗിയോട് തോന്നുന്ന സ്നേഹത്തിൽ കവിഞ്ഞൊന്നുമില്ല”

പറഞ്ഞൊപ്പിച്ചപ്പോൾ ഞാൻ വിയർത്തു, ശബ്ദമിടറി.തുടർന്നുള്ള ചോദ്യങ്ങൾക്ക് നിന്നുകൊടുക്കാതെ മുറിവ് കെട്ടി വേഗം പുറത്തിറങ്ങി.

പിന്നീടൊരിക്കൽ അവൻ സെല്ലിൽ നിന്ന് പുറത്ത് ചാടാൻ ലഹള ഉണ്ടാക്കുന്നുവെന്ന് കേട്ട് ഞാൻ ചെന്നുനോക്കി.ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ പൂച്ചക്കുട്ടിയെ പോലെ പതുങ്ങി അവൻ എന്റെ മുന്നിൽ വന്നിരുന്നു.അവന്റെ കൈകളിലെ ചങ്ങല അഴിച്ചുമാറ്റി സെല്ലിന്റെ ഇരുമ്പഴിയിട്ട വാതിൽ മലർക്കെ തുറന്നിട്ട് ഞാൻ അവനോട് ചോദിച്ചു.

“നിനക്ക് പുറത്ത് പോകണോ?പൊയ്ക്കോളൂ ആരും തടയില്ല…”

ഒരക്ഷരം മിണ്ടാതെ വേണ്ട എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.അവന്റെ കണ്ണുകൾ അന്നാദ്യമായി നിറഞ്ഞുകണ്ടു.കൈകൾ നീട്ടി ഞാൻ അവനെ മാറിലേക്ക് ക്ഷണിച്ചു.എന്നെ പുണർന്നവൻ എന്റെ തോളിൽ തല ചായ്ച്ചു പറഞ്ഞു.

“എനിക്ക് നിങ്ങളെ വിട്ട് പോകാൻ കഴിയില്ല രേഖാ..
നിങ്ങളോടുള്ള പ്രണയം മാത്രമാണ് എന്നെ ഭ്രാന്തനാക്കുന്നത്..ഈ ഭ്രാന്തിൽ നിന്നൊരു മോചനം ഞാൻ ആഗ്രഹിക്കുന്നുമില്ല…”

തിരിച്ചൊന്നും പറയാതെ ഞാനവനെ നീണ്ടുമെലിഞ്ഞ വിരലുകൾ കൊണ്ട് തലോടി.അവനെന്റെ നെറ്റിയിലൊരു നനുത്ത ചുംബനം തന്നു.വിയർപ്പുതുള്ളികൾ അടർന്നുതുടങ്ങിയ നെറ്റിത്തടത്തിൽ അവന്റെ മുത്തം കൊണ്ട് ചുവപ്പ് പടർന്നു.കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ അങ്ങനെ തന്നെ കുറേ നേരം നിന്നു.പെട്ടെന്ന് സ്ഥലകാലബോധം വന്നപ്പോൾ ഞാനവനെ എന്നിൽ നിന്ന് അടർത്തിമാറ്റി പുറത്തേക്ക് പോവാനൊരുങ്ങി.എന്റെ സാരിത്തുമ്പിൽ മുറുക്കെ പിടിച്ച് അവനെന്നെ ദയനീയമായി ഒന്നു നോക്കി.ആ നോട്ടത്തിൽ ഞാനുരുകി പോയെന്നെനിക്ക് തോന്നി. അവന്റെ കൈകൾ കവർന്നുപിടിച്ച് ഞാനിറങ്ങി.

ആശുപത്രിക്ക് മുന്നിലെ വലിയ ഉദ്യാനത്തിൽ അവന്റെ കൈകൾ കോർത്തിണക്കി ഞാൻ നടന്നു.ആരും ഞങ്ങളെ സംശയത്തോടെ ഒന്ന് നോക്കിയത് പോലുമില്ല.ഇതൊക്കെ ഇവിടെ സാധാരണമാണ്.ചികിത്സയുടെ ഭാഗമായി ഞാൻ എല്ലാ രോഗികളോടും സൗഹൃദം ഭാവിക്കാറുണ്ട്. അവരോട് അടുത്തു സംസാരിക്കാറുണ്ട്.അവരോടൊപ്പം നടക്കാറുണ്ട്.അവർക്കൊപ്പം ചിരിച്ചും കരഞ്ഞും രാത്രികൾ ഉറങ്ങാതിരുന്നിട്ടുണ്ട്.എന്നാൽ ഡോക്ടർ രോഗിയെ പ്രണയിച്ചിട്ടുണ്ടോ? കെട്ടിപ്പുണർന്നു നെറ്റിയിൽ മുത്തം വാങ്ങിയിട്ടുണ്ടോ?ഇല്ല,ഇതാദ്യമാണ്…കൂടുതൽ കൂടുതൽ അടുക്കും തോറും ഇവനെന്നെ വരിഞ്ഞുമുറുക്കി രക്ഷപ്പെടാൻ അനുവദിക്കാത്ത കുരുക്കാവുകയാണോ? സത്യമെന്തെന്നാൽ ഈ കുരുക്കിൽ നിന്നൊരു മോചനം ഞാനും ആഗ്രഹിക്കുന്നില്ല…

“അതേ രേഖാ..,നിങ്ങളിവനെ ഈ ഭ്രാന്തനെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്..”

ആ നിമിഷം എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി. അവൻ ഭ്രാന്തനും ഞാൻ ഡോക്ടറും അല്ല..അങ്ങനെ തോന്നിയ എന്റെ മനസ്സിനോട് ഒരു തരം ഈർഷ്യയാണ് എനിക്കുണ്ടായത്.പൂന്തോട്ടത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന രണ്ട് ബോഗൻവില്ല ചെടികൾ.അവയാണ് ഞങ്ങളെന്ന് തോന്നി എനിക്കപ്പോൾ..ഒരുമിച്ച് പൂത്തുലഞ്ഞ് ഒരുമിച്ച് വാടിക്കൊഴിഞ്ഞ്…,ഒരേ ജീവവായു ശ്വസിച്ച് ഒരേ വെള്ളം നുകർന്ന്…,ഒരൊറ്റ പൂമ്പാറ്റയിൽ സ്വന്തം മുകുളം അർപ്പിച്ചു കൊണ്ട് ജീവിതകാലം മുഴുവൻ ജീവിച്ചുതീർക്കുന്നവർ…

“രേഖാ.. നിങ്ങൾക്കൊന്നും അറിയില്ല.ഈ സെല്ലുകളിൽ ജീവിക്കുന്ന, നിങ്ങൾ തളച്ചിടുന്ന മനുഷ്യരൊന്നും ഭ്രാന്തരല്ല..അവരൊക്കെ വ്യത്യസ്തരാണ്..നിങ്ങളെ പോലെ കാണാത്ത, നിങ്ങളെ പോലെ കേൾക്കാത്ത, നിങ്ങൾ നടന്ന വഴിയിൽ നിന്ന് മാറിനടക്കുന്നവരൊക്കെ നിങ്ങൾക്ക് മനോരോഗികളാണ്…”

അവൻ ഇങ്ങനെ പറഞ്ഞ് വിദ്വേഷത്തോടെ എന്റെ കൈ തട്ടിമാറ്റി.ഞാനവന്റെ കൈകൾ വീണ്ടും കവർന്ന് പിടിച്ചു.

“മാറിനടന്ന വഴികൾ തെറ്റാവുമ്പോഴാണ് അവർ ഭ്രാന്തരാവുന്നത് മനൂ.. അല്ലാത്തപ്പോൾ നീ പറഞ്ഞപോലെ അവർ വ്യത്യസ്തർ തന്നെയാണ്..
നീ ഒരിക്കലും ഭ്രാന്തൻ ആയിരുന്നില്ല..,നീ തിരഞ്ഞെടുത്ത നിന്റെ വഴിയിൽ നീ ചോരയൊഴുക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് ഭ്രാന്താണെന്ന് മുദ്രകുത്തി നിന്നെ ഇവിടെ കൊണ്ടുവന്നത്…”

“രേഖാ…എന്റെ മേൽ ഞാനേല്പിക്കുന്ന മുറിവുകൾ..,ഞാനൊഴുക്കുന്ന എന്റെ ചോര.. എങ്ങനെയാണ് അത് ഭ്രാന്താവുക..എന്റെ ജീവനുമേൽ പരമാധികാരം എനിക്ക് മാത്രമാണ്…എന്റെ നീതിയാണ് ഞാൻ നടപ്പാക്കുന്നത്..”

“നീ എന്ത് ശിക്ഷയാണ് നിനക്ക് നൽകുന്നത് മനൂ..എന്തിന്റെ ശിക്ഷയാണിത്?”

“ഇത് ശിക്ഷ എന്ന് തോന്നുന്നത് നിങ്ങൾക്കല്ലേ..ഇതെനിക്ക് നീതിയാണ്. പലരും ചെയ്ത തെറ്റുകൾക്ക് ഞാൻ സ്വയം ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്ന ശിക്ഷ എനിക്ക് നീതി മാത്രമാണ്…”

അവന്റെ വാക്കുകൾ അർത്ഥശൂന്യമായ പുലമ്പലുകൾ മാത്രമായാണ് എനിക്കപ്പോൾ തോന്നിയത്.

“ഒന്ന് കൂടി വ്യക്തമാക്കിയാൽ..എന്നെ ഭ്രാന്തനെന്ന് മുദ്രകുത്തി എന്റെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയുമൊക്കെ നിഷ്കരുണം തൂക്കിലേറ്റി ഈ ഇരുമ്പഴികളിൽ എന്നെ തളച്ചിട്ടത് നിങ്ങളുടെ തെറ്റ്…നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ആ തെറ്റിന്റെ ശിക്ഷ അനുഭവിക്കുന്നത് ഞാനാണ്…നിങ്ങൾ ചെയ്ത തെറ്റിന്റെ പാപം കഴുകിക്കളഞ്ഞ നീതിയാണ് ഇവിടെ നിന്നിറങ്ങിപ്പോവാൻ കഴിയുമായിരുന്നിട്ടും അതിനു തയ്യാറാവാതെ എന്നെ ഇവിടെ പിടിച്ചുകെട്ടുന്നത്..ഇങ്ങനെ തന്നെയാണ് ഇവിടെ പലരും..”

മറുപടി പറയാൻ കഴിയാത്തവിധം എന്റെ നാവുകുഴഞ്ഞു പോയി.അവന്റെ മുഖത്തു നോക്കാൻ കഴിയാതെ ഞാൻ തലകുനിച്ചു നിന്നു.അന്നാദ്യമായി ഏറ്റവും മികച്ച മനോരോഗവിദഗ്ധ എന്ന പേരിൽ വാങ്ങിക്കൂട്ടിയ മെഡലുകളും, അതിന്റെ പേരിൽ ഞാൻ കാലങ്ങളായി കൊണ്ടുനടന്ന അഹന്തയും നിലത്തു വീണു ചിന്നിച്ചിതറി.തെറ്റ് എന്റേതായിരുന്നുവോ..ഇവിടെ എത്തിയ അനേകം രോഗികളുടെ രോഗത്തെ കുറിച്ചല്ലാതെ അവരുടെ ജീവിതത്തെക്കുറിച്ച് എന്നെങ്കിലും ഞാൻ ചിന്തിച്ചിട്ടുണ്ടോ.അവരെത്താൻ ഇടയായ ജീവിത സാഹചര്യങ്ങളെക്കുറിച്ച്,അവരെ വേറിട്ടു നിർത്തിയ സ്വപ്നങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ടോ?ഇല്ല..,അപമാനഭാരത്താൽ ഞാൻ വിങ്ങിപ്പൊട്ടി.

“ഇല്ല രേഖാ.. നീയാണ് തെറ്റ് ചെയ്തത്.ഇതുവരെ ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന ശിക്ഷ ഇനി നീ അനുഭവിച്ചേ മതിയാവൂ..അതിൽ നിന്ന് രക്ഷപ്പെടാൻ സ്നേഹം കൊണ്ട് നീയെന്ന പ്രലോഭിപ്പിക്കരുത്..”

അവനെന്നെ പിടിച്ചുവലിച്ച് അവൻ കിടന്ന അതേ സെല്ലിൽ കൊണ്ടുപോയി..ചങ്ങലയിട്ടു കാലുകൾ വരിഞ്ഞുമുറുക്കി കെട്ടി.വേദന കൊണ്ട് പുളഞ്ഞ എന്നെ അവൻ ഒന്നു നോക്കുക പോലും ചെയ്യാതെ പുറത്തുനിന്ന് സെൽ പൂട്ടി നടന്നുപോയി..വല്ലാത്തൊരു തളർച്ച എന്നെ ബാധിക്കുന്നതായി തിരിച്ചറിഞ്ഞു ഞാൻ മയങ്ങിപ്പോയി…

കണ്ണ് തുറന്നപ്പോൾ ഞാൻ കിടക്കയിലാണ്.സെൽ ഇപ്പോഴും പുറത്തു നിന്ന് അടച്ചിരിക്കുന്നു.കൈകളിൽ ചങ്ങല ഉണ്ട്.ഞെട്ടിയെണീറ്റ് ഞാൻ ഓടിച്ചെന്ന് ഇരുമ്പഴികളിൽ തട്ടി ബഹളമുണ്ടാക്കി..

“എന്നെ തുറന്നുവിടൂ..ആരെങ്കിലും വന്നെന്നെ ഇവിടെ വന്നെന്റെ ഈ ചങ്ങല അഴിച്ചു തരൂ..”

പെട്ടെന്നാളുകൾ ഓടിക്കൂടി.ആശുപത്രി ജീവനക്കാർ എന്നെ നോക്കി ദ്വേഷം പ്രകടിപ്പിച്ചു.അവരുടെ നോട്ടത്തിൽ പുച്ഛമായിരുന്നു..,വെറുപ്പായിരുന്നു..

“വേഗം പോയി ഡോക്ടറെ വിളിച്ചിട്ട് വാ..ഭ്രാന്തിയെ കൊണ്ട് ശല്യമായല്ലോ”

കൂട്ടത്തിലൊരുവൻ പറഞ്ഞു..പെട്ടെന്ന് മനു സെല്ലിലേക്ക് കടന്നുവന്നു.അവന്റെ കഴുത്തിൽ നീണ്ടുവളഞ്ഞ സ്റ്റെതസ്കോപ്പ്..കൈകളിൽ സിറിഞ്ച്.. ഞാൻ സ്തബ്ധയായി.ഹൃദയം മിടിപ്പ് നിർത്തിയ പോലെ തോന്നി.

മനു അടുത്ത് വന്നിരുന്ന് എന്റെ കൈകൾ എടുത്തവന്റെ മടിയിൽ വച്ചു.മരുന്ന് നിറച്ച് സൂചി എന്റെ കൈകളിൽ ആഴ്ന്നിറങ്ങിയപ്പോൾ ഞാൻ അവനെ മാത്രം നോക്കിക്കൊണ്ടിരുന്നു…അവന്റെ നെറ്റിയിൽ ചുവന്ന പാട്.. പ്രണയം ചുവപ്പിച്ച അവന്റെ നെറ്റിയിൽ ഒരു ചുംബനം കൂടി നൽകണമെന്ന് ഞാനാശിച്ചു….

കഥയിൽ എപ്പോഴാണ് ഞാനും അവനും ഭ്രാന്ത് വച്ചുമാറിയത്… അവൻ തന്ന ചുംബനത്തിന്റെ ചൂടും ചൂരും ചാർത്തിയ എന്റെ നെറ്റിയിലെ ചുവപ്പ് ചായം എങ്ങനെയാണ് അവന്റെ നെറ്റിയിലേക്ക് പടർന്നത്….ശ്വാസം മുട്ടിക്കുന്ന ചിന്തകളെ ഇടനെഞ്ചിൽ കുഴിച്ചുമൂടി ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…

“അല്ല ഞാൻ ഭ്രാന്തിയല്ല…,എന്റെ വഴി വേറെയാണ്..ഞാൻ വ്യത്യസ്തയാണ്…”

പുറത്ത് ഉദ്യാനത്തിൽ അപ്പോഴും രണ്ട് ബോഗൻവില്ല ചെടികൾ തളിർത്തു പൂത്തുലഞ്ഞു നിന്നു.ഒരുമിച്ച്.., പരസ്പരമലിഞ്ഞ് അവയിൽ നിന്ന് പ്രണയത്തിന്റെ ഗന്ധം വമിക്കാൻ തുടങ്ങി…ഭ്രാന്തിന്റെ ചങ്ങല അവയെയും പറന്നുയരാൻ അനുവദിക്കാതെ തളച്ചിട്ടു കളഞ്ഞു…

ശുഭം

കിറുക്കുകൾ

മരണത്തിന് തൊട്ടുമുമ്പുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ..?ഇല്ലെന്ന് തന്നെയാണ് വിശ്വാസം.ഓർമ വച്ച കാലം മുതൽക്കേ തുടങ്ങിയതാണ് മരണത്തെ കുറിച്ചുള്ള അന്വേഷണം.അവനുമായി ചങ്ങാത്തം കൂടാൻ എല്ലാ വഴിയും നോക്കാറുണ്ട്.ചെറുപ്പത്തിൽ ഏറ്റവും ആഗ്രഹമുള്ള കാര്യം എന്താന്നു ചോദിച്ചാൽ (ചെറുപ്പത്തിൽ മാത്രമല്ല ഇന്നും) “ഒരു വല്യ കെട്ടിടത്തിന്റെ മുകളീന്നു താഴേക്ക് ചാടണം…, മരിക്കാൻ പാടില്ല..പക്ഷേ മരിക്കും എന്ന് കരുതിയാവണം ചാടുന്നത്” എന്ന് പറയാറുണ്ട്.ഇന്നും അതേറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായി മനസിൽ മങ്ങാതെ കിടക്കുന്നുണ്ട്..നടക്കാൻ ഒരു ശതമാനം സാധ്യത പോലുമില്ലാത്ത അർത്ഥരഹിതമായ ഒരാഗ്രഹവും പേറി കാലമെത്രയായി..

അതിനൊരിത്തിരി എങ്കിലും അടുത്ത് നിൽക്കുന്ന അനുഭവം Bungee Jumping ആയിരിക്കും എന്ന് മനസിലാക്കിയതോടെ പിന്നീടുള്ള ആഗ്രഹം അത് ചെയ്യണം എന്നായി..ആഗ്രഹം പറയുന്നത് കേട്ട് ഒട്ടുമിക്കവരും ഇത് വട്ടാണെന്നു പറഞ്ഞ് തള്ളിക്കളയാറാണ് പതിവ്.ആർക്കാ വട്ടില്ലാത്തത്.ജീവിതത്തിൽ ഇന്നേ വരെ കണ്ടുമുട്ടിയിട്ടുള്ള എല്ലാവർക്കും ഏതെങ്കിലും രീതിയിൽ ഒരു വട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്…ഇതെന്റെ വട്ടാവും…മറ്റു ചിലർ പറയുന്നത് “ചാടുന്നതൊക്കെ കൊള്ളാം പക്ഷേ വലിയ മലയുടെ മുകളിൽ നിന്ന് ചാടിയാൽ സംഭവം കുറച്ചുകൂടി കളർ ആയേനെ” എന്നാണ്..പക്ഷേ എനിക്കതിനോട് യോജിപ്പില്ല.താഴെ വീഴുന്ന വഴിയിൽ കല്ലിലും മുള്ളിലും തട്ടിയുരഞ്ഞ് ചോരപൊടിഞ്ഞ് ഭീകരമായ ഒരു യാത്രയിൽ എങ്ങനെയാണ് മരണത്തെ ആസ്വദിക്കാൻ കഴിയുക.ഒരൊറ്റ വീഴ്ചയിൽ താഴെ എത്തണം.തടഞ്ഞു നിർത്താനോ വഴി മുടക്കാനോ ഒന്നുമുണ്ടാവരുത്.എങ്കിലേ എനിക്ക് അവനെ അടുത്തറിയാൻ പറ്റൂ…അല്ലെങ്കിൽ തന്നെ ചുറ്റുമുള്ള നിറവും കാഴ്ചയുമൊക്കെ നോക്കി കാണാൻ ആർക്ക് സമയം.എനിക്ക് കാണേണ്ടത് അവനെ മാത്രമാണല്ലോ.

വായിച്ചു മാത്രം പരിചയമുള്ള അവനെ നേർക്കുനേർ ആരാണ് കണ്ടിട്ടുള്ളത്, കണ്ട് തിരിച്ചുവന്നിട്ടുള്ളത്?അവനോളം എന്നെ അതിശയിപ്പിച്ച ഒന്നും ഈ പ്രപഞ്ചത്തിലില്ല..അങ്ങനെ എങ്കിൽ അവനെ കണ്ടുമുട്ടാനും അടുത്തറിയാനും വേറെ എന്തൊക്കെ വഴികളുണ്ടെന്നും ചോദിക്കാറുണ്ട് ചിലർ.അതിനും കാരണമുണ്ട്.വെള്ളം പണ്ടേ എന്റെ പേടിസ്വപ്നമാണ്.നീലാകാശം പ്രതീക്ഷകൾക്കുള്ള വിശാലമായ വീഥിയായി അനുഭവപ്പെട്ടപ്പോൾ നീലക്കടൽ വിഴുങ്ങാൻ പോവുന്ന തിമിംഗലത്തിന്റെ പ്രതീതി ആണ് ചെറുപ്പം തൊട്ടേ എന്നിൽ ജനിപ്പിച്ചത്.രണ്ടും പ്രിയപ്പെട്ട നീലയായിരുന്നിട്ടും അതിലൊന്നിനോട് അങ്ങേയറ്റം വെറുപ്പും മറ്റൊന്നിനോട് പ്രണയവും.ഇടക്ക് അങ്ങനെയാണ്.ഒരേ വ്യക്തികൾ തന്നെ ചിലപ്പോൾ വേദനിപ്പിക്കുകയും മറ്റുചിലപ്പോൾ ആനന്ദിപ്പിക്കുകയും ചെയ്യാറില്ലേ, ഏതാണ്ടതുപോലെ..എന്തു കൊണ്ടെന്നറിയില്ല ജലവും അതിന്റെ ആഴങ്ങളും ചുഴികളുമൊക്കെ ഞാനുമായി ഒരുപാട് അകലത്തിലാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.ചെറുപ്പം തൊട്ടേ ഞെട്ടിയുണരുന്ന ദുസ്വപ്നങ്ങളിൽ പോലും കടലിന്റെ ആഴങ്ങളിൽ എന്നെ കാത്തിരിക്കുന്ന ഭീകരന്മാരായ സ്രാവുകളായിരിക്കും വില്ലന്മാർ.അത് കൊണ്ടുതന്നെ മുങ്ങിമരിക്കുന്നതിനെ കുറിച്ചോ അതെന്താണെന്ന് അറിയുന്നതിനെ കുറിച്ചോ ചിന്തിച്ചിട്ടേ ഇല്ല.

ഇനിയുള്ളത് തീ കൊളുത്തിയുള്ള മരണമാണ്.തീ ചൂടാണ്, വയനാട്ടുകാരി ആയത് കൊണ്ടാണോ എന്നറിയില്ല എത്ര കൊടുംതണുപ്പും സഹിക്കാൻ എനിക്ക് കഴിയാറുണ്ട്.ചെറിയ ചൂടിൽ പോലും എന്റെ ശരീരത്തേക്കാൾ അധികം മനസ്സിൽ വിയർപ്പ് തുള്ളികൾ പൊടിക്കും..അങ്ങനെയുള്ളപ്പോൾ തീ എങ്ങനെ ഇഷ്ടപ്പെടാനാണ്.ചെറുപ്പത്തിൽ രാവിലെ എണീറ്റ് കുളിക്കാൻ ചൂടുവെള്ളം അടുപ്പിൽ വച്ച് ചോട്ടിൽ മുത്തശ്ശി ഉണങ്ങിയ ഓലകളും ഇലകളുമൊക്കെ തിരുകി വക്കുന്നത് ശ്രദ്ധയോടെ നോക്കിനിൽക്കാറുണ്ട്.തീ അത്യധികം പ്രഭാവത്തോടെ അതിന്റെ ഉന്മാദാവസ്ഥയിൽ എത്തുമ്പോൾ ആളിക്കത്തുന്ന ജ്വാലയിൽ പല രൂപങ്ങളും കണ്ടെത്താൻ ശ്രമിക്കാറുണ്ട് ഞാൻ.അതല്ലാതെ പിന്നീട് ഒരിക്കലും അഗ്നി എന്നെ ആകർഷിച്ചിട്ടില്ല.

തീയും വെള്ളവും ആകാശവും കഴിഞ്ഞാൽ അടുത്തത് വൈദ്യുതി ആണ്.ആ മരണം ഒക്കെ നഗരവാസികൾ ഇഷ്ടപ്പെടട്ടെ.ഒന്ന് ശക്തിയായി കാറ്റടിച്ചാൽ കറന്റ് ടാറ്റ പറഞ്ഞു പോവുമായിരുന്ന (പണ്ട്,ഇന്ന് മാറ്റമുണ്ട്) കബനിയുടെ തീരത്തെ ഒരു ചെറിയ ഗ്രാമപ്രദേശത്ത് ജനിച്ചുവളർന്ന എനിക്ക് വൈദ്യുതിയോടൊന്നും കാര്യമായ സൗഹൃദം വളർത്താൻ കഴിഞ്ഞിട്ടില്ല.ബി ടെക്‌ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ പഠിച്ചു തീരാറായിട്ട് പോലും ഇങ്ങനെ പറയേണ്ടി വരുന്നതിൽ ഒട്ടും നിരാശ ഇല്ല.പത്താം തരം പബ്ലിക് പരീക്ഷയുടെ തലേദിവസം അമ്മയ്ക്ക് ബാറ്റ് വച്ച് അടിച്ചു കൊല്ലാനുള്ള കൊതുകിനെ ചൂണ്ടിക്കാനിക്കുന്നതിനിടെ ഒരടി എന്റെ വിരലിൽ അറിയാതെ വീണതും, പെട്ടെന്ന് ഷോക്കടിച്ച് ഞാൻ തരിച്ചു നിന്നതും, പിറ്റേന്ന് കൃത്യം വലതുകയ്യിന്റെ ചൂണ്ടുവിരലിൽ ബാൻഡേജൊക്കെ ഇട്ട് മണിക്കൂറുകളോളം വലിച്ചുവാരി എഴുതിയാലും തീരാത്ത മലയാളം പരീക്ഷക്ക് പോയതും ഓർമ ഉണ്ട്.

ഓർമ വച്ച കാലം മുതലിന്നോളം പ്രണയിച്ചതും സ്വപ്നം കണ്ടതും ഒക്കെ ആകാശത്തെയാണ്. നോക്കെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന കുന്നുകളെയും കെട്ടിടങ്ങളെയും അവയിൽ നിന്നുള്ള എടുത്തു ചാട്ടങ്ങളെയുമാണ്..താഴെ എത്തുന്നതിന് തൊട്ടുമുമ്പുള്ള ആ ചെറിയ സമയം, മനസിലൂടെ എന്തൊക്കെയാണ് കടന്നുപോവുക?ഒരു പക്ഷേ ചിന്തിക്കാൻ കഴിയാത്തവിധം തളർന്നുപോയ, ബോധരഹിതമായ മനസിൽ ഇരുട്ടു കേറുമായിരിക്കാം.എങ്കിലും അതെന്തൊരനുഭവം ആയിരിക്കും..ഇന്നോളം കണ്ടതും കണ്ടുമറന്നതുമായ എല്ലാം ഞൊടിയിടയിൽ അവസാനമായി മനസിൽ മിന്നിമായുമോ?എന്തോർത്തായിരിക്കും ഞാൻ സ്വയം കുറ്റപ്പെടുത്തുക?ഏത് തെറ്റാവും എന്നിൽ പശ്ചാത്തപബോധം കൊളുത്തുക?ഏത് വ്യക്തിയെ ആയിരിക്കും അവസാന ഹൃദയമിടിപ്പിൽ ഞാൻ മാറോട് ചേർക്കുക?

എത്രയെത്ര ചോദ്യങ്ങളാണ് നിരന്തരം ഇതുപോലെ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്.ഒരിക്കലും അവയുടെ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയില്ല എന്നറിയാമായിരുന്നിട്ടും വഴിയിലെവിടെയും ഉപേക്ഷിക്കാതെ ഞാനവയെ കൂടെയിങ്ങനെ കൊണ്ടുപോവുന്നതെന്തിനാണ്…അവനോടുള്ള എന്റെ അടങ്ങാത്ത പ്രണയത്തിന്റെ സാക്ഷ്യപത്രങ്ങളായി അവ എന്നെ ആശ്വസിപ്പിക്കും എന്ന് കരുതിയിട്ടാവാം…ഞാനൊരിക്കൽ മണ്ണോട് ചേർന്നടിഞ്ഞാലും അവ ഞാൻ കണ്ട സ്വപ്നങ്ങളായി ആകാശത്തിന്റെ നീലിമയിൽ അലിഞ്ഞുചേരട്ടെ…

രണഭൂമി

ഓരോ ആശുപത്രിമുറികളും മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലമാണ്.
അവിടെയാണ് സ്നേഹവും പ്രതീക്ഷയും പ്രാർത്ഥനയുമൊക്കെ വേഷമിട്ടാടുന്ന നാടകം അരങ്ങേറുന്നത്.
അടക്കിപ്പിടിച്ച തേങ്ങലുകൾ അവിടത്തെ തലയണകളെ കുതിർത്തുകളഞ്ഞിട്ടുണ്ട്.
നെഞ്ചുകീറിയ പ്രാർത്ഥനകൾ തട്ടി പ്രതിധ്വനിച്ചു ചുവരിൽ തഴമ്പു വീണിട്ടുണ്ട്.
മരുന്നുകളുടെയും ഗുളികകളുടെയും അരോചകമായ രൂക്ഷഗന്ധം..
എത്ര അലക്കിവെളുപ്പിച്ചാലും ചോരക്കറ വിട്ടുമാറാത്ത കിടക്കവിരികൾ..
രാത്രിയുടെ നിശബ്ദതയെ ഭേദിക്കുന്ന ഭീകരമായ നിലവിളികൾ..
വാതിൽക്കലും കട്ടിലിനുപിന്നിലും കാത്തുനിൽക്കുന്ന യമകിങ്കരന്മാർ..
ഒരു സൂചന കിട്ടിയാൽ അവരുടെ കയ്യിലെ കുരുക്കിട്ട ചരട് കഴുത്തിൽ മുറുക്കിയവർ അവസാനിപ്പിച്ചു കളയും, ജീവിതങ്ങളെ.
സൂചികൾ ആഴ്ന്നിറങ്ങി ആത്മാവൂറ്റി വലിച്ചെടുക്കാറുണ്ട് ഓരോ പകലുകളും.
പ്രതീക്ഷ അറ്റുപോവും വിധത്തിൽ ട്യൂബുകളും കുഴലുകളുമിട്ട് നിശ്ചലമാക്കാറുണ്ട് രാത്രികൾ.
ഒരൊറ്റ നിമിഷം ശക്തി ചോർന്നുപോയാൽ പിന്നൊരു തിരിച്ചുവരവ് ഉണ്ടാവില്ല.
തോൽവി ഏറ്റുവാങ്ങാൻ ഒട്ടും ഒരുക്കമല്ലാത്ത പോരാളികൾ എന്നും ഈ രണഭൂവിൽ അങ്കം വെട്ടും.
നാളെകൾ ഇനിയും വസന്തം വിടർത്താൻ ദൈവമിട്ടുതരുന്ന പിടിവള്ളിയാണിവിടം.
അത്രമേൽ വീരഗാഥകൾ ചരിത്രം രചിക്കുന്ന പോരാട്ട ഭൂമിയാണിവിടം…

അച്ഛൻ

ഇതൊരു കഥയോ കവിതയോ ഓർമക്കുറിപ്പോ ഒന്നുമല്ല…തികച്ചും വൈകാരികമായ ഈ ഒരു നിമിഷത്തിൽ മനസിലൊഴുകുന്നത് പച്ചയായി കടലാസിലേക്ക് പകർത്താൻ വീർപ്പുമുട്ടുന്നു. ഈ എഴുത്തിന് ഭംഗി പകരാൻ അലങ്കാരങ്ങൾ ഉണ്ടാവില്ല..വായനക്ക് സുഖം പകരുന്ന ഏച്ചുകെട്ടലുകളും ഉണ്ടാവില്ല.ഇതെഴുതുന്നത് ഹൃദയം കൊണ്ടാണ്.ഇതെഴുതുന്നത് വായനക്ക് വേണ്ടിയല്ല. ഒരെഴുത്തുകാരിയുടെ പിടിച്ചുകെട്ടാനാവാതെ പോയ അക്ഷരങ്ങളുടെ തുറന്നുവിടൽ മാത്രമാണിത്…😊

പറയാൻ പോവുന്നത് ഒരുപാടാഴത്തിൽ വേരൂന്നിയ ഒരു വലിയ വൃക്ഷത്തെ കുറിച്ചാണ്..കീഴെ ഉള്ളവർക്ക് പൊരിവെയിലത്തും തണൽ പകരുന്ന വലിയൊരാൽമരം…അച്ഛനെന്ന നന്മമരം…ലോകത്തിലൊരു മകൾക്കും ഇത് പോലൊരച്ഛനെ കിട്ടിയിട്ടുണ്ടാവില്ല എന്ന് ഞാൻ അഹങ്കരിച്ചു പോവാറുണ്ട്. എത്ര വലിയ പ്രതിസന്ധികളും മുന്നിൽ എത്തി എന്നെ തടസ്സപ്പെടുത്താൻ തുടങ്ങുമ്പോൾ തന്നെ താനേ തകർന്ന് നിഷ്പ്രഭമാവാറുണ്ട്, ആ വലിയ വൃക്ഷത്തിന്റെ പ്രഭാവം ഒന്ന് കൊണ്ടുമാത്രം…

കണ്ണ് നിറഞ്ഞു തുടങ്ങുമ്പോൾ തന്നെ, ഉള്ള് പുകഞ്ഞുതുടങ്ങുമ്പോൾ തന്നെ മനസിൽ താനെ തെളിഞ്ഞുവരുന്ന ചില മുഖങ്ങളുണ്ട്…പകൽ വളരെ വൈകി എഴുന്നേറ്റ് രാത്രി ഇരുന്ന് പിറ്റേന്നത്തെ പരീക്ഷക്ക് വേണ്ടി ഞാൻ പഠിക്കുമ്പോൾ, പുലർച്ചെ എഴുന്നേറ്റ് സ്കൂളിലെ ജോലികളൊക്കെയും കഴിഞ്ഞ് തളർന്ന് ക്ഷീണിച്ച കണ്ണുകളുമായി തൊട്ടടുത്ത സോഫയിൽ എത്ര തവണ വേണ്ടെന്ന് പറഞ്ഞാലും ഉറക്കമിളച്ച് കൂട്ടിരിക്കുന്ന അച്ഛന്റെ മുഖം…,എന്നെ ഒരിക്കലും ഒറ്റയ്ക്കാക്കാൻ കഴിയാത്ത അച്ഛന്റെ മുഖം…അത്ര മേൽ എന്നെ സ്വാധീനിച്ച ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
പൊതുവെ രോഗപ്രതിരോധശേഷി അല്പം കുറവുള്ള കൂട്ടത്തിൽ ആയതിനാൽ എന്നെ പെട്ടെന്ന് പിടികൂടുന്ന കൊച്ചുകൊച്ചുരോഗങ്ങൾ പോലും അച്ഛനെയാണ് കൂടുതൽ അലട്ടാറുള്ളത്.
ഇടക്കെങ്കിലും പൊള്ളുന്ന പനിയുമായി അല്ലെങ്കിൽ മാസം തോറുമെത്തുന്ന വയറുവേദനയുമായി അവശയായിത്തീരുമ്പോൾ മടിയിൽ കിടത്തി സ്വയമുറങ്ങാതെ എന്നെ ഉറക്കാൻ മെനക്കെടുന്ന ആ മുഖത്ത് കണ്ട സ്നേഹത്തിന്റെ ഒരു കണിക പോലും ലോകത്തിൽ മറ്റെവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല…

അച്ഛനൊരിക്കലും എന്നോട് ‘വേണ്ട’ എന്നോ ‘അരുത്’ എന്നോ പറഞ്ഞതായി ഓർക്കുന്നില്ല. അഥവാ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ എന്റെ നിറഞ്ഞ കണ്ണുകളോ പിണക്കമോ അച്ഛന്റെ മനസ് ഞൊടിയിടയിൽ മാറ്റിയിരിക്കും.ഒരുപക്ഷേ എന്നോടുള്ള അമിതമായ വിശ്വാസമാവാം ഒന്നിലും തടയാതിരിക്കാൻ അച്ഛനെ പ്രേരിപ്പിക്കുന്നത്.ആ വിശ്വാസം ഇന്നോളം തെറ്റാതെ കാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതിൽ അതിശയമില്ല..,ആ അച്ഛന്റെ മകൾക്ക് അതിനേ കഴിയൂ…

ഞാനിന്നോളം കണ്ടതിൽ വച്ച് ഏറ്റവും നല്ല അദ്ധ്യാപകനാണ് എന്റെ അച്ഛൻ.എവിടെയൊക്കെ പോയാലും അവിടെയെല്ലാം അച്ഛൻ പഠിപ്പിച്ച ഏതെങ്കിലുമൊരു വിദ്യാർത്ഥിയെ അല്ലെങ്കിൽ വിദ്യാർത്ഥിനിയെ കണ്ടുമുട്ടാറുണ്ട്..വർഷങ്ങൾ ഒരുപാട് കടന്നുപോയിട്ടും അവർ അദ്ദേഹത്തെ ഇന്നും ആദരിക്കുന്നു,ഇഷ്ടപ്പെടുന്നു.അവരെയെല്ലാം ഒരൊറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് അവരെക്കുറിച്ചുള്ള ക്ലാസ് മുറിയിലെ ഓർമ്മകളെക്കുറിച്ച് അച്ഛൻ വാചാലനാകും.പലപ്പോഴും ഞാൻ അത് അതിശയത്തോടെ കേട്ടുനിൽക്കാറുണ്ട്.എങ്ങനെയാണ് ഒരദ്ധ്യാപകൻ ഇത്രമേൽ തന്റെ വിദ്യാർഥികളെ സ്നേഹിക്കുന്നതെന്ന്.ഒരു ചൂരൽ കീശയിലിട്ട് മുണ്ടിന്റെ തുമ്പ് കയ്യിൽ പിടിച്ച് അച്ഛൻ സ്കൂളിലേക്കിറങ്ങും.ആ ചൂരൽ അടിക്കാനെത്ര തവണ ഉപയോഗിച്ചെന്നെനിക്കറിയില്ല, ഒട്ടുമിക്കപ്പോഴും നിറഞ്ഞ പുഞ്ചിരി കൊണ്ട് തന്നെ അദ്ദേഹം വിദ്യാർഥികളെ ശാന്തരാക്കാറുണ്ട്..
അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടത് സ്കൂളും കുട്ടികളുമായിരുന്നു.പ്രധാനാധ്യാപകൻ ആയതിനു ശേഷം വളരെ വൈകി മാത്രമേ വീട്ടിൽ എത്തിയിരുന്നുള്ളൂ. ദിവസം മുഴുവനും സ്കൂൾ കാര്യങ്ങൾ ചെലവഴിച്ചു കൊണ്ടിരിക്കെ പലപ്പോഴും അതിന്റെ പേരിൽ ഞാൻ വഴക്കിട്ടിരുന്നു.ഒരു മകൾ എന്ന നിലയിൽ പലപ്പോഴും ഞാൻ അഗ്രഹിക്കുന്ന വേളകളിൽ അച്ഛൻ കൂടെയുണ്ടാവാറില്ല.ഒരു സിനിമ പോയി കാണാനോ , ചെറിയ കറക്കങ്ങൾക്കോ, ഷോപ്പിംഗിനോ ഒന്നും അച്ഛൻ കൂടെ വരാറില്ല.അന്ന് ഞാനൊരുപാട് ദേഷ്യം കാണിച്ചുവെങ്കിലും ഇന്ന് അദ്ദേഹത്തിന് കുട്ടികളിൽ നിന്നും തിരിച്ചുകിട്ടുന്ന സ്നേഹം കാണുമ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്, അത് ശരിയായ വഴി ആയിരുന്നെന്ന്..മുന്നിലിരുന്ന ഏതൊരു കുട്ടിയെയും സ്വന്തം മകനായി അല്ലെങ്കിൽ മകളായി കാണാൻ എന്നു കഴിയുന്നില്ല, അന്ന് ആ അദ്ധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം എന്ന ഉദ്ധരണി അദ്ദേഹം സ്വന്തം ജീവിതത്തിലേക്ക് പകർത്തിയിരുന്നു.നീണ്ട 36 വർഷങ്ങൾക്കൊടുവിൽ ഈ കഴിഞ്ഞ വർഷം വിരമിച്ച അദ്ദേഹം ജീവിതാവസാനം വരെ ഒരദ്ധ്യാപകൻ തന്നെ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഇളം നിറമുള്ളൊരു കൈത്തറി ഷർട്ടും മുണ്ടുമായിരുന്നു അച്ഛന്റെ സ്ഥിരം വേഷം.അതല്ലാതെ ഒരിരുണ്ട നിറമുള്ള ഷർട്ട് പോലും അച്ഛൻ ധരിക്കാൻ കൂട്ടാക്കാറില്ല. ചെറിയ വിജയങ്ങളും പരീക്ഷകളിലെ മികച്ച മാർക്കുകളുമായി വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് വർണക്കടലാസിൽ പൊതിഞ്ഞൊരു സമ്മാനവുമായി അച്ഛനെന്നെ കാത്തുനിൽക്കുന്നുണ്ടാവും.ഏതെങ്കിലും ഒരു നോവൽ ആയിരിക്കുമത്.ആദ്യ പേജിൽ തന്നെ അച്ഛന്റെ പരന്ന കൈപ്പടയിൽ ശില്പക്ക് സമ്മാനം എന്നെഴുതിയിട്ടുണ്ടാവും.അതോരോ തവണയും എന്റെ മുഖത്ത് വിടർത്തുന്ന ചിരി കണ്ട് അച്ഛന്റെ മനസ് തുളുമ്പുമായിരുന്നു. എം ടിയുടെ മഞ്ഞും,ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയും, തസ്ലീമയുടെ ലജ്ജയുമൊക്കെ ആ സമ്മാനങ്ങളിൽപ്പെടും..ഞാൻ പോലും അറിയാതെ അദ്ദേഹം എന്റെ വായനയെ വളർത്തുകയായിരുന്നു.അതെന്നെ എഴുതാൻ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല.എന്റെ കവിതകളും എഴുത്തുകളും അച്ഛനെന്നും വായിച്ചിരുന്നു, ഇഷ്ടപ്പെട്ടിരുന്നു…കോളേജിലെത്തി ഞാൻ അച്ഛനിൽ നിന്നും തികച്ചും വേറിട്ട ഒരു പ്രസ്ഥാനത്തിൽ സ്ഥാനാർത്ഥി ആയി നിന്ന് ജയിക്കുകയുണ്ടായി.നാട്ടുകാരും വീട്ടുകാരും അച്ഛനൊന്നും പറഞ്ഞില്ലേ എന്ന് നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു.സ്വന്തം അഭിപ്രായങ്ങളെയും ആശയങ്ങളെയും മക്കളിൽ അടിച്ചേൽപ്പിക്കുന്ന ഒരച്ഛൻ അല്ല എന്റേത് എന്ന് അവരെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്.അതൊന്നും അച്ഛനെ ഒരിക്കലും വിഷമിപ്പിച്ചിരുന്നില്ല.എന്റെ ശരികളെ അച്ഛൻ എന്നും മാനിച്ചിരുന്നു.

എന്റെ ആശയങ്ങളും തിരുത്താനോ വേണ്ടെന്ന് വക്കാനോ ഒരുക്കമല്ലാത്ത എന്റെ ആദർശങ്ങളും അച്ഛനെന്നെ കുറിച്ചുള്ള പേടിയോർത്ത് മാത്രം ഞാൻ അടിയറവ് വക്കാറുണ്ട്.മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യാൻ ആരെയും ഭയപ്പെടേണ്ടതില്ല എന്നത് തന്നെയാണ് എന്റെ വിശ്വാസം. എന്നാലും അച്ഛനുവേണ്ടി ഞാൻ പലപ്പോഴും മനപൂർവം എന്റെ അഭിപ്രായങ്ങൾക്ക് വിട്ടുവീഴ്‌ച ചെയ്യാറുണ്ട്.അത് തന്നെയാണ് എന്നെ ഞാനാക്കുന്നതും….അച്ഛനെനിക്കെന്നും ധൈര്യം പകരുന്നൊരു ശക്തി ആണ്..ഇന്നോളമെന്നെ ഇത്രമേൽ സ്നേഹിച്ച മറ്റാരുമുണ്ടാവില്ല..ആ സ്‌നേഹത്തിന് മുന്നിൽ മാത്രമേ ഞാൻ സന്തോഷത്തോടെ തോറ്റുകൊടുക്കാറുള്ളൂ…എന്നെ തോൽക്കാൻ ഒരിക്കലും അനുവദിക്കാത്ത ഒരാൾക്ക് മുന്നിൽ തോൽക്കുന്നത് ഒരു വിജയം തന്നെയാണ്…😊

ഭ്രാന്തൻ

എന്ത് കൊണ്ടോ എനിക്ക് അയാളെ ഭയമായിരുന്നു…
നടന്നു പോവുന്ന വഴികളിലൊക്കെ അയാൾ പിൻതുടരുന്നുവെന്ന് ഞാനെന്നും ഭയന്നു,
തിരികെ നോക്കി കല്ലെറിഞ്ഞു…
ഒരു വരണ്ട ചിരിയുമായി എന്നും വരവേൽക്കുന്ന മുഷിഞ്ഞ വസ്ത്രധാരിയായ ആ ചെറുപ്പക്കാരനെ ഞാൻ ആട്ടിപ്പായിച്ചു…
അയാളുടെ ഉച്ചത്തിലുള്ള പുലമ്പലുകൾ ഒട്ടും വ്യക്തമല്ലെങ്കിലും അവ എന്റെ ചെവികളിൽ അസഭ്യങ്ങളായിരുന്നു…
അവ കേൾക്കുമ്പോൾ ഞാൻ അയാളെ വീണ്ടും വീണ്ടും വെറുത്തു…
ഭ്രാന്തൻ എന്നു വിളിച്ചു പരിഹസിച്ചു..
അയാളെ ചങ്ങലക്കിടണമെന്ന് ശഠിച്ചു…
രാത്രി ഉറക്കമുണർത്തുന്ന ദുസ്വപ്നങ്ങൾ പോലും അയാളുടേതാണെന്ന് പറഞ്ഞ് ഞാനയാളെ വേദനിപ്പിച്ചു…
ഒരിക്കൽ, ഇരുട്ടുവീണൊരു സായാഹ്നത്തിൽ മാറിടത്തിലേക്ക് ഒരു കഴുകൻ കൈ നീണ്ടുവന്നപ്പോൾ അത് കൊത്തിയരിയാൻ ഒരു ചങ്ങലയുമായി അയാൾ വന്നു…
എന്റെ നിലവിളികൾക്ക് കാതോർത്തുകൊണ്ട് ഈ ഇരുട്ടിലുമെന്നെ സംരക്ഷിക്കാൻ എത്തിയ ആ മനുഷ്യന് ഭ്രാന്തായിരുന്നുവോ?
അതോ അവനു ഭ്രാന്തെന്ന് മുദ്ര കുത്തിയ എനിക്കായിരുന്നുവോ ഭ്രാന്ത്?

ചുവപ്പ് നഷ്ടപ്പെട്ട ഹൃദയം

മാറാല തൂങ്ങി,പൊടിപിടിച്ചു
പോയ ഒരു പഴയ ഷെൽഫുണ്ട്‌, മുറിയിൽ..
അതിന്റെ മീതെ വെളുത്ത കടലാസുതുണ്ടിൽ ചുവന്ന അക്ഷരങ്ങളിൽ “എന്റെ ലോകം” എന്നെഴുതി തൂക്കിയിരിക്കുന്നു…
അതിൽ നിറയെ പുറംചട്ടകൾ അഴിഞ്ഞുവീഴാറായ നിരവധി പുസ്തകങ്ങൾ അടുക്കിയൊതുക്കി വച്ചിരിക്കുന്നു…
അതിലോരോന്നിനും ഓരോ മണമാണ്,
പറന്നു നടന്നു തേൻ നുകർന്ന് ആകാശത്തെ സ്വപ്നം കണ്ട പൂമ്പാറ്റയുടെ മണമുള്ള പുസ്തകം…
മുത്തശ്ശിക്കഥകൾ കേട്ടും അമ്മയുടെ മാറോട് ചേർന്നും പിച്ചവച്ചുതുടങ്ങിയ ബാല്യത്തിന്റെ മണമുള്ള പുസ്തകം…
അച്ഛൻ കൊണ്ടുതരാറുള്ള വർണക്കടലാസിൽ പൊതിഞ്ഞ മധുരമുള്ള നാരങ്ങാമിഠായിയുടെ മണമുള്ള പുസ്തകം…
നാളെയാരാവണം എന്ന ചോദ്യത്തിന് നെയ്ത് കൂട്ടിയ സ്വപ്നങ്ങളുടെ മണമുള്ള പുസ്തകം..
പിന്നീട് കൗതുകം വളർത്തിയ കൗമാരത്തിന്റെ മങ്ങാത്ത മണമുള്ള പുസ്തകം…
പ്രണയത്തിന്റെ തീക്ഷ്ണമായ വരികൾ ചിക്കിചികഞ്ഞെഴുതിയ കത്തുകളുടെ മണമുള്ള പുസ്തകം…
തെറ്റുകളും വിലക്കുകളും കുറ്റപ്പെടുത്തലുകളും കൊണ്ട് നീറിയ ഒറ്റപ്പെടലിന്റെ മണമുള്ള പുസ്തകം….
മധുരകാമനകളുടെ സ്വയംവരം നെറുകയിൽ അണിയിച്ച സിന്ദൂരത്തിന്റെ മണമുള്ള പുസ്തകം…
പകലന്തിയോളം പണിയെടുത്ത് തളർന്ന് ഒടുവിൽ ഇരുട്ടിൽ സ്വയം ഹോമിക്കപ്പെടുന്ന ഒരു പെണ്ണിന്റെ മണമുള്ള പുസ്തകം…
വറ്റിത്തീരാത്ത സ്നേഹത്തിന്റെ നീരുറവ പോൽ മാറിടം ചുരത്തുന്ന മുലപ്പാലിന്റെ മണമുള്ള പുസ്തകം…
പറന്നുയരാൻ കാത്തുനിന്ന പൂമ്പാറ്റയുടെ ചിറകരിഞ്ഞു കടന്നു കളഞ്ഞ രൂപമില്ലാത്തൊരു വില്ലന്റെ മണമുള്ള പുസ്തകം….
അങ്ങനെയങ്ങനെ…
പൊടുന്നനെ തളർന്നവശയായി ഇടറിയ കൈതട്ടി ഒരു പുസ്തകം നിലത്തു വീണു…
അതിന്റെ മീതെ സ്വപ്നങ്ങൾ എഴുതിയിരിക്കുന്നു…
അതിനും ചുവന്ന നിറം..
പൊടിതട്ടി ഞാൻ പതിയെ ഓരോ താളുകൾ മറിച്ചുനോക്കി..
ഒരക്ഷരം പോലുമില്ല, ശൂന്യമായിരിക്കുന്നു..
എന്റെ കണ്ണുകളിൽ ഇരുട്ട് കേറിത്തുടങ്ങി…
ചുവന്ന പുറംചട്ടയും അവ്യക്തമായി,
അത് മെല്ലെ പടർന്നൊഴുകാൻ തുടങ്ങി..
ചോരയുടെ രൂക്ഷ ഗന്ധം വമിക്കുന്നു…
ചേതനയറ്റ ഒരു ഹൃദയം ഒടുവിലാ പുസ്തകം ഇരുന്നിടത്തു കണ്ട് ഞാൻ സ്തബ്ധയായി..
ഒരിക്കൽ കൂടി മിടിക്കാൻ കഴിയാത്ത വിധം അതിന്റെ ചുവപ്പ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയിരിക്കുന്നു…

നിരവിൽ’പുഴ’

ജീവിതത്തിൽ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ചത് ജനിച്ച നാടാണ്.വയനാടിന്റെ കോഴിക്കോടുമായി ചേർന്നു നിൽക്കുന്ന ഒരതിർത്തി ആണ് കുറ്റിയാടി ചുരം.ചുരം കയറിയാൽ ഉടനെ എത്തുന്ന ‘നിരവിൽപുഴ’ എന്ന ഗ്രാമമാണ് എന്നെ ഞാനാക്കിയത്. കബനിയുടെ കൈവഴിയാണ് ഇവിടത്തെ മനോഹരിയായ പുഴ.ഒരു ചെറിയ പാലത്തിനു ചോട്ടിലൂടെ അടങ്ങിയൊതുങ്ങി, ഒരു നാടിനു മൊത്തം കുളിക്കാനും നനയ്ക്കാനും വെള്ളം കൊടുത്ത് അവൾ ഒഴുകിയിരുന്നു. എന്നാൽ കാലവർഷത്തിൽ അവൾ രൗദ്രഭാവം വീണ്ടെടുക്കും.പാലം കവിഞ്ഞൊഴുകി നാട്ടുകാരെ മുഴുവൻ ഭീതിയിലാഴ്ത്തും.അവൾ സംഹാര താണ്ഡവം ആടിക്കഴിഞ്ഞാൽ പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്ക് പൂക്കോട് തടാകത്തിൽ നിന്നും ബോട്ട് കൊണ്ടുവന്നിരുന്നു.

മഴക്കാലം ഞങ്ങൾക്ക് ഉത്സവമാണ്. വീടിനു പിന്നിൽ പഴശ്ശിയുടെ ഐതിഹാസിക കഥകളുമായി തലയുയർത്തി നിൽക്കുന്ന ഒറ്റുപാറ..മുന്നിലും ഇടതുവശത്തും നിരവിൽപുഴയുടെ നീരൊഴുക്ക്.വലതുവശത്ത് വെള്ളപ്പൊക്കം വഴി കാഴ്ച എത്താതെ മുങ്ങിപ്പോവുന്ന വയലേലകൾ.ചുരുക്കത്തിൽ മഴക്കാലം ഞങ്ങളെ ഒരു ദ്വീപ് പോലെ കുരുക്കി കളയും. ഞാൻ 3ൽ പഠിക്കുമ്പോൾ ഉള്ള ഒരു മഴക്കാലം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നായി ഇന്നും മനസിൽ കിടന്നു നീറുന്നുണ്ട്.നിരവിൽപുഴക്ക് നികത്താനാവാത്ത നഷ്ടങ്ങൾ വിതച്ച ആ മഴ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

കനത്ത കാറ്റിലും മഴയിലും അടുത്തുള്ളൊരു കുന്നിടിഞ്ഞ് ഉരുൾപൊട്ടൽ ഉണ്ടായി.ഒരച്ഛനും അമ്മയും അവരുടെ പൊന്നോമനയും അടക്കം മൂന്നു പേരെ കിടന്ന കിടപ്പിൽ തന്നെ വിഴുങ്ങിക്കളഞ്ഞു, മലവെള്ളപ്പാച്ചിൽ.ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് അവൾ നിർത്താതെ പെയ്തു.അച്ഛനും അമ്മയും അദ്ധ്യാപകരായ തൊട്ടടുത്ത വിദ്യാലയത്തിലാണ് ഞാനും പഠിച്ചിരുന്നത്.അവിടെ സമീപവാസികൾക്കായി ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു.ദിവസങ്ങളോളം നീണ്ടു നിന്ന മഴയിൽ സ്വന്തം വീട്ടിലേക്ക് മടങ്ങാനാവാതെ, എല്ലാം വിട്ടെറിഞ്ഞ് കനത്ത വയനാടൻ കാറ്റിന്റെ തണുപ്പിൽ ചുരുണ്ടുകൂടി അവർ.വിദ്യാലയങ്ങൾക്കൊക്കെയും കലക്ടർ പൊതു അവധി പ്രഖ്യാപിച്ചു.

നിർത്താതെ പെയ്ത മഴയിൽ താമരശ്ശേരി ചുരം ഇടിഞ്ഞു.അത് വഴി പോവുന്ന വലിയ വാഹനങ്ങളും ബസുകളും ടാങ്കർ ലോറികളുമൊക്കെ ഞങ്ങളുടെ ചുരം വഴി കടത്തി വിട്ടു.അപ്പോഴാണ് കബനി കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെടുത്തിയത്. ദിവസങ്ങളോളം പുഴ പാലത്തിന് മീതെ തന്നെ ഒഴുകി.പാലം മുതൽ ചുരം വരെ നിരന്ന വിവിധതരം വണ്ടികളുടെ വലിയ നിര ഇന്നും ഓർക്കുന്നു.രാത്രിയുടെ കൊടും തണുപ്പിൽ പുതക്കാൻ കമ്പിളിയില്ലാതെ, വിശപ്പകറ്റാൻ ആഹാരമില്ലാതെ അവരെങ്ങനെ ചിലവഴിച്ചു എന്നറിയില്ല. അച്ഛനെ അറിയുന്ന ഒരദ്ധ്യാപകനും ഭാര്യയും വീട്ടിലെത്തി രാത്രി കഴിച്ചുകൂട്ടി.കനത്ത പേമാരി ഒരുപാട് പേരുടെ കൃഷിയെ ബാധിച്ചു.പല വിളകളും കാറ്റിലും മഴയിലും നശിച്ചുപോയി.അടച്ചിട്ട കടകൾ അടുക്കളകളൊക്കെയും ശൂന്യമാക്കിത്തുടങ്ങി.തണുത്തു വിറങ്ങലിച്ചു രാത്രികൾ ഉറക്കമില്ലാത്തവയായി.

രാവിലെ തന്നെ കുടയുമെടുത്ത് വെള്ളപ്പൊക്കം കാണാൻ ഒരു പോക്കുണ്ട്. കരകവിഞ്ഞൊഴുകുന്ന അവൾക്ക്, അവളുടെ രൗദ്രഭാവത്തിന് പഴശ്ശിയുടെ പടവാൾ പോലെ മൂർച്ച ഉണ്ടായിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഞങ്ങളുടെ ചെറിയ ഭൂപ്രദേശം ഒറ്റപ്പെട്ടുനിന്നു.താഴ്ന്ന സ്ഥലങ്ങളിലും വയലിനരികിലും ഒക്കെയുള്ള വീടുകൾ പലതും വെള്ളത്തിലായി.പനിയും ജലദോഷവുമായി ഗ്രാമവാസികൾ വലഞ്ഞുതുടങ്ങി.പുറത്തിറങ്ങി നടന്ന് തിരികെ വീട്ടിലെത്തിയാൽ കാലു നിറയെ പൊതിഞ്ഞ അട്ടകളെ പരതണം. ചോര ഊറ്റിക്കുടിച്ചു വീർത്ത അട്ടകളെ വിടുവിക്കാൻ കല്ലുപ്പ് വിതറണം.

ഒന്ന് കുശലം ചോദിക്കാൻ പോലും ദിവസങ്ങളോളം വൈദ്യുതി എത്തിനോക്കിയില്ല. മെഴുതിരി വെട്ടത്തിലും, ചിമ്മിണി ഒഴിച്ചു കത്തിച്ച റാന്തൽ വിളക്കിന്റെ നേരിയ വെട്ടത്തിലും എത്രയോ രാത്രികൾ ഞങ്ങൾ കഥകൾ പറഞ്ഞിരുന്നു.ആ കഥകളിലൊക്കെയും സൂര്യനുദിക്കാത്ത സാമ്രാജ്യത്തിന്റെ മുന്നിൽ മുട്ടുകുത്താതെ പൊരുതിയ ധീരനായ ഒരു യോദ്ധാവുണ്ടായിരുന്നു.അദ്ദേഹം ഓരോ വയനാട്ടുകാരന്റെയും ചോരത്തിളപ്പായിരുന്നു. വീരപഴശ്ശി എന്ന് മാലോകരൊക്കെയും വാഴ്ത്തിയ കേരളവർമ്മ പഴശ്ശി തമ്പുരാൻ…

ഓരോ മഴക്കാലവും ഓർമകളുടെ കുത്തിയൊലിപ്പാണ്‌.ഇന്നും വറ്റാതെ കിടക്കുന്ന മഴക്കുഴികൾ ഉണ്ട് നെഞ്ചിൽ. ഇന്ന് വർഷങ്ങൾക്കിപ്പുറം നിരവിൽ’പുഴ’ക്ക് മീതെ പഴയത് പൊളിച്ചു വലിയ പാലം പണിതുയർത്തിയിരിക്കുന്നു. എത്ര വലിയ മഴക്കും ആ വലിയ പാലത്തിന് മുകളിലൂടെ വീണ്ടുമൊരിക്കൽ കൂടി അവളെ ഒഴുക്കാൻ തക്ക ശേഷിയുണ്ടായിട്ടില്ല..എങ്കിലും ശാന്തയായി ഒഴുകുന്നവൾ ഓരോ മഴക്കാലത്തും തന്റെ ഉഗ്രസ്വരൂപം വീണ്ടെടുക്കും…ഇന്നോളമിതുവരെ അവളുടെ വീര്യവും ശൗര്യവും ഒരു മലവെള്ളപ്പാച്ചിലിലും ഒഴുകിപ്പോയിട്ടില്ല.ആ വലിയ പാലത്തിന് മുകളിൽ നിന്ന് ഇന്നും ഞാൻ അവളെ എത്തിനോക്കാറുണ്ട്. ഒഴുകിയൊഴുകി അവളെ കാത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിലേക്ക്… അവൾ ഞങ്ങൾക്ക് മുലപ്പാൽ ഊട്ടി പോറ്റിവളർത്തിയ അമ്മ മാത്രമല്ല.., ഒരേ സമയം കുളിരും കനലും പകരുന്ന ലഹരിയാണ് …..

മാമ്പഴക്കാലം

നാത്താണ്ടി പറമ്പിൽ നിറച്ചും മാവുകളാണ്…നല്ല തേൻ മധുരമൂറുന്ന മാങ്ങകൾ നിലത്ത്‌ ചറ പറ ശബ്ദമുണ്ടാക്കി പെയ്തു കൊണ്ടേ ഇരിക്കും…ഇത്രേം മാങ്ങകൾ ഈ വല്യ മരത്തിൽ എവിടെയൊക്കെയാ ഒളിച്ചിരിക്കുന്നത്….എത്ര വർഷങ്ങളായി ഈ മുത്തച്ഛൻ മാവുകൾ ഇങ്ങനെ തലയുയർത്തി ഗമയോടെ പറമ്പിൽ അവിടിവിടെയായി നിൽക്കുന്നുണ്ടാവും…ഒരുപാടധികം തലമുറകളുടെ പ്രണയത്തിന്റെയും, പ്രതീക്ഷയുടെയും, ബാല്യത്തിന്റെയും ഒക്കെ കഥ പറയാനുണ്ടാവും ഇവയ്ക്ക്..

അമ്മാത്ത് (അമ്മയുടെ വീട്) ആയിരുന്നു എന്റെ ബാല്യം മുഴുവനും….ഒരുപാട് നല്ല ഓർമകളുടെ കലവറയാണ് എനിക്കിന്നും അവിടം.അവധിക്കാലങ്ങൾ ഒക്കെ ഞങ്ങൾ പേരക്കുട്ടികൾക്ക് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ അടിച്ചു പൊളിക്കാനുള്ള വിരലിലെണ്ണാവുന്ന ദിനങ്ങളാണ്…വലിയ വേനലവധിക്ക് എല്ലാരും ജോലിത്തിരക്കുകൾ എല്ലാം മാറ്റിവച്ച് അമ്മാത്തുവീട്ടിൽ ഒത്തുചേരും… അവിടത്തെ കഥ പറയുമ്പോൾ മേൽപ്പറഞ്ഞ മാവുകൾ അവിഭാജ്യ ഘടകങ്ങളാണ്…

ചുവന്നു തുടുത്ത് മധുരം കിനിയുന്ന മാങ്ങകൾ തരുന്ന കോമാവ്.ഉപ്പും മുളകും ചേർത്ത് വായിൽ രുചിയുടെ വസന്തം തീർക്കുന്ന മുറ്റത്തെ വലിയ ഒളോർ മാവ്..പുഴുവിനെ ഭയക്കാതെ മധുരം നുണയാൻ കഴിയുന്ന ചെറിയ മാങ്ങകൾ തരുന്ന നാട്ടുമാവ്.നല്ല കടുംപച്ച നിറമുള്ള മധുരം കുറഞ്ഞ വലിയ മാങ്ങ തരുന്ന കുറുക്കൻ മാവ്…അങ്ങനെയങ്ങനെ..എത്രയെത്ര പേരുകളാണ്.പലയിടത്തും പല പേരുകളാണ്.ഒരാൾക്ക് പല പേരുകളുണ്ടാവുന്നത് അനുഗ്രഹമാണ്.പെട്ടെന്ന്‌ തിരിച്ചറിയാതിരിക്കുന്നത് തന്നെയാ നല്ലത്, പ്രത്യേകിച്ച് മനുഷ്യരുടെ കാര്യത്തിൽ…

അതിരാവിലെ എണീറ്റ് മാങ്ങ പെറുക്കാൻ ഒരു പോക്കുണ്ട്. അത് ഞങ്ങൾ കുട്ടികളുടെ ജോലി ആയിരുന്നു..വലിയ സഞ്ചികളും ചാക്കുകളുമെടുത്ത് കുട്ടികൾ എല്ലാരും ഉത്സാഹത്തോടെ പറമ്പിലേക്ക് ഇറങ്ങും.നേരെ മാവിൻ ചുവട്ടിൽ ഒരിക്കലും എത്താറില്ല.വഴിയിൽ കല്ലുപാകിയ തറവാട്ടു കുളത്തിലേക്ക് കല്ലെറിഞ്ഞും, വലിയ മഞ്ചാടി മരത്തിനു ചോട്ടിൽ നിന്ന് ചേമ്പില കുമ്പിളിൽ നിറയെ മഞ്ചാടിമണികൾ പെറുക്കിയിട്ടും, കൊള്ളിനു മീതെ നിന്ന് താഴെ ഇടവഴിയിലൂടെ പോവുന്നവരെ നോക്കി കൂവി അവർ തിരിഞ്ഞു നോക്കുമ്പോൾ ഓടിയൊളിച്ചും… ചുരുക്കത്തിൽ മാമ്പഴക്കാലം ഞങ്ങൾക്ക് ഒരുത്സവമായിരുന്നു…എല്ലാ മാവുകളുടെ അടുത്തും പോയി മാങ്ങകൾ ഒന്നുപോലും വിടാതെ എടുത്തു കൊണ്ടുവരാൻ ഞങ്ങൾക്ക് പ്രത്യേക പരിശീലനം കിട്ടിയിരുന്നു…എന്നാലും ഒരുപാട് മാങ്ങകൾ അടുത്തുള്ളവരും കുട്ടികൾക്കുമൊക്കെ മുത്തച്ഛൻ മാവ് വീഴ്ത്തിയിട്ടു കൊടുക്കും…

ആ മാവുകൾക്കരികിൽ ഒറ്റക്ക് നിന്നാൽ അറിയാം..അവയ്ക്ക് കഥകൾ പറയാനുണ്ടാവും.വലിയ ചില്ലകൾ അനക്കി അവ നമ്മളോട് സ്വകാര്യം പറയും.കാറ്റു വീശി കവിത ചൊല്ലിത്തരും..എന്നെയും അമ്മയേയും അമ്മമ്മയെയും…,അങ്ങനെയങ്ങനെ എത്ര തലമുറകളെ ഊട്ടിയിരിക്കുന്നു ഈ മാവുകൾ.അവയെപ്പോലെ ആരും ഇത്രകണ്ട് നിസ്വാർത്ഥമായി സ്നേഹിച്ചിട്ടുണ്ടാവില്ല…

ഉച്ചക്ക് ദേവി മുത്തശ്ശിയുടെ വക നല്ല മധുരമുള്ള മാമ്പഴ കൂട്ടാൻ ഉണ്ടാവും,എന്നും..പിന്നെ തേങ്ങ ചിരകിയിട്ട ചക്ക പുഴുങ്ങിയതും..കാലമിന്നോളമായി അത്രയേറെ രുചികരമായ ഒരു ഭക്ഷണവും ഒരു ഹോട്ടൽ മെനുവിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.പകൽ മുഴുവൻ ഓടിത്തളരുമ്പോൾ മുറ്റത്തെ വിരിച്ചിട്ടിരിക്കുന്ന വലിയ പുൽപ്പായയിൽ നിന്നും “കച്ച്” നുള്ളിയെടുത്ത് ഓടും.വടക്കൻ കേരളത്തിൽ മാമ്പഴക്കാലത്ത് ഉണ്ടാക്കുന്ന ഹൃദ്യമായ ഒരു വിഭവമാണിത്.പഴുത്ത മാങ്ങകൾ ഞെരടിയെടുത്തു ശർക്കര ചേർത്ത് വെയിലത്ത്‌ ഉണക്കാനിടും. ഉണങ്ങിക്കഴിഞ്ഞാൽ പായയിൽ നിന്ന് ഇത് അടർത്തിയെടുക്കാം.അതിനൊന്നും ബാക്കിയുണ്ടാവാറില്ല, ഓരോ ഓട്ടത്തിനും ഞങ്ങൾ ഓരോരുത്തരും അത് പാതി ഉണങ്ങുമ്പോൾ തന്നെ നുള്ളിയെടുത്തു നുണഞ്ഞു തീർക്കുമായിരുന്നു…

വടക്കേ കോലായിൽ എപ്പോഴും മാങ്ങ ചാക്ക് നിറഞ്ഞു കിടപ്പുണ്ടാവും.എങ്കിലും ഞങ്ങൾ മത്സരമാണ്, ആര് ആദ്യം തിന്നു തീരും, ആര് കൂടുതൽ തിന്നു തീർക്കും…എത്രയെത്ര മാങ്ങകൾ ചെറിയ വയറു നിറച്ചും വിഴുങ്ങിയിട്ടുണ്ടാവും…കൂടെ ഒന്നും നോക്കാതെ വിഴുങ്ങിയ മാങ്ങയുടെ കൂട്ടത്തിൽ പുഴുക്കളും ഉണ്ടാവും.അതൊക്കെ ആരുനോക്കുന്നു? അവധി കഴിയുമ്പോൾ എല്ലാവരുടെയും മുഖത്തും കയ്യിലുമൊക്കെ ചുവന്ന പാടുകൾ കാണാം,ചോന വീണ് പൊള്ളിയ പാടുകൾ..അവ ഞങ്ങൾക്ക് അടുത്ത വേനലവധി വരെ കാത്തുസൂക്ഷിക്കാൻ ഉള്ള നിധി ആയിരുന്നു.എത്ര കഴിച്ചാലും ഞങ്ങൾക്ക് മതിയാവുമായിരുന്നില്ല.അത്രക്ക് ആവേശമായിരുന്നു മാങ്ങയോട്..അതിന്നും മാറിയിട്ടില്ല

എന്നാൽ ഇന്ന് അത്ര മാത്രം മധുരം മാങ്ങകൾക്കില്ല, ഒരുപക്ഷേ ഒത്തുചേരലിന്റെ മാധുര്യമാവാം യഥാർത്ഥത്തിൽ കുറഞ്ഞുപോയത്..എല്ലാർക്കും തിരക്കാണ്.നാത്താണ്ടിയിൽ പോയി മാങ്ങകൾ പെറുക്കി കൊണ്ടുവരാൻ ഒക്കെ ആർക്കാ നേരം..കഴിഞ്ഞ വേനലവധിക്ക് അവിടെ പോയൊന്ന് നോക്കിയപ്പോൾ നിറച്ചും മാങ്ങ വീണു കിടക്കുന്നു. മണ്ണിൽ അലിഞ്ഞുചേർന്ന് ആരും കഴിക്കാൻ ഇല്ലാതെ..കണ്ണുകളിൽ നനവ് പടർന്നു.മുത്തച്ഛൻ മാവിനെ മെല്ലെയൊന്നു മുത്തി.അതൊന്നു മെല്ലെ തലയിളക്കി..നാലഞ്ച് മാങ്ങകൾ നിലത്തു വീണു..ഞാനതിലൊന്ന് എടുത്ത് വായിലിട്ടു…
“നല്ല മധുരം..അല്ലെങ്കിലും ഓർമകൾക്ക് എന്നും മധുരം തന്നെയാണല്ലോ”

Create a free website or blog at WordPress.com.

Up ↑